'ബിഹാര്‍ റോബിന്‍ ഹുഡ്' കൊച്ചിയില്‍ കവര്‍ച്ചയ്ക്കായി എത്തിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയുടെ കാറില്‍

'ബിഹാര്‍ റോബിന്‍ ഹുഡ്' കൊച്ചിയില്‍ കവര്‍ച്ചയ്ക്കായി  എത്തിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ ഭാര്യയുടെ കാറില്‍

കൊച്ചി: സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് 'ബിഹാര്‍ റോബിന്‍ ഹുഡ്' എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാനെ (34) കൊച്ചിയിലെത്തിച്ചു.

ബീഹാര്‍ സീതാമര്‍ഹി ജോഗിയ സ്വദേശിയായ ഇയാളെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണ, വജ്രാഭരണങ്ങള്‍ ഇയാളുടെ കാറില്‍ നിന്ന് കണ്ടെടുത്തിരുന്നു.

ഏപ്രില്‍ 20നാണ് മോഷണം ലക്ഷ്യമിട്ട് ഇര്‍ഫാന്‍ ബീഹാറില്‍ നിന്ന് കൊച്ചിയിലെത്തിയതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എസ് ശ്യാംസുന്ദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലകള്‍ ഗൂഗിളില്‍ തിരഞ്ഞ് പ്രതി മനസിലാക്കിയിരുന്നു. തുടര്‍ന്ന് ബീഹാറില്‍ നിന്ന് നേരിട്ട് കൊച്ചിയിലേയ്ക്ക് വരികയും പനമ്പിള്ളി നഗര്‍ മനസിലാക്കി ജോഷിയുടെ വീട്ടില്‍ മോഷണം നടത്തുകയുമായിരുന്നു.

ജോഷിയുടെ വീട് മാത്രം ലക്ഷ്യമിട്ടല്ല ഇര്‍ഫാന്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. ഇതിന് മുന്‍പ് പനമ്പിള്ളി നഗറിലെ മൂന്ന് വീടുകളില്‍കൂടി ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നതായും കമ്മിഷണര്‍ അറിയിച്ചു.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലായി പത്തൊന്‍പതോളം മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാള്‍. പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ജോഷിയുടെ 'ബി' സ്ട്രീറ്റ് 'അഭിലാഷം' വീട്ടില്‍ ഇര്‍ഫാന്‍ കവര്‍ച്ച നടത്തിയത്. അടുക്കളയുടെ ജനലിലൂടെ അകത്തുകടന്ന പ്രതി മുകള്‍ന ിലയിലെ രണ്ട് മുറികളില്‍ നിന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്ലേസ്, എട്ട് ലക്ഷം രൂപയുടെ 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വര്‍ണമാലകള്‍, 10 വളകള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് കവര്‍ന്നത്.

2021 ല്‍ തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയുടമയുടെ വീട്ടിലെ കവര്‍ച്ചയിലൂടെയാണ് ഇയാളുടെ പേര് കേരളാ പൊലീസിന്റെ രേഖയില്‍ എത്തുന്നത്. അന്ന് രണ്ടര ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും അറുപതിനായിരം രൂപയും കവര്‍ന്നിരുന്നു.

ഏപ്രില്‍ 14 നായിരുന്നു കവര്‍ച്ച. തൊട്ടടുത്ത മാസം മറ്റൊരു കേസില്‍ ഇയാള്‍ ഗോവയില്‍ പിടിയിലായി. കൊവിഡ് വ്യാപനമായതിനാല്‍ അന്ന് ഇര്‍ഫാനെ കേരളാ പൊലീസിന് കസ്റ്റഡിയില്‍ കിട്ടിയിരുന്നില്ല. നാല് മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായതെന്നാണ് വിവരം.

സൂപ്പര്‍ ചോര്‍, ജാഗ്വാര്‍ തീഫ് എന്നീ വിളിപ്പേരുകളുള്ള ഇര്‍ഫാന് നാട്ടില്‍ ആഡംബര കാറുകളും ബംഗ്ലാവും ഭൂസ്വത്തുക്കളുമുണ്ട്. ഭാര്യ ഗുല്‍ഷന്‍ പര്‍വീണ്‍ സീതാമര്‍ഹി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ്. സീതാമര്‍ഹി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന ബോര്‍ഡ് പതിപ്പിച്ച കാറിലാണ് പ്രതി കവര്‍ച്ചക്കായി കൊച്ചിയിലെത്തിയത്. ഇര്‍ഫാന് രണ്ട് പെണ്‍മക്കളുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.