തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ; അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ; അക്കൗണ്ടുകള്‍ മരവിപ്പിച്ചതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടുമായി ഓര്‍ത്തഡോക്‌സ് സഭ. വിശ്വാസികള്‍ക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം. സമ്മര്‍ദ രാഷ്ട്രീയത്തിന് സഭ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ വ്യക്തമാക്കി.

സഭയ്ക്കുണ്ടായ മുന്‍കാല അനുഭവങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. മണിപ്പൂരും പൗരത്വ ഭേദഗതി നിയമവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കിടെ ആശങ്കുളവാക്കിയിട്ടുണ്ടെന്നും ബിജു ഉമ്മന്‍ വ്യക്തമാക്കി.

അതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ ലത്തീന്‍ സഭ രംഗത്തെത്തി. വിഴിഞ്ഞം സമരത്തിന് ശേഷം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ പറഞ്ഞു.

അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള സര്‍ക്കുലര്‍ സഭ പുറത്തു വിട്ടു. പള്ളികളില്‍ ഞായറാഴ്ച വായിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം ബിഷപ്പ് അറിയിച്ചത്. അക്കൗണ്ട് മരവിപ്പിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണെന്നാണ് ബിഷപ്പിന്റെ പരോക്ഷ വിമര്‍ശനം. സംസ്ഥാന പൊലീസിന്റെ റിപ്പോര്‍ട്ടും മരവിപ്പിക്കലിന് കാരണമായിട്ടുണ്ടാകാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്ന എഫ്.ആര്‍.സി.എ അക്കൗണ്ടക്കം മരവിപ്പിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുപോലും സ്വീകരിക്കാന്‍ കഴിയുന്നില്ല. നല്ലിടയന്‍ ഞായറുമായി ബന്ധപ്പെട്ട് വായിച്ച സര്‍ക്കുലറിലാണ് ബിഷപ്പ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിശ്വാസികളെ സഭയുടെ സാമ്പത്തിക അവസ്ഥ അറിയിക്കാന്‍ വേണ്ടിയാണ് സര്‍ക്കുലര്‍ പുറത്തുവിട്ടതെന്നും സഭാ നേതൃത്വം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.