വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയ കേരളത്തിന് ഒരു ഓസ്‌ട്രേലിയന്‍ മാതൃക; 69,000 കാട്ടുപന്നികളെ കൊന്നൊടുക്കി സര്‍ക്കാര്‍

വന്യമൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടിയ കേരളത്തിന് ഒരു  ഓസ്‌ട്രേലിയന്‍ മാതൃക; 69,000 കാട്ടുപന്നികളെ കൊന്നൊടുക്കി സര്‍ക്കാര്‍

സിഡ്‌നി: കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങളെക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ അവയെ എങ്ങനെ നിയന്ത്രിക്കണമെന്നുള്ള മാതൃക കാട്ടിത്തരികയാണ് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാന സര്‍ക്കാര്‍.

ന്യൂ സൗത്ത് വെയില്‍സിലുടനീളം കാട്ടുപന്നികള്‍ പെരുകുകയും മനുഷ്യര്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും നേരെ ആക്രമണം നടത്തുകയും ചെയ്തതോടെ അവയെ കൊന്നൊടുക്കാന്‍ 13-മില്യണ്‍ ഡോളറാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചത്. ഇതിനകം 69,000-ത്തിലധികം കാട്ടുപന്നികളെയാണ് സംസ്ഥാനത്ത് വെടിവച്ചു കൊന്നത്.

ഇതുവരെ കണ്ടിട്ടില്ലാത്തത്ര എണ്ണത്തിലാണ് കാട്ടുപന്നികള്‍ പെരുകിയതെന്നും അവ മനുഷ്യരെ ആക്രമിക്കുകയും ആടുകളെ കൊന്നൊടുക്കുകയും ചെയ്യുന്നതായി ഭൂവുടമകള്‍ പരാതിപ്പെടുന്നു. കാട്ടുപന്നികളെ നേരിടാന്‍ അധിക ധനസഹായവും വിഭവങ്ങളും അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ഫാര്‍മേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.



സംസ്ഥാനത്തുടനീളം കാട്ടുപന്നികള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റും മുല്ലെയിലെ കര്‍ഷകനുമായ സേവ്യര്‍ മാര്‍ട്ടിന്‍ പറഞ്ഞു. പാടശേഖരങ്ങളിലും തോടുകളിലും അണക്കെട്ടുകളിലും രാത്രികാലങ്ങളില്‍ റോഡിലും ഇവ വിഹരിക്കുകയാണ്. അവ ആടുകളെ കൊല്ലുന്നു, പശുക്കളെ ഉപദ്രവിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ കാട്ടുപന്നികളെ കൊല്ലാന്‍ 13 മില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. സര്‍ക്കാരിന്റെ സമീപനം സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ ഈ തുക പോരെന്നും മാര്‍ട്ടിന്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ 100 മില്യണ്‍ ഡോളറിലധികം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ജൂണിനകം കുറഞ്ഞത് 87,000 പന്നികളെയെങ്കിലും കൊന്നൊടുക്കുക എന്നതാണ് ന്യൂ ലോക്കല്‍ ലാന്‍ഡ് സര്‍വീസസിന്റെ ലക്ഷ്യം. ഇതുവരെ 69,000-ഓളം കാട്ടുപന്നികളെ കൊന്നൊടുക്കിയതായി പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ബെക് ഗ്രേ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഊഷ്മളവും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ കാട്ടുപന്നികള്‍ വലിയ തോതില്‍ പെരുകാന്‍ കാരണമായി. അവയ്ക്ക് ആരോഗ്യകരമായ ഭക്ഷണവും ധാരാളം വെള്ളവും ലഭിച്ചു. ജനസംഖ്യാ വളര്‍ച്ചയ്ക്ക് അനുസൃതമായി നിയന്ത്രണ ശ്രമങ്ങള്‍ ശരിക്കും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്, ലക്ഷ്യം നേടിയെടുക്കാന്‍ വലിയ പരിശ്രമം വേണ്ടി വരുമെന്നും ബെക് ഗ്രേ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.