സംസ്ഥാനത്ത് പോളിങ് വൈകിയത് കൃത്യത ഉറപ്പു വരുത്താനുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

 സംസ്ഥാനത്ത് പോളിങ് വൈകിയത് കൃത്യത ഉറപ്പു  വരുത്താനുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമാണെന്ന വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

സംസ്ഥാനത്തെ 25,231 പോളിങ് ബൂത്തുകളില്‍ 95 ശതമാനത്തിലും വൈകുന്നേരം ആറ് മണിയോടെ തന്നെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 99 ശതമാനം ബൂത്തുകളിലും എട്ട് മണിയോടെ വോട്ടെടുപ്പ് പൂര്‍ത്തിയായെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വോട്ടെടുപ്പ് യന്ത്രങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ച വെച്ചു. വടകര മണ്ഡലത്തിലെ ചില ബൂത്തുകളില്‍ മാത്രമാണ് എട്ട് മണിക്ക് ശേഷവും വോട്ടെടുപ്പ് നടന്നത്.

വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ഈ മണ്ഡലത്തിലെ ചില ബൂത്തുകളില്‍ കൂടുതല്‍ വോട്ടര്‍മാര്‍ എത്തിയതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്താന്‍ കൂടുതല്‍ ജാഗ്രത കാണിച്ചത് മൂലമാണ് സ്വാഭാവികമായും കൂടുതല്‍ സമയമെടുത്തത്. ആറ് മണിയോടെ ബൂത്തിലെത്തിയ മുഴുവന്‍ വോട്ടര്‍മാര്‍ക്കും ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരമൊരുക്കുവാനും ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പക്ഷപാത രഹിതമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസം പൂര്‍ത്തിയാക്കിയത്. സ്വാഭാവികമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥരില്‍ മുന്‍പരിചയമുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. ആവശ്യമായ പരിശീലനം നല്‍കിയാണ് എല്ലാ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.

പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയ സാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോള്‍ മികച്ച പോളിങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍ നിരക്ക്. എന്നാല്‍ ഇക്കുറി ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയില്‍ 0.44 ശതമാനം യൂണിറ്റുകള്‍ക്കും വിവിപാറ്റുകളില്‍ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.