ബ്രിസ്‌ബെയ്ന്‍: വംശനാശ ഭീഷണി നേരിടുന്ന, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിനെ സംരക്ഷിക്കാനുള്ള നടപടികളുമായി ഓസ്‌ട്രേലിയ. 'ക്രൗണ്‍ ഓഫ് തോണ്‍സ്' എന്ന നക്ഷത്ര മത്സ്യത്തെ കൊന്നൊടുക്കിയാണ് ഗ്രേറ്റ് ബാരിയര്‍ റീഫിന് പവിഴപ്പുറ്റുകള്‍ക്ക് സംരക്ഷണമൊരുക്കുന്നത്. ക്രൗണ്‍ ഓഫ് തോണ്‍സ് വിഭാഗത്തില്‍ വരുന്ന നക്ഷത്ര മല്‍സ്യം ഇത്തരം പവിഴപ്പുറ്റുകള്‍ക്ക് ഭീഷണിയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
ആഗോള താപനത്തെ തുടര്‍ന്ന് കടല്‍ ചൂടുപിടിക്കുന്നത് പവിഴപ്പുറ്റുകളുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് നക്ഷത്രമല്‍സ്യങ്ങളുടെ വളര്‍ച്ചയും പവിഴപ്പുറ്റുകളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നതായി ഗവേഷകര്‍ കണ്ടെത്തിയത്. ഇതോടെയാണ് ഗവേഷകര്‍ കള്ളിങ് എന്ന നടപടി സ്വീകരിക്കാന്‍ തയ്യാറായത്. നിയന്ത്രിതമായ കൊന്നൊടുക്കലിനെയാണ് കള്ളിങ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രൗണ്‍ ഓഫ് തോണ്‍സ് എന്ന നക്ഷത്ര മത്സ്യത്തെ നിയന്ത്രിതമായ അളവില്‍ കൊന്നൊടുക്കുകയാണ് ലക്ഷ്യം.
ഈ വിഭാഗത്തില്‍ വരുന്ന നക്ഷത്ര മല്‍സ്യങ്ങള്‍ക്ക് പ്രതിവര്‍ഷം 10 ചതുരശ്ര മീറ്റര്‍ വരുന്ന പവിഴപ്പുറ്റുകളെ അകത്താക്കാനുള്ള ശേഷിയുണ്ട്. ഒരു നക്ഷത്ര മല്‍സ്യത്തിന്റെ കണക്കാണിത്. അപ്രകാരം നോക്കുമ്പോള്‍ ഗ്രേറ്റ് ബാരിയര്‍ റീഫിന് വലിയ ഭീഷണിയാണ് ക്രൗണ്‍ ഓഫ് തോണ്‍സ്. ഇത്തരം നക്ഷത്ര മല്‍സ്യങ്ങളെ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ മാത്രമാണ് കാണാന്‍ സാധിക്കുക. സിഒറ്റിഎസ് എന്ന ചുരുക്കപ്പേരിലാണ് ഇവ അറിയപ്പെടുന്നത്. താരതമ്യേന വലിപ്പമേറിയ നക്ഷത്ര മല്‍സ്യങ്ങളാണിവ.
80 സെന്റമീറ്റര്‍ വ്യാസമാണ് ഇവയുടെ സാധാരണ വലിപ്പം. എന്നിരുന്നാലും പവിഴപ്പുറ്റുകള്‍ക്കിടയില്‍ ഈ നക്ഷത്ര മല്‍സ്യങ്ങളെ കണ്ടെത്താന്‍ പാടാണെന്നാണ് ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറൈന്‍ സയന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നിവലില്‍ ക്രൗണ്‍ ഓഫ് തോണ്‍സ് എന്ന ഈ നക്ഷത്ര മല്‍സ്യങ്ങളുടെ എണ്ണം ഗ്രേറ്റ് ബാരിയര്‍ റീഫില്‍ കൂടിവരികയാണ്. അത് ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ നിലനില്‍പ്പിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കടലിന്റെ അടിത്തട്ടില്‍ ചെന്നാണ് ഈ നക്ഷത്ര മല്‍സ്യങ്ങളെ ഇല്ലാതാക്കുന്നത് ഓക്സ് ബൈല്‍ (കരള്‍ രോഗങ്ങള്‍ക്കും മറ്റ് അസുഖങ്ങള്‍ക്കും ഉപയോഗിക്കുന്ന മരുന്ന്) എന്ന മരുന്നോ വിനാഗിരിയോ കുത്തിവെച്ചാണ് ക്രൗണ്‍ ഓഫ് തോണ്‍സിനെയും ഇവയുടെ ലാര്‍വകളെയും ഇല്ലായ്മ ചെയ്യുന്നത്.
ഓക്സ് ബൈലിന് വില കൂടുതലായതിനാലാണ് ബദലായി ഗവേഷകര്‍ വിനാഗിരി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഒരു ഡോസ് വിനാഗിരിക്ക് ക്രൗണ്‍ ഓഫ് തോണ്‍സ് എന്ന ഈ നക്ഷത്ര മല്‍സ്യങ്ങളെ കൊല്ലാന്‍ 100 ശതമാനം ശേഷിയുണ്ടെന്ന് ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ഈ രണ്ടു തരത്തിലാണ് നക്ഷത്ര മല്‍സ്യങ്ങളെ ഇല്ലാതാക്കി ഗ്രേറ്റ് ബാരിയര്‍ റീഫിന് സംരക്ഷണമൊരുക്കാന്‍ ഓസ്‌ട്രേലിയ ശ്രമിക്കുന്നത്.
യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ച ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ശൃംഖലയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. ഓസ്ട്രേലിയയിലെ ക്വീന്‍സ് ലന്‍ഡിന്റെ തീരത്ത് 2300 കിലോമീറ്ററിലധികം നീളത്തിലാണിതുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26