പ്രഥമ വനിത നോ പറഞ്ഞു ; അമേരിക്ക ഇളകി മറിഞ്ഞു

പ്രഥമ വനിത നോ പറഞ്ഞു ; അമേരിക്ക ഇളകി മറിഞ്ഞു

അടിമക്കാഴ്ചയും വിടുതൽ വഴികളും - 2

1982 ലാണ് സംഭവം. അമേരിക്കയുടെ അന്നത്തെ പ്രഥമ വനിത നാൻസി റീഗനോട് ഒരു സ്കൂൾ കുട്ടിയാണ് ആ ചോദ്യം ചോദിച്ചത്. "ആരെങ്കിലും എനിക്ക് മയക്കു മരുന്ന് വച്ച് നീട്ടിയാൽ ഞാൻ എന്ത് ചെയ്യണം" ? ഒട്ടും ആലോചിക്കാതെ പ്രഥമ വനിതയുടെ മറുപടി വന്നു , "വേണ്ട എന്ന് പറയണം!" (just say no). പക്ഷെ ഈ ഉത്തരം പത്രങ്ങൾ റിപ്പോർട്ട് ചെയ്തതോടെ കഥ മാറി. അമേരിക്കയിലെ ലഹരിവിരുദ്ധപ്രവർത്തനങ്ങളെ ശതഗുണീഭവിപ്പിച്ച ആഹ്വാനമായി അത് മാറുകയായിരുന്നു. 

ലോസ് ആൻജെലസിലെ പോലീസ് 1983 ആരംഭിച്ച ഒരു പ്രൊജക്റ്റ് ആയിരുന്നു D . A . R . E (Drug Abuse Resistance Education ) . ലഹരിയോട് 'നോ' പറയാനുള്ള പരിശീലനം ഇളം തലമുറയ്ക്ക് നൽകാനാണ് പോലീസ് പരിശ്രമിച്ചത്. അനേക മണിക്കൂറുകൾ അവരോടൊപ്പം ചിലവഴിച്ചു മാസങ്ങൾ കഠിന പ്രയത്നം നടത്താൻ പോലീസ് തയ്യാറായി. എന്നാൽ അമേരിക്കയിലെ സാമൂഹിക ചുറ്റുപാടുകൾ ഈ പദ്ധതിയെ അതിന്റെ പൂർണ വിജയത്തിൽ എത്താൻ സഹായിച്ചില്ല.

കേരളത്തിലും ഗവണ്മെന്റും പോലീസും ഒന്നുത്സാഹിച്ചാൽ എന്ത് സംഭവിക്കുമെന്ന് ചോദിച്ചപ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഞെട്ടിപ്പിക്കുന്ന ഒരു അനുഭവം പങ്കു വച്ചു. പോലീസായി ജോലി കിട്ടിയപ്പോൾ സമൂഹത്തിനുവേണ്ടി പല നന്മകളും ചെയ്യാനാകുമെന്ന ആവേശമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ നിറയെ. ഒരു ഉയര്ന്ന ഉദ്യോഗസ്ഥന്റെ കൂടെ നിയമനം കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചു. തനിക്ക് അറിയാവുന്ന പ്രദേശത്തെ ലഹരി വിതരണക്കാരെക്കുറിച്ചു മേലുദ്യോഗസ്ഥനെ അറിയിക്കുന്നതാകട്ടെ തന്റെ പ്രഥമ ദൗത്യം എന്നും അദ്ദേഹം തീരുമാനിച്ചു. എന്നാൽ കാര്യം മേലുദ്യോഗസ്ഥനോട് പറഞ്ഞപ്പോൾ പുത്രസഹജമായ വാത്സല്യത്തോടും ഭീതി ഒളിപ്പിച്ചു വച്ച കണ്ണുകളോടും അദ്ദേഹം ഒരു ചോദ്യം ചോദിച്ചു. "നീയാണ് ഈ വിവരങ്ങൾ നൽകിയതെന്ന് അവർ അറിയില്ല എന്ന് നിനക്ക് ഉറപ്പാണോ ? ". ആ ചോദ്യത്തിൽ പലതും അടങ്ങിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ ചെറുപ്പക്കാരന്റെ സാമൂഹ്യ സേവന ത്വര അതോടെ കെട്ടടങ്ങി.

കെട്ടപ്പെട്ട കൈകളുമായി നൃത്തം ചവിട്ടുന്നവന്റെ ഗതികേടാണ് പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥരുടേതെന്നറിയുമ്പോൾ ആ വഴിപോയി ചെരുപ്പ് തേയാതെ നോക്കുന്നതാണ് ബുദ്ധി എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ടെന്നു ചില സാമൂഹ്യ പ്രവർത്തകർ പങ്കുവച്ചു. എങ്കിലും നാം ഒന്ന് ചിന്തിച്ചു നോക്കൂ.ബ്രിട്ടീഷുകാരന്റെ കൊടും ക്രൂരതകളോടും നാടുവാഴികളുടെ തേർവാഴ്ചയോടും പോരാടിയ ചരിത്രം നൽകുന്ന ആവേശം നമ്മുടെ ശരീര കോശങ്ങളിൽ ഇപ്പോഴും തിളച്ചു മറിയുന്നില്ലേ ? യുവതലമുറയെ മയക്കിക്കിടത്താനുള്ള നമ്മുടെ ശത്രുരാജ്യങ്ങളുടെ ആവശ്യം, തീവ്രവാദത്തിനു പണം സ്വരൂപിക്കാനുള്ള മാർഗമായി പരിണമിക്കുകകൂടി ചെയ്യുമ്പോൾ, അതിനെതിരെ ഉണർന്നുവരേണ്ടതു ചരിത്രം പകരുന്ന ഈ ആവേശമാണ്.

രാഷ്ട്രീയതലത്തിൽ സർക്കാരിന്റെമേൽ കേരളം സമൂഹം ഒന്നടങ്കം സമ്മർദ്ദം ചെലുത്തണം. അതിലുപരി സ്‌കൂൾവിദ്യാർത്ഥികൾ തൊട്ടു ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കണം. D . A . R . E പ്രൊജക്റ്റ് ചില തിരിച്ചടികൾ നേരിടാൻ കാരണം സമഗ്രമായ ഒരു പദ്ധതി എന്നതിനേക്കാൾ ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്ന ക്ലാസുകൾ മാത്രമായി അത് മാറി എന്നതാണ്.

ഇവിടെയാണ് നമ്മൾ മുൻപ് ചർച്ച ചെയ്ത ഐസ് ലാൻഡിന്റെ വിജയം. കാരണത്തിന്റെ കാരണത്തെ തടയാനുള്ള അവരുടെ പരിശ്രമമാണ് കൂടുതൽ ഫലപ്രദമായത്. സാമൂഹ്യ നിയന്ത്രണ സിദ്ധാന്തം(social control theory ) കുറ്റവാസന രൂപപ്പെടുന്നത് തടയാൻ മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാന നിർദ്ദേശം ഊഷ്മളവും ആരോഗ്യകരവുമായ സാമൂഹ്യ ബന്ധങ്ങൾ വളർത്തുക എന്നതാണ്. പഠനമുറിയുടെ അകത്തളങ്ങളിൽ കുട്ടികളെ തളച്ചിടുമ്പോൾ നമ്മൾ അവർക്കു നഷ്ടമാക്കുന്നത് തങ്ങളെത്തന്നെ സ്നേഹം കൊണ്ട് ബന്ധിക്കുവാൻ സമൂഹത്തെ അനുവദിക്കാനുള്ള പരിശീലനമാണ്. ഇഷ്ടപ്പെട്ടവരുടെ സ്നേഹ സാന്നിധ്യം ഒരു ലഹരിയായി മാറുന്ന, വിനോദങ്ങൾകൊണ്ട് ആനന്ദ തൃഷ്ണയെ ശമിപ്പിക്കുന്ന ഒരു ചുറ്റുപാട് നാം മനഃപൂർവം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.

ലഹരിയെ വേണ്ടെന്നു വയ്ക്കാൻ, ലഹരിയിലേക്കു നയിക്കുന്ന ബന്ധങ്ങൾ വേണ്ടെന്നു വയ്ക്കാൻ ഒരു വ്യക്തിക്ക് ചില കാരണങ്ങൾ ഉണ്ടാകണം. ആ കാരണങ്ങൾ തനിയെ ഉണ്ടാകുന്നില്ലെങ്കിൽ നമ്മൾ ഉണ്ടാക്കണം. ഒരു നാട്ടിലെ സുസമ്മതനായ ഒരു യുവ നേതാവ് ലഹരിക്ക്‌ അടിമപ്പെടാനുള്ള സാധ്യത തുലോം കുറവാണ്. അതിനെന്താണ് കാരണം ? അത് തന്നെയാണ് നമ്മുടെ ഉത്തരം. ഓരോ ചെറുപ്പക്കാരനെയും നന്മയിൽ തളച്ചിടാൻ സമാനമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ നമ്മൾ വിജയിച്ചു. പക്ഷെ അതിനു ഘട്ടം ഘട്ടമായ നടപടികൾ ആവശ്യമുണ്ട്. അത് ചെയ്തു തുടങ്ങാൻ ആർക്കു സാധിക്കും ?

സർക്കാരിനെക്കൊണ്ട് ചെയ്യിക്കാം.പക്ഷെ മേൽ വിവരിച്ച ചില ഇരുണ്ട യാഥാർഥ്യങ്ങൾ ഒരു മൂന്നാം ലോക രാജ്യത്തിൻറെ മേൽത്തട്ടുകളിൽ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ഭരണയന്ത്രത്തിന്റെ ശുദ്ധീകരണവും ലഹരിവിരുദ്ധ പോരാട്ടവും ഒരു കൂട്ടർ തന്നെ നടത്തേണ്ട കാര്യമല്ല. എന്നാൽ സർക്കാർ വരാൻ നാം കാത്തിരിക്കണമെന്നില്ല. സാമൂഹ്യ സംഘടനകൾക്കും മത സംവിധാനങ്ങൾക്കും കുടുംബ കൂട്ടായ്മകൾക്കും ഇത് ചെയ്തു തുടങ്ങാവുന്നതേയുള്ളൂ. വെറുതെയൊരു സെമിനാറും നടത്തി ചായയും കുടിച്ചു അവസാനിപ്പിക്കാനുള്ള പ്രവണതയായി അത് മാറാതിരിക്കണം. ഒരു കർമ്മ പദ്ധതിയിലൂടെ മാത്രമേ ഇതിനൊരു പരിഹാരമുള്ളൂ. കഴിഞ്ഞ ലേഖനം വായിച്ച ഒരു മത സംഘടനയുടെ നേതാവ് ഞങ്ങളുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന് ഇത്തരം ഒരു പ്രൊജക്റ്റ് തന്റെ നാട്ടിൽ നടപ്പിലാക്കണം. എത്രയോ ആശാവഹമായ ഒരു നടപടി. വാക്കുകൾക്ക് ദേശങ്ങളെ ചലിപ്പിക്കാനാകുമെന്നത് നാം ഇന്നും ഇന്നലെയും അറിഞ്ഞതല്ലല്ലോ ?

[മനഃശാസ്ത്രജ്ഞർ, യുവജന പ്രവർത്തകർ, അധ്യാപകർ തുടങ്ങി യുവജനങ്ങളുമായി നേരിട്ട് ഇടപഴകുന്നവർ നിങ്ങൾക്കായി എഴുതുന്ന ഈ ലേഖന പരമ്പര തുടരും ]

ജോസഫ് ദാസൻ 

മദ്യത്തിൽ മുങ്ങിയ കേരളത്തെ രക്ഷിക്കാൻ ഐസ് ലാൻഡ് മോഡൽ ? - പരമ്പര അടിമക്കാഴ്ചയും വിടുതൽ വഴികളും - 1


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.