ലഹരിയെ തോൽപിച്ച സഞ്ജയ് ദത്തിന്റെ കുടുംബ പോരാട്ടം

ലഹരിയെ തോൽപിച്ച സഞ്ജയ് ദത്തിന്റെ കുടുംബ പോരാട്ടം

(അടിമക്കാഴ്ചയും വിടുതൽ വഴികളും - 3)

ബോളിവുഡിന്റെ ഹരമായിരുന്ന മസിൽമാൻ സഞ്ജയ് ദത്തിന്റെ യൗവനം ലഹരിയുടെ പിടിയിൽ അമര്‍ന്നപ്പോൾ സമ്പന്നമായ ആ പഞ്ചാബി കുടുംബം ഒന്നാകെ പരിഭ്രമിച്ചു. എൽഎസ്ഡി എന്ന മയക്കു മരുന്നിന്റെ മായക്കാഴ്ചകളിൽ സ്വന്തം പിതാവ് ഒരു മെഴുകു പ്രതിമയായി ഒഴുകുന്നതായി കണ്ടു കൂട്ടിച്ചേർക്കാൻ ശ്രമിച്ചതായിരുന്നു സഞ്ജയ്. മകന്റെ വിക്രിയ കണ്ട അച്ഛൻ പരിഭ്രാന്തനായി. സുബോധം വന്നപ്പോൾ 'അച്ഛാ, എന്നെ സഹായിക്കൂ', എന്ന് പറഞ്ഞു അയാൾ പൊട്ടിക്കരഞ്ഞു. സമ്പന്നമായ കുടുംബത്തിന് വഴിതെറ്റിയ പുത്രനെ സൗത്ത് മയാമിയിലുള്ള ചികിത്സാലയത്തിൽ എത്തിക്കാൻ കഴിഞ്ഞു.

ഒരു കുടുംബം മുഴുവൻ സഞ്ജയുടെ കൂടെ നിന്ന സമയമായിരുന്നു അത്. ഒരിക്കൽ സഞ്ജയ് മായക്കാഴ്ചയുടെ പിടിയിലായിരുന്നപ്പോഴാണ് സഹോദരി പ്രിയ അതുവഴി വന്നത്. പ്രിയയെ നോക്കിയപ്പോൾ ഒരു ഗൂർഖ ആണ് സഞ്ജയെന്ന്ന് തോന്നിയത്രേ. "ഗൂർഖ ഒരു ബീഡി തരൂ" എന്ന് പറഞ്ഞപ്പോൾ "ബീഡിയില്ല സാഹിബ്" എന്ന് മറുപടി പറഞ്ഞ കഥപറഞ്ഞു അവൾ പിന്നീട് പൊട്ടിച്ചിരിക്കുമായിരുന്നു. സഞ്ജയുടെ ലഹരിവിരുദ്ധ പോരാട്ട നാളുകളിൽ അദ്ദേഹത്തിന്റെ സഹോദരിമാർ മാറി മാറി കാവൽ നിൽക്കുമായിരുന്നുവെന്നും സഞ്ജയ് തന്നെ പറഞ്ഞിട്ടുണ്ട്.

ആ ചികിത്സാ നാളുകളിൽ സഞ്ജയ് ഒരു പ്രതിജ്ഞയെടുത്തു. ഞാൻ ഇനി ഒരിക്കലും ലഹരിയിൽ ഉന്മത്തനാകില്ല. പകരം എന്റെ കുടുംബമായിരിക്കും എനിക്കിനി ലഹരി. ഞാനിനി എന്റെ ജോലിയിൽ ഉന്മത്തനാകും, എന്റെ ജീവിതത്തിൽ ഉന്മത്തനാകും. (ഐ വില്‍ ബി ഹൈ ഓണ്‍ ഫാമിലി, ഐ വില്‍ ബി ഹൈ ഓണ്‍ ലൈഫ്, ഐ വില്‍ ബി ഹൈ ഓണ്‍ വര്‍ക്ക്, ബട്ട്‌ നെവെര്‍ ഓണ്‍ ഡ്രഗ്സ്..!)

ഇനിപ്പറയുന്നതു മറ്റൊരു വിജയഗാഥയാണ്. കാലിഫോർണിയയിലെ കുടുംബ കൗൺസിലറും ലഹരിവിരുദ്ധ പ്രവർത്തകയുമായ പട്രീഷ്യ ഹൊവാഡ് ആണ് സാമിന്റെ പോരാട്ടകഥ വെളിപ്പെടുത്തിയത്. “പതിനാലാമത്തെ വയസ്സിലായിരുന്നു സാം ലഹരിക്ക് അടിമപ്പെട്ടത്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു അനുജൻ. പക്ഷെ എന്തുചെയ്യാൻ. തെരുവിലെ കൂട്ടുകെട്ടുകൾ അവനെ ദുശീലത്തിന്റെ പിടിയിലാക്കി. ഒരു ദിവസം മദ്യം മോഷ്ടിച്ച് ഒരു കടയിൽ നിന്ന് പുറത്തേക്കു കടക്കുമ്പോൾ കടക്കാരുടെ ശ്രദ്ധയിൽ പെട്ടു. പിന്നാലെ ഓടുന്ന ആജാനുബാഹുക്കളുടെ കയ്യിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ സൈക്കിളിൽ വസ്ത്രം കുരുങ്ങി നിലത്തേക്ക് വീണു. കുപ്പികൾ പൊട്ടിത്തെറിച്ചു. ഫോൺ ആകാശത്തേക്ക് ഉയർന്നു. മുറിവേറ്റെങ്കിലും വീണ്ടും അവിടുന്ന് എഴുന്നേറ്റോടി വീട്ടിലെത്തുമ്പോൾ, സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും അവിടെയുണ്ട്. പരിഭ്രമം മറച്ചുവച്ചു മുറിയിലേക്ക് നടന്നു. പിന്നാലെ വീട്ടിലെ എല്ലാവരും മുറിയിലെത്തി. ഓട്ടപ്പാച്ചിലിനിടയിൽ തെറിച്ചുപോയ ഫോൺ എടുക്കാൻ ശ്രദ്ധിച്ചിരുന്നില്ല. പുറകെ ഓടിയ തടിയന്മാർ അതെടുത്തു നേരെ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. എല്ലാം അറിഞ്ഞുകൊണ്ടാണ് വീട്ടുകാരുടെ വരവ് . പക്ഷെ സ്നേഹ സമ്പന്നമായ കുടുംബത്തിന്റെ ഇടപെടലിൽ സാം കരകയറി”.

ലഹരിവിരുദ്ധ പോരാട്ടങ്ങളുടെ നൂറു വിജയ കഥകൾ എടുത്തുകൊള്ളൂ. അതിൽ ഏറിയ പങ്കും സ്നേഹമുള്ള കുടുംബത്തിന്റെയും കരുതലുള്ള സമൂഹത്തിന്റെയും ഇടപെടലിലൂടെയുള്ള ഒരു തിരിച്ചുവരവിന്റെ കഥയായിരിക്കും . കഴിഞ്ഞ ആഴ്ചയിൽ നമ്മൾ പറഞ്ഞതുപോലെ ആർക്കായാലും ലഹരിയിലേക്കു പോകാതിരിക്കാൻ, അല്ലെങ്കിൽ ലഹരിയിൽ നിന്ന് തിരിച്ചു വരാൻ, ഒരു കാരണം വേണം. ആ കാരണമാകാനുള്ള സാധ്യതാ ലിസ്റ്റിൽ ഏറ്റവും മുൻപിൽ കുടുംബം തന്നെയാണ്.

ഒരാൾ ലഹരി ഉപയോഗിക്കുന്നില്ലെങ്കിൽ വളരെ നല്ലതാണ്; പക്ഷെ അയാൾക്ക് ജീവിതത്തിൽ ഒരു ലഹരിയുമില്ലെങ്കിൽ സൂക്ഷിച്ചു കൊള്ളണം. കാരണം അയാളുടെ ഉള്ളിൽ ഒരു ശൂന്യത ആർക്കും വെളിപ്പെടാതെ കിടപ്പുണ്ട്. ഒരു കുഞ്ഞിന്റെ ഉള്ളിലെ ലഹരിയെന്താണെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉന്മത്തരെപ്പോലെയല്ലേ കുഞ്ഞുങ്ങൾ പെരുമാറുന്നത് ? എന്താണ് കുഞ്ഞിന്റെ ലഹരി ? സ്വന്തം “അമ്മ” തന്നെ. അമ്മയെ കണ്ടാൽ ശാന്തനാകുന്നതും അമ്മയില്ലാത്തപ്പോൾ പരിഭ്രാന്തനാകുന്നതും, ലഹരിബാധിച്ചവർ തോറ്റുപോകുന്ന പ്രകടനം കാഴ്ചവക്കുന്നതും ഒന്ന് ചിന്തിച്ചു നോക്കൂ. അമ്മ കഴിഞ്ഞാൽ കുഞ്ഞിന്റെ ലഹരി വീട്ടുകാരാണ്, വീടാണ്. "അമ്മേ വീട്ടിൽ പോകാം” എന്ന് പറയുന്ന കുഞ്ഞുങ്ങളെ ഓർത്തു നോക്കൂ. അമ്മയിൽ നിന്നും വീട്ടിൽ നിന്നും കുഞ്ഞിനെ സമൂഹം തട്ടിയെടുക്കുന്നതോടെയാണ് അവന്റെ വിധി നിർണയിക്കപ്പെടുന്നത്.

അമ്മയിൽ നിന്നും വീട്ടിൽ നിന്നും പുറത്തിറങ്ങി ലോകത്തിൽ പിച്ചവെക്കേണ്ടത്, ഒരു മനുഷ്യ ജീവിതത്തിലെ നിർബന്ധിത നിയോഗമാണ്. വീടുമായുള്ള ബന്ധം അഴിയാതെ ലോകത്തിൽ ചുറ്റിവരാൻ കുഞ്ഞിനെ പരിശീലിപ്പിക്കുന്നതിൽ മാതാപിതാക്കൾ പരിശീലനം വേണം. ചെറുപ്പത്തിലേ തന്നെ കുഞ്ഞുങ്ങൾക്ക് ആത്മീയത ഒരു ലഹരിയാക്കുന്നതിൽ ചില അമ്മമാർ വിജയിക്കാറുണ്ട്. ഒരു മതേതര ലോകത്തു ജീവിക്കാൻ പര്യാപ്തമായ സാമൂഹ്യ മൂല്യങ്ങളുള്ള ആത്മീയത പരിശീലിക്കുന്ന കുഞ്ഞുങ്ങൾ സമൂഹത്തിൽ അത്ഭുതകരമായ നന്മവിതക്കുന്നവരായി തീരുകയാണ് ചെയ്യുക. വീട്ടിലൊരു ലൈബ്രറി, വീട്ടിലൊരു കളിയിടം, കുടുംബങ്ങളുടെ ഒത്തു ചേരൽ തുടങ്ങി കുടുംബത്തിലെ മറ്റു കുട്ടികളോടൊപ്പം ചെറുപ്പത്തിന്റെ ഹരമായ വിനോദയാത്രകളും മറ്റും നടത്താൻ മാതാപിതാക്കൾ തന്നെ അവസരം ഒരുക്കിയാൽ കുടുംബ-കേന്ദ്രീകൃതമായ ഒരു വ്യക്തിത്വം കുട്ടിയിൽ രൂപപ്പെടും.

എത്ര സമ്പന്നരായാലും സെലിബ്രിറ്റി ആയാൽ പോലും ആഴമായ കുടുംബ ബന്ധങ്ങൾ പടുത്തുയർത്തുന്നതിൽ പഞ്ചാബികൾ ഒട്ടു മിക്കവാറും വിജയിച്ചു. ഇംഗ്ലണ്ടിലോ അമേരിക്കയിലോ പോയാലും ബന്ധങ്ങൾ വിട്ടുപോകാതിരിക്കാൻ അവർ നടത്തുന്ന പരിശ്രമം ലോക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഒരുപക്ഷെ ആ സംസ്കാരത്തിന്റെ സ്വാധീനമാകണം ജീവിതത്തിലേക്ക് തിരിച്ചു വരാൻ സഞ്ജയ് ദത്തിനെ സഹായിച്ചത്.

കുടുംബത്തിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കുന്ന സമൂഹത്തിൽ അവനെ കരുതുന്ന ഒരു കുടുംബാന്തരീക്ഷം കാത്തിരിക്കുന്നുണ്ടെങ്കിലോ ? അതിൽ വിജയിക്കുന്ന നിരവധി സമൂഹങ്ങൾ ഇന്നും ലോകത്തിലുണ്ടെന്നത് പ്രത്യാശക്കു വക നൽകുന്നു. നമുക്ക് ചുറ്റും അത്തരമൊരു സമൂഹത്തെ പടുത്തുയർത്തുവാൻ നമ്മൾ വിജയിച്ചാൽ രക്ഷപെട്ടു. അതുകൊണ്ടാണ് ലഹരിയിൽ നിന്ന് വിടുവിക്കാൻ ഒറ്റപ്പെട്ട ശില്പശാലകളല്ല ദീർഘവീക്ഷണമുള്ള ക്രിയാത്മകമായ കർമ്മ പദ്ധതികളാണ് വേണ്ടത് എന്ന് ഈ പരമ്പരയിൽ ഉടനീളം ആവർത്തിച്ചു പറയുന്നത്. ഒരു ചെറിയ ഫുട്ബോൾ ക്ലബിന് പോലും നാട്ടിന്റെ സംസ്കാരം മാറ്റാൻ പറ്റുമെന്ന് നിരവധി തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ എന്തെല്ലാം. നമുക്കതൊക്കെ വഴിയേ കാണാം. ഇത്തരം വിജയ കഥകൾ നിങ്ങൾക്കുണ്ടെങ്കിൽ ഞങ്ങളെ [email protected] എന്ന ഈമെയിലില്‍ അറിയിക്കൂ.

തങ്ങളുടെ കുടുംബത്തിൽ നിന്ന് ലഹരിയെ അകറ്റി നിർത്താൻ പരിശ്രമിക്കുന്ന മാതാപിതാക്കൾക്ക്, യുവജന പ്രവർത്തകർക്ക് എന്നുവേണ്ട സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ തങ്ങളെ കാത്തിരിക്കുന്ന കെണികളെക്കുറിച്ചും രക്ഷപെടലിന്റെ സാധ്യതകളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്ന യുവജങ്ങൾക്കും ഒക്കെ വെളിച്ചം എത്താനുള്ള ശ്രമമാണ് ഈ ലേഖനപരമ്പര. മനഃശാസ്ത്രജ്ഞർ, യുവജന പ്രവർത്തകർ, അധ്യാപകർ എന്നിവർ മാറി മാറി എഴുതുന്ന ഈ ലേഖന പരമ്പര തുടരും.  

ജോസഫ് ദാസൻ 


"അടിമക്കാഴ്ചയും വിടുതൽ വഴികളും - 2" വായിക്കുവാനായി ഇവിടെ അമർത്തുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.