ക്രൈസ്തവര്‍ക്കെതിരേ ലോകമെങ്ങും നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ അമേരിക്കയില്‍ പ്രാര്‍ത്ഥനാ റാലി; ഹോളിവുഡ് താരം ജിം കാവിയേസല്‍ പങ്കെടുക്കും

ക്രൈസ്തവര്‍ക്കെതിരേ ലോകമെങ്ങും നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ അമേരിക്കയില്‍ പ്രാര്‍ത്ഥനാ റാലി; ഹോളിവുഡ് താരം ജിം കാവിയേസല്‍ പങ്കെടുക്കും

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ നിശബ്ദത വെടിഞ്ഞ് പ്രതികരിക്കാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും വിശ്വാസത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്മരിക്കാനും അമേരിക്കയില്‍ പ്രാര്‍ത്ഥനാ റാലി സംഘടിപ്പിക്കുന്നു. ഫോര്‍ ദ മാര്‍ട്ടിയേര്‍സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 27 നാണ് വാഷിങ്ടണ്‍ ഡിസിയില്‍ മാര്‍ച്ച് നടക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുകയും അവര്‍ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന സംഘടനയാണ് ഫോര്‍ ദ മാര്‍ട്ടിയേര്‍സ്.

'ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റി'ല്‍ ക്രിസ്തുവായി അഭിനയിച്ച പ്രമുഖ ഹോളിവുഡ് താരം ജിം കാവിയേസലും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തു നടക്കുന്ന ക്രിസ്ത്യന്‍ പീഡനങ്ങള്‍ക്കും ഗര്‍ഭച്ഛിദ്രങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് ജിം കാവിയേസല്‍.



ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്, ക്രൈസ്തവ വിശ്വാസം പിന്തുടരുന്നതിന്റെ പേരില്‍ ലോകത്ത് 365 ദശലക്ഷത്തിലധികം ആളുകള്‍ വിവേചനവും പീഡനവും ആക്രമണങ്ങളും നേരിടുന്നു. നിരവധി പേരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നു. വിശ്വാസിയായതിന്റെ പേരില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. ഉപജീവന മാര്‍ഗം ഇല്ലാതാക്കുന്നു. സിറിയ, ഇറാഖ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ക്രൈസ്തവര്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. നിക്കരാഗ്വ പോലുള്ള രാജ്യങ്ങള്‍ വൈദികരെയും ബിഷപ്പുമാരെയും കന്യാസ്ത്രീകളെയും അറസ്റ്റ് ചെയ്യുകയും മതസംഘടനകളുടെ പ്രവര്‍ത്തനം വിലക്കുകയും ചെയ്യുന്നു.

പരമ്പരാഗതമായി ക്രൈസ്തവര്‍ താമസിക്കുന്ന രാജ്യമായ ഈജിപ്റ്റില്‍ പോലും ഇപ്പോള്‍ ക്രിസ്ത്യാനിയെ രണ്ടാം തരം പൗരനായാണ് കാണുന്നതെന്ന് ഫോര്‍ ദ മാര്‍ട്ടിയേര്‍സിന്റെ സ്ഥാപകന്‍ ജിയ പറഞ്ഞു. 'ക്രൈസ്തവനെതിരേ ഒരു കുറ്റകൃത്യം ആരോപിക്കപ്പെടുകയോ അവന്‍ കോടതിയില്‍ പോകേണ്ടിവരികയോ ചെയ്താല്‍, ഇതര മതസ്ഥനു കിട്ടുന്നതിന്റെ പകുതി ആനകൂല്യം പോലും ലഭിക്കുന്നില്ല'.

എല്ലാ സഭാ വിഭാഗങ്ങളിലുമുള്ള ക്രിസ്ത്യാനികളെ ഒരു കുടക്കീഴില്‍ അണനിരത്തി മതപീഡനത്തിനെതിരേ അമേരിക്കയില്‍ നടക്കുന്ന ആദ്യത്തെ വലിയ മാര്‍ച്ചാണിത്.

'ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. കാരണം, ക്രിസ്ത്യാനികള്‍ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന മതവിഭാഗമാണെന്നും അവര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പലര്‍ക്കും അറിയില്ല. ഇത് ലോകശ്രദ്ധയിലേക്കു കൊണ്ടുവരണം'. വിശ്വാസത്തിന്റെ പേരില്‍ പീഡനമനുഭവിക്കുന്ന ക്രൈസ്തവരോട് സഹാനുഭൂതി പ്രകടിപ്പിക്കാനും പിന്തുണയ്ക്കാനും അവര്‍ക്കു വേണ്ടി ഐക്യത്തോടെ പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനമാണ് ഈ മാര്‍ച്ചെന്ന് ജിയ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.