ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ; അമേരിക്കൻ പ്രോ ലൈഫ് പ്രവർത്തകയും നാല് കൊച്ചുകുട്ടികളുടെ അമ്മയുമായ ജെസീക്കാ ഹന്ന വിടവാങ്ങി

ക്യാൻസറിനെ അനുഗ്രഹമാക്കിയവൾ; അമേരിക്കൻ പ്രോ ലൈഫ് പ്രവർത്തകയും നാല് കൊച്ചുകുട്ടികളുടെ അമ്മയുമായ ജെസീക്കാ ഹന്ന വിടവാങ്ങി

വാഷിം​ഗ്ടൺ ഡിസി: “ഏപ്രിൽ ആറ് ശനിയാഴ്ച രാത്രി 8.02 ന് എന്റെ സുന്ദരിയായ ഭാര്യ ജെസിക്കാ ഹന്ന അവളുടെ നിത്യ സമ്മാനം വാങ്ങിക്കാനായി സമാധാനത്തോടെ യാത്രയായി.“ അമേരിക്കൻ പ്രോ ലൈഫ് പ്രവർത്തകയും നാല് കുട്ടികളുടെ അമ്മയുമായ ജെസീക്കാ ഹന്ന മരണമടഞ്ഞപ്പോൾ ഭർത്താവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വരികളാണിവ.

അവൾ പാപമോചനവും രോഗീലേപനവും ഫാദർ കാനൻ ഷാർപ്പിൽ നിന്ന് സ്വീകരിച്ചിരുന്നു. ശനിയാഴ്ച വളരെ ശാന്തയായി കാണപ്പെട്ടു. സ്നേഹമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് അവൾ യാത്രയായത്. കാൻസർ വളരെ അപകടകാരിയായിരുന്നുവെങ്കിലും അവൾ സന്തോഷത്തോടെ ഭയമില്ലാതെ അവസാന ദിനങ്ങളിൽ സഹിച്ചു. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളുടെ കുടുബത്തെ കൂടി ഓർക്കണേയെന്നും ഭർത്താവ് കുറിച്ചു.

ദൈവ കരുണയുടെ തിരുനാളിന് തലേന്ന് ശനിയാഴ്ചയാണ് കാൻസറുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷം ദൈവസന്നിധിയിലേക്ക് അവൾ യാത്രയായത്. വിശുദ്ധിയോടും തീക്ഷ്ണതയോടും കൂടി കത്തോലിക്കാ വിശ്വാസം ജീവിച്ച ജെസിക്കാ ഹന്ന ക്യാൻസർ എന്ന രോഗത്തെ അനുഗ്രഹമായാണ് സ്വീകരിച്ചത്. കാൻസറിനെ കർത്താവിലുള്ള സ്നേഹത്തോടും പ്രത്യാശയോടും കൂടി അഭിമുഖീകരിച്ചു. മരണക്കിടക്കയിലും സധൈര്യം വചനം പ്രസംഗിച്ചു. നിത്യതയിലേക്കുള്ള യാത്രയിൽ ആയിരക്കണക്കിന് ആളുകളെ അവൾ തന്റെ വിശ്വാസം കൊണ്ട് പ്രചോദിപ്പിച്ചു.

വിശുദ്ധ കുർബാനയെ ഔഷധമായി കണ്ടിരുന്ന ജെസിക്കായുടെ ഇൻസ്റ്റാഗ്രാം പേജ് blessed_by_cancer എന്നായിരുന്നു. “കർത്താവാണ് നിന്റെ മുൻപിൽ പോകുന്നത്‌. അവിടുന്ന് നിന്നോടു കൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ ഭഗ്‌നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല, ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.”എന്ന നിയമാവർത്തന പുസ്തകം മുപ്പത്തിയൊന്നാം അധ്യായം എട്ടാം തിരുവചനമായിരുന്നു ഇൻസ്റ്റാ​ഗ്രാമിൽ ആമുഖമായി ജെസീക്ക കൊടുത്തിരുന്നത്. കഷ്ടപ്പാടുകൾക്കിടയിലും സന്തോഷത്തിന്റെയും ആർദ്രതയുടെയും സന്ദേശങ്ങളാൽ നിറഞ്ഞിരിന്ന അവളുടെ ജീവിതവും മാതൃകയും ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഒരു വഴികാട്ടിയായിരുന്നു.

2020 ൽ നാലാമത്തെ കുഞ്ഞ് ഉദരത്തിലായിരിക്കുമ്പോഴായിരുന്നു ജെസീക്കയിൽ സ്തനാർബുദം കണ്ടെത്തിയത്. ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും കുഞ്ഞിന് വേണ്ടി അവൾ ഉറച്ച് നിന്നു. വാഴ്ത്തപ്പെട്ട സോളാനസ് കേസി എന്ന പുണ്യാത്മാവിന്റെ സ്മരണക്കായി തോമസ് സോളാനസ് എന്ന് പേരിട്ട മകന്റെ ജനനത്തെ ത്തുടർന്ന് നടത്തിയ സ്കാനിങ്ങിൽ ക്യാൻസറിൽ നിന്ന് മുക്തയാണെന്ന് കണ്ടെത്തി.

പക്ഷേ നിർഭാഗ്യവശാൽ കുറച്ച് മാസങ്ങൾക്ക് ശേഷം രോഗം തിരിച്ചെത്തി. ദൈവത്തിന് സമർപ്പിക്കുന്നു. കീമോയ്‌ക്കായി എന്റെ തല മൊട്ടയടിക്കുന്നു- കർത്താവ് നൽകുകയും തിരികെ എടുക്കുകയും ചെയ്യുന്നു. കർത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെയെന്നാണാണ് കീമോ ചെയ്യുന്ന സമയത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.