അടിമക്കാഴ്ചയും വിടുതൽ വഴികളും - 1
1998 ൽ 15 ഉം പതിനാറും വയസുള്ള ചെറുപ്പക്കാരിൽ 42 ശതമാനത്തിലധികം പേരും മദ്യത്തിനടിമപ്പെട്ടിരുന്ന രാജ്യം. അതായിരുന്നു ഐസ് ലാൻഡിന്റെ അവസ്ഥ. ധിഷണാശാലികളായ ഭരണാധികാരികൾ അന്നൊരു പ്രതിജ്ഞയെടുത്തു. ഈ അവസ്ഥ മാറണം. ഇരുപതുവര്ഷം കൊണ്ട് ആ രാജ്യത്തിൽ സംഭവിച്ച മാറ്റം ആവേശകരമാണ്. 42 ശതമാനത്തിൽ നിന്നും അഞ്ചു ശതമാനത്തിലേക്ക് കൗമാരക്കാരുടെ മദ്യ ഉപഭോഗം കൂപ്പു കുത്തിയപ്പോൾ അതെ പ്രായത്തിലെ പുകവലിക്കാരുടെ എണ്ണം 23 ശതമാനത്തിൽ നിന്നും രണ്ടു ശതമാനമായി. എന്നാൽ മയക്കുമരുന്നുപയോഗം ആകട്ടെ 17 ൽ നിന്നും 7 ശതമാനത്തിലേക്ക് താഴ്ത്തി കൊണ്ട് വരാനും അവർക്കു സാധിച്ചു.
ഇന്ന് ഇരുപത്തെട്ടു രാജ്യങ്ങൾ ഐസ് ലാൻഡ് മോഡൽ ഉപയോഗിക്കുന്നു എന്ന് പറയുമ്പോൾ ആ മാതൃകക്ക് ലഭിച്ച അന്തർദേശീയ ആദരവിന്റെ തെളിവാണത്. കാരണത്തിന്റെ കാരണത്തെ തടയുക (preventing the causes of cause ) അതാണ് ഈ മോഡലിന്റെ പ്രത്യേകതയെന്ന് വിദഗ്ധർ അവകാശപ്പെടുന്നു. വെകുന്നേരം വീട്ടിൽ നേരത്തെ എത്തുക തുടങ്ങി സാമൂഹ്യ വിരുദ്ധരുടെ കൈകളിൽ ചെറുപ്പക്കാർ എത്തിപ്പെടുന്നതിനെ തടയുവാനുള്ള എല്ലാ നടപടികളും അവർ സ്വീകരിച്ചു. മേൽനോട്ടം ഉള്ള ഇടങ്ങളിൽ കളിച്ചു രസിക്കാനുള്ള എല്ലാ ആധുനിക സൗകര്യങ്ങളും കിട്ടിയപ്പോൾ തെരുവിൽ ചെറുപ്പക്കാരെ കാണാതായി.
ഈ പദ്ധതികൾ നടപ്പിലാക്കാൻ അന്താരാഷ്ട്ര തലത്തിൽ വിജയം വരിച്ച ഗവേഷകരെ അവർ ഐസ്ലാൻഡിലേക്കു വിളിച്ചു വരുത്തി. ഹാർവി മിൽക്‌മാൻ എന്ന അമേരിക്കൻ മനഃശാസ്ത്രജ്ഞൻ അതിന് ഒരു ഉദാഹരണമാണ്. ലഹരിയുടെ ഉന്മത്തതയെ സ്വാഭാവിക ഉന്മത്തത്കൊണ്ട് നിഷ്കാസനം ചെയ്യാൻ അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ വിജയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് പ്രത്യേക ക്ഷണം ലഭിച്ചത്. കളികളും നൃത്തവും ഉല്ലാസകരമായ സാമൂഹ്യ സമ്പർക്ക പരിപാടികളും കൊണ്ട് ഐസ്ലാൻഡിന്റെ സാംസ്‌കാരിക ചുറ്റുപാടിനെത്തന്നെ അവർ മാറ്റിയെടുത്തു.
സുദീർഘമായ ഗവേഷണങ്ങൾക്ക് ശേഷം യൂത്ത് ഇൻ ഐസ് ലാൻഡ് എന്ന പ്രൊജക്റ്റ് തന്നെ രൂപപ്പെട്ടു. ശക്തമായ നിയമനിർമാണം നടന്നു. മദ്യം ഉപയോഗിക്കാനുള്ള പ്രായപരിധി ഉയർത്തി. സംഘടിതമായ ബോധവത്കരണ പരിപാടികളാണ് പിന്നീട് അവിടെ നടന്നത്. മാതാ പിതാക്കളുടെ സഹകരണം ഉറപ്പാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. സ്പെൻഡ് ക്വാളിറ്റി ടൈം എന്ന കാഴ്ചപ്പാട് മാറ്റി സ്പെൻഡ് ക്വാണ്ടിറ്റി ഓഫ് ടൈം വിത്ത് ചിൽഡ്രൻ എന്ന് പ്രചരിപ്പിക്കാൻ തുടങ്ങി. വൈകുന്നേരം മാതാപിതാക്കളോടൊപ്പം ഷോപ്പിംഗ് നടത്തുന്ന യുവാക്കളുടെ എണ്ണം വർധിച്ചു.
ഈ പറഞ്ഞതെല്ലാം ജനങ്ങളെ സേവിക്കാൻ വേണ്ടി ഭരണത്തിലേറിയ ഒരു പറ്റം ധിഷണാശാലികൾ ആർജവത്തോടെ സ്വീകരിച്ച കരമപദ്ധതികളുടെ നേർക്കാഴ്ചയാണ്. കേരളത്തിൽ ഒരു ചെറിയ പ്രദേശത്തെങ്കിലും പരീക്ഷണാർത്ഥത്തിൽ ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കപ്പെട്ടെങ്കിൽ അതൊരു വിപ്ലവമായിരിക്കും. എന്തിനും ഏതിനും ഉപദേശകരുള്ള ഉപദേശങ്ങൾക്കു വേണ്ടി കോടികൾ ചിലവഴിക്കുന്ന സർക്കാരുകൾ മാറി മാറി ഭരിക്കുമ്പോൾ വളർന്നു വരുന്ന തലമുറയെ ലഹരിയിൽ നിന്ന് മുക്തമാക്കാൻ കരുത്തന്മാരെ കണ്ടെത്തി രംഗത്ത് ഇറക്കാത്തതു എന്താണ് എന്ന് ചിന്തിക്കുമ്പോഴാണ് ഇതിനു പിന്നിലുള്ള ശൃംഖലയുടെ സ്വാധീനം വ്യക്തമാകുന്നത്.
ഏതാനും വർഷങ്ങൾ കഴിയുമ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ഉള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് കാനേഷുമാരികൾ വ്യക്തമാക്കുന്നു. ചെറുപ്പക്കാർ ചെയ്യേണ്ട ജോലികൾക്കായി ഇന്ത്യക്കാരെ ലോകം കൂടുതൽ തിരയാൻ തുടങ്ങും. ഈ സത്യം ഉറക്കം കെടുത്തുന്നത് രാജ്യത്തിൻറെ ശത്രുക്കളെയാണ്. നമ്മുടെ രാജ്യത്തിൻറെ മക്കളെ മയക്കിക്കിടത്തിയാൽ ഒരു വൻ ശക്തിയായി ഇന്ത്യ വളരുന്നതിന് ചെറുക്കാമെന്നു അവർ കണക്കുകൂട്ടുമ്പോൾ രാജ്യത്തെ ഒറ്റിക്കൊടുക്കാൻ മടിയില്ലാത്തവരുടെ മടിശീലയിലേക്കു കോടികളുടെ വിദേശ പണം ഒഴുകിയെത്തുന്നു. നമ്മുടെ ഗ്രാമങ്ങളിൽ പോലും മയക്കു മരുന്ന് സുലഭമായി എത്തുമ്പോൾ ശബ്ദിക്കേണ്ടവർ ശബ്ദിക്കാത്തതു എന്തുകൊണ്ടാണ്?
ഓരോ രാഷ്ട്രീയക്കാരനോടും വോട്ടു ചോദിച്ചു വരുമ്പോൾ ഇനി പറയുന്ന ചോദ്യങ്ങൾ ചോദിച്ചാൽ അതും കേരളം മുഴുവൻ അതെ ചോദ്യം മുന്നഴങ്ങിക്കേട്ടൽ എന്തെങ്കിലും നടക്കുമായിരിക്കും എന്ന് പറഞ്ഞത് ഒരു രാഷ്ട്രീയക്കാരൻ തന്നെയാണ്.അദ്ദേഹം നിർദേശിച്ച ചോദ്യങ്ങൾ ഇതാ... നിങ്ങളാണോ ഞങ്ങളെ രക്ഷിക്കാൻ കരുത്തുള്ള പാർട്ടി ? എങ്കിൽ ഞങ്ങളുടെ തലമുറയെ നശിപ്പിക്കാൻ പതുങ്ങിയിരിക്കുന്ന ലഹരിയെന്ന മഹാവിപത്തിനെ തടുത്തു നിർത്തുവാൻ നിങ്ങൾ എന്ത് ചെയ്തു ?
ലഹരിയിൽ മുങ്ങുന്ന മക്കളെനോക്കി പൊട്ടിക്കരയുന്നവർക്കു ഒരു ഭൂതകാലമുണ്ട്. ഞങ്ങളുടെ മക്കൾ വഴിതെറ്റില്ല എന്ന ആത്മവിശ്വാസത്തിന്റെ ഭൂതകാലം. അവരുടെ വിധി നമ്മുടെ വാതിലിൽ മുട്ടി വിളിക്കുന്നതിന് മുൻപ് ഉണർന്നെഴുന്നേൽക്കുക.
കേരളത്തിൽ ലഹരി എത്രമാത്രം ആഴത്തിൽ പിടിമുറുക്കിയിരിക്കുന്നു, അതിൽനിന്നു രക്ഷപെടാൻ ഓരോ തലത്തിലും സ്വീകരിക്കേണ്ട വഴികൾ ഇതൊക്കെ സമഗ്രമായി ചർച്ച ചെയ്യുവാൻ സിന്യൂസ് ഒരുക്കുന്ന അടിമക്കാഴ്ചയും വിടുതൽ വഴികളും എന്ന ഈ ലേഖന പരമ്പര ഒന്നുപോലും വിടാതെ വായിക്കുക പങ്കുവെക്കുക. മനഃശാസ്ത്ര വിദഗ്ധർ, യുവജന പ്രവർത്തകർ, റിട്ട പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ തങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും യുവാക്കളെ രക്ഷപ്പെടുത്തിയ വഴികളും ഈ പരമ്പരയിലൂടെ പങ്കുവക്കുന്നു.
ജോസഫ് ദാസൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.