ഭരണ പ്രതിസന്ധി രൂക്ഷം; ജയിലില്‍ ഇരുന്ന് ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജരിവാള്‍

ഭരണ പ്രതിസന്ധി രൂക്ഷം; ജയിലില്‍ ഇരുന്ന് ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനൊരുങ്ങി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഫയലുകള്‍ തയ്യാറാക്കാന്‍ കോടതിയുടെ അനുമതി തേടാനൊരുങ്ങി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

കോടതി ഇടപെടലിലൂടെ ഫയലുകള്‍ ജയിലില്‍ നിന്ന് അയക്കാനാണ് ശ്രമം. കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിലും തിഹാറില്‍ ജയിലില്‍ നിന്ന് ഫയലുകള്‍ നോക്കാന്‍ കെജരിവാളിന് അനുമതിയില്ല. ഇതിനിടെയാണ് പുതിയ നീക്കം.

സാമൂഹികനീതി വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് ഇന്നലെ രാജി വെച്ചത് ലെഫ്റ്റനന്റ് ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനായില്ല. കെജരിവാള്‍ ജയിലില്‍ തുടരുന്നതിനാല്‍ വകുപ്പുകള്‍ ഇനി ആര്‍ക്ക് നല്‍കുമെന്നതും സംബന്ധിച്ചും വിവരങ്ങള്‍ അറിയിച്ചിട്ടില്ല.

അതേസമയം കെജരിവാളിനെ ജയിലില്‍ കാണാന്‍ അനുമതിയുണ്ടായിരുന്ന പ്രൈവറ്റ് സെക്രട്ടറി വൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം നീക്കം ചെയ്തതും എഎപിയില്‍ പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്.

നിയമനം ചട്ടവിരുദ്ധം എന്ന് ചൂണ്ടികാട്ടിയാണ് വൈഭവ് കുമാറിനെ വിജിലന്‍സ് വിഭാഗം നീക്കം ചെയ്തത്. കെജരിവാളിന് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും അനകൂല വിധി ലഭിക്കാത്തത് പാര്‍ട്ടിക്കകത്തും അസ്വസ്ഥത വര്‍ധിപ്പിക്കുകയാണ്. മാര്‍ച്ച് 21 ന് അരവിന്ദ് കെജരിവാള്‍ അറസ്റ്റിലായതിന് ശേഷമുള്ള സമരങ്ങളില്‍ നിന്ന് ഭൂരിപക്ഷം എംപിമാരും വിട്ടു നില്‍ക്കുകയാണ്.

അടുത്തിടെ ജയില്‍ മോചിതനായ സഞ്ജയ് സിങ്, സന്ദീപ് പാഠക്, എന്‍ഡി ഗുപ്ത എന്നിവര്‍ മാത്രമാണ് സമരങ്ങളിലുള്ളത്. പഞ്ചാബിലെ എംപിമാരായ ഹര്‍ഭജന്‍ സിങ്, അശോക് കുമാര്‍ മിത്തല്‍, സഞ്ജീവ് അറോറ, ബല്‍ബീര്‍ സിങ്, വിക്രംജിത്ത് സിങ് എന്നിവര്‍ സമരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.

മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തിഹാര്‍ ജയിലിലായി പത്ത് ദിവസമാകുമ്പോള്‍ ദില്ലിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാവുകയാണ്. പതിനഞ്ച് ദിവസത്തേക്കാണ് കെജരിവാളിനെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഭരണ പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ എത്രയും വേഗം ഈ പ്രശ്‌നത്തിന് പരിഹാരം കാണാമെന്നാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.