പെര്‍ത്ത്: ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം തുടങ്ങിയതോടെ ഓസ്ട്രേലിയയിൽ നിന്നുള്ള വിമാന സർവീസുകളുടെ വ്യോമപാത പുനക്രമീകരിച്ച് വിമാനക്കമ്പനിയായ ക്വാണ്ടസ്.
പെര്‍ത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസിന്റെ വ്യോമപാതയിലാണ് ക്വാണ്ടസ് മാറ്റം വരുത്തിയത്.
സംഘര്‍ഷ മേഖലയായ ഇറാന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കാനാണ് ഈ തീരുമാനം. പകരം പരിഷ്‌കരിച്ച പുതിയ റൂട്ടിലൂടെ താല്‍ക്കാലികമായി സര്‍വീസ് നടത്തും.
ക്വാണ്ടസ് എയര്‍ലൈനിന്റെ പെര്‍ത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റുകള്‍ സിംഗപ്പൂരില്‍ വഴി പ്രവര്‍ത്തിക്കുമെന്ന് ക്വാണ്ടസ് വക്താവ് അറിയിച്ചു. ഇന്ധനം നിറയ്ക്കാനായി സിംഗപ്പൂരില്‍ ഒരു സ്റ്റോപ്പും ഉള്‍പ്പെടുത്തും.
പെര്‍ത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള നോണ്‍-സ്റ്റോപ്പ് സര്‍വീസിന്റെ യാത്രാസമയം ഏകദേശം പതിനേഴര മണിക്കൂറാണ്. ബോയിംഗ് 787-9 ഡ്രീംലൈനര്‍ വിമാനം ഇറാന്റെ വ്യോമാതിര്‍ത്തിയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായതിനാല്‍ പെര്‍ത്തില്‍ നിന്നുള്ള നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് പരിഷ്‌കരിച്ച റൂട്ടിലൂടെ സര്‍വീസ് നടത്തുമെന്ന് ക്വാണ്ടാസ് വക്താവ് സ്ഥിരീകരിച്ചു. ബുക്കിംഗില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ യാത്രക്കാരെ നേരിട്ട് ബന്ധപ്പെടുമെന്നും വക്താവ് പറഞ്ഞു.
ലണ്ടനില്‍ നിന്ന് പെര്‍ത്തിലേക്കുള്ള മടക്കയാത്ര ബദല്‍ പാതയിലൂടെ നോണ്‍-സ്റ്റോപ്പ് സര്‍വീസായി തന്നെ തുടരും. ബദല്‍ വ്യോമ പാതകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ മുടക്കമില്ലാതെ തുടരുമെന്ന് കമ്പനി അറിയിച്ചു.
വ്യത്യസ്ത പാതയിലൂടെ സഞ്ചരിക്കുന്നതിനാല്‍, ക്വാണ്ടസിന്റെ ഓസ്‌ട്രേലിയയില്‍ നിന്നു ലണ്ടനിലേക്കും തിരിച്ചുമുള്ള ക്യൂഎഫ്1, ക്യൂഎഫ്2 ഫ്‌ളൈറ്റുകള്‍ക്ക് മാറ്റമുണ്ടാകില്ല.
കഴിഞ്ഞ ദിവസമാണ് ഇറാന്‍ ഏത് നിമിഷവും ഇസ്രയേലിനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് വന്നത്. ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായത്. ഇറാനിലേക്കും ഇസ്രയേലിലേക്കും ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.