കണ്ണൂര്‍: ട്രെയിനിലെ ലേഡീസ് കോച്ചുകളില്‍ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റ് കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയില്‍വേ പൊലീസിന്റെ നിര്‍ദേശം. ലേഡീസ് കോച്ചുകളില്‍ യാത്ര ചെയ്യുന്ന വനിതാ യാത്രക്കാരെ ഇവര്‍ ബോധപൂര്‍വം തട്ടിയും മുട്ടിയും ശല്യം ചെയ്ത് കടന്നുപോകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.
വനിതാ കംപാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതയോടെ ഡ്യൂട്ടി ചെയ്യാന്‍ ബീറ്റ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറിഞ്ഞും അറിയാതെയും ലേഡീസ് കോച്ചില്‍ കയറുന്ന യാത്രക്കാരും ഉണ്ട്. വനിതാ യാത്രക്കാര്‍ക്ക് ആത്മധൈര്യം നല്‍കാന്‍ ട്രെയിനുകളില്‍ വനിതാ പൊലീസുകാര്‍ കുറവാണ്. സംസ്ഥാനത്തെ 13 റെയില്‍വേ പൊലീസ് സ്റ്റേഷനുകളിലായി 36 വനിതാ പൊലീസുകാര്‍ മാത്രമാണ് ഉള്ളത്. കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ നാലുപേര്‍. ആര്‍.പി.എഫിന് കാസര്‍കോട് ആരുമില്ല. കണ്ണൂരില്‍ ഏഴുപേര്‍. കണ്ണൂര്‍ ആര്‍.പി.എഫ് പരിധിയില്‍ 30 ഉദ്യോഗസ്ഥരാണുള്ളത്.
ഈ വര്‍ഷം മോഷണം ഉള്‍പ്പെടെ 910 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ക്രൈം പ്രിവെന്‍ഷന്‍ ആന്‍ഡ് ഡിറ്റെക്ഷന്‍ സ്‌ക്വാഡ് (സി.പി.ഡി.എസ്) അടക്കം ട്രെയിനുകളില്‍ നിരീക്ഷണം നടത്തുന്നത് മാത്രമാണ് ആശ്വാസം. ലേഡീസ് ബറ്റാലിയന്‍ രൂപവല്‍ക്കരിക്കാനുള്ള ആലോചന പാതിവഴിയിലാണ്. ഒറ്റയ്ക്കുള്ള യാത്രയില്‍ വനിതകളെ സഹായിക്കാന്‍ റെയില്‍വേ നടപ്പാക്കിയ മേരി സഹേലി (എന്റെ കൂട്ടുകാരി) പദ്ധതി ഇപ്പോള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.