ന്യൂഡല്‍ഹി: റിപ്പോര്‍ട്ടിങ്ങില്‍ പരിധി ലംഘിച്ചെന്ന ആരോപണം നേരിടുന്ന ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു. വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടത്. അതേസമയം, അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വര്‍ക്ക് വിസാ കാലാവധി നീട്ടാന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അവനിയുടെ റിപ്പോര്‍ട്ടിങ് രീതി അതിരുകടക്കുന്നുവെന്നാരോപിച്ചാണ് വിസ നീട്ടാതിരുന്നതെന്ന വാദം കേന്ദ്രം തള്ളി.
അവനി ഡയസ് ഏപ്രില്‍ 19-ന് ഇന്ത്യ വിടണമെന്നായിരുന്നു നിര്‍ദേശം. തന്റെ റിപ്പോര്‍ട്ടിങ് അതിരു കടന്നെന്നും അതുകൊണ്ടാണ് വിസ നീട്ടാത്തതെന്നും അധികൃതര്‍ അറിയിച്ചെന്ന് ശ്രീലങ്കന്‍ വംശജയായ അവനി പറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെട്ടതോടെ രണ്ടു മാസത്തേക്കു കൂടി വിസ നീട്ടിക്കൊടുത്തെങ്കിലും 19ന് മടക്കയാത്രയ്ക്ക് തൊട്ടുമുന്‍പു മാത്രമാണ് അക്കാര്യം അറിയിച്ചതെന്ന് അവനി സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.
'കഴിഞ്ഞാഴ്ച അപ്രതീക്ഷിതമായി ഇന്ത്യയില്‍ നിന്നും എനിക്ക് മടങ്ങേണ്ടി വന്നു. മോഡി സര്‍ക്കാര്‍ എന്റെ വിസ നീട്ടുന്നത് നിഷേധിച്ചു. എന്റെ റിപ്പോര്‍ട്ടിങ് അതിരുകള്‍ ലംഘിച്ചെന്നാണ് അവര്‍ പറഞ്ഞത്' - അവനി എക്സില്‍ കുറിച്ചു.
അവനിയുടെ തിരിച്ചുപോകലിനെക്കുറിച്ച് പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സിഖ് വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അവനി നടത്തിയ റിപ്പോര്‍ട്ടിങ് യൂടൂബ് ഇന്ത്യ ബ്ലോക്ക് ചെയ്തിരുന്നു. അവനിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പു റിപ്പോര്‍ട്ടിങ്ങിനുള്ള അനുമതിയും ലഭിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
രണ്ടു മാസം മുമ്പ് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക വെനേസ ഡോനാക്ക് സമാനമായ കാരണത്താല്‍ ഇന്ത്യ വിട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.