ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശം പെരുമാറ്റ ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാന മന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് വിശദീകരിച്ചതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍.
അഫ്ഗാനിസ്ഥാനില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരെടുത്ത നടപടികള്‍ അദേഹം പരാമര്‍ശിച്ചതും ചട്ടലംഘനമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഈ മാസം ഒമ്പതിന് ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം മാതൃക പെരുമാറ്റ ചട്ട ലംഘനമാണെന്ന് ആരോപിച്ചാണ് കമ്മീഷന് പരാതി ലഭിച്ചത്.
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മുസ്ലീംങ്ങള്‍ക്ക് സ്വത്ത് വീതിച്ചു നല്‍കുമെന്ന മോഡിയുടെ പ്രസംഗമാണ് വന്‍ വിവാദമായത്. കോണ്‍ഗ്രസ് വന്നാല്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സ്വത്ത് വീതിച്ചു നല്‍കുമെന്നാണ് രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ മോഡി പറഞ്ഞത്. തിങ്കളാഴ്ച യുപിയിലും ഇന്നലെ ഛത്തീസ്ഗഡിലും സമാനമായ പരാമര്‍ശങ്ങള്‍ മോഡി നടത്തിയിരുന്നു.
യുപി മഥുരയിലെ ബിജെപി സ്ഥാനാര്‍ഥിയായ നടി ഹേമമാലിനിയെക്കുറിച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ 48 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്നും കമ്മീഷന്‍ വിലക്കിയിരുന്നു. കോണ്‍ഗ്രസിനെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ ബിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര്‍ റാവുവിനും നോട്ടീസ് നല്‍കിയിരുന്നു.
സുപ്രീം കോടതി അഭിഭാഷകന്‍ ആനന്ദ് ജോണ്‍ഡെയ്‌ലാണ് കമ്മിഷന് പരാതി നല്‍കിയത്. പരാതിയില്‍ തീരുമാനം വൈകിയതില്‍ ആനന്ദ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153-ാം വകുപ്പ് പ്രകാരം നരേന്ദ്ര മോഡിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ഈ ആഴ്ച പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ പെരുമാറ്റ ചട്ടലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
നരേന്ദ്ര മോഡി മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തിയിട്ടില്ല. മതത്തെക്കുറിച്ചുളള സാധാരണ പരാമര്‍ശത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ സാധിക്കില്ല. നടപടിയെടുത്താല്‍ പ്രചാരണത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കുളള അവകാശം ലംഘിക്കുന്നതിന് തുല്യമാകുമെന്നുമാണ് കമ്മീഷന്റെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.