'എക്സി'നെതിരേ വടിയെടുത്ത് ഓസ്ട്രേലിയന്‍ കോടതിയും; ബിഷപ്പിനെ ആക്രമിക്കുന്ന വീഡിയോ ആഗോള തലത്തില്‍ നീക്കം ചെയ്യാന്‍ ഉത്തരവ്

'എക്സി'നെതിരേ വടിയെടുത്ത് ഓസ്ട്രേലിയന്‍ കോടതിയും; ബിഷപ്പിനെ ആക്രമിക്കുന്ന വീഡിയോ ആഗോള തലത്തില്‍ നീക്കം ചെയ്യാന്‍ ഉത്തരവ്

സിഡ്‌നി: സിഡ്നിയിലെ പള്ളിയില്‍ ബിഷപ്പിനെ കൗമാരക്കാരന്‍ കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടങ്ങുന്ന പോസ്റ്റുകള്‍ ആഗോള തലത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്ന് 'എക്സി'നോട് ഉത്തരവിട്ട് ഓസ്ട്രേലിയന്‍ ഫെഡറല്‍ കോടതി. സമൂഹത്തില്‍ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്ന ആക്രമണ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ഇ-സേഫ്റ്റി കമ്മിഷണര്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഓസ്ട്രേലിയന്‍ കോടതിയും ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരം അക്രമാസക്തമായ പോസ്റ്റുകള്‍ പ്രചരിക്കുന്നത് തുടര്‍ന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത ദോഷം ഉണ്ടാകുമെന്നു കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച അസീറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ ബിഷപ് മാര്‍ മാറി ഇമ്മാനുവലിന് പള്ളിയില്‍ വച്ച് കുത്തേറ്റ സംഭവത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ 'എക്സില്‍' വ്യാപകമായി പ്രചരിച്ചിരുന്നു.

24 മണിക്കൂറിനുള്ളില്‍ ആക്രമണ ദൃശ്യങ്ങളടങ്ങുന്ന ഉള്ളടക്കം സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അല്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരുമെന്നും എക്സിനും മെറ്റയ്ക്കും (ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃ കമ്പനി) ഇ-സേഫ്റ്റി കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം പോസ്റ്റുകള്‍ ആഗോള തലത്തില്‍ പിന്‍വലിക്കാനാവില്ലെന്നാണ് എക്‌സ് സ്വീകരിച്ച നിലപാട്. ഈ വിഷയത്തില്‍ ഇ-സേഫ്റ്റി കമ്മിഷണറുമായി നിയമപരമായി ഏറ്റുമുട്ടാനും തയാറാണെന്നും എക്സിന്റെ പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ
ഇ സേഫ്റ്റി കമ്മിഷണര്‍ അടിയന്തര നിരോധനം ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച കോടതിയെ സമീപിച്ചത്.

ആക്രമണ വീഡിയോ അടങ്ങിയ പോസ്റ്റുകള്‍ എക്‌സ് ഓസ്‌ട്രേലിയയില്‍ മാത്രമായി ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ ആഗോളതലത്തില്‍ ഇത്തരം പോസ്റ്റുകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് ഇ-സേഫ്റ്റിയുടെ അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ ട്രാന്‍, തിങ്കളാഴ്ച്ച നടന്ന വാദത്തില്‍ ജസ്റ്റിസ് ജെഫ്രി കെന്നറ്റിനോട് പറഞ്ഞു. ഓണ്‍ലൈന്‍ സുരക്ഷാ നിയമം എക്‌സ് പാലിക്കുന്നില്ലെന്നാണ് ഇതിനര്‍ത്ഥമെന്നും ക്രിസ്റ്റഫര്‍ ട്രാന്‍സ് വാദിച്ചു.

ആഗോളതലത്തില്‍ പോസ്റ്റുകള്‍ കാണുന്നതും പങ്കിടുന്നതും തടയാന്‍ എക്‌സ് നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിടണമെന്ന് ഇ-സേഫ്റ്റി കമ്മിഷണര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, കേസ് മാറ്റിവയ്ക്കണമെന്നാണ് എക്സിന്റെ പ്രതിനിധി അറിയിച്ചത്. എക്സിന്റെ ആസ്ഥാനമായ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സമയം പുലര്‍ച്ചെയായതിനാല്‍ തനിക്ക് കക്ഷികളില്‍നിന്ന് ഇക്കാര്യത്തില്‍ നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത വാദം കേള്‍ക്കുന്നതുവരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ജെഫ്രി കെന്നറ്റ് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ആഗോളതലത്തില്‍ പോസ്റ്റുകള്‍ നിരോധിക്കാനും ഉത്തരവിട്ടു. ബുധനാഴ്ച സിഡ്നി സമയം വൈകുന്നേരം അഞ്ചു മണി വരെ ഇടക്കാല ഉത്തരവ് പ്രാബല്യത്തിലുണ്ടാകും.

ഇ-സേഫ്റ്റി കമ്മിഷണറുടെ നിര്‍ദേശത്തെ വെല്ലുവിളിക്കാനുള്ള എക്സിന്റെ തീരുമാനത്തെ അസാധാരണം എന്നാണ് പ്രധാനമന്ത്രി ആന്റണി അല്‍ബനീസി വിശേഷിപ്പിച്ചത്. അക്രമാസക്തമായ വീഡിയോയുടെ സംപ്രേക്ഷണത്തെ അല്‍ബനീസി വിമര്‍ശിക്കുകയും ഈ ദൃശ്യങ്ങള്‍ നിരവധി ആളുകളുടെ വേദന വര്‍ദ്ധിപ്പിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും ഇ-സേഫ്റ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും രാജ്യത്തിന്റെ നിയമങ്ങള്‍ക്കും മുകളിലാണ് തങ്ങള്‍ എന്ന മനോഭാവമാണ് എക്‌സ് പ്രകടിപ്പിക്കുന്നതെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.