കണ്ണൂര്‍: കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് കണ്ണൂര്‍ മൊറാഴയിലെ വിവാദമായ വൈദേകം റിസോര്‍ട്ടിലെ ആദായനികുതി വകുപ്പിന്റെ റെയ്ഡിന് തൊട്ടു പിന്നാലെ.
2023 മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മാര്‍ച്ച് അഞ്ചിന് പ്രകാശ് ജാവദേക്കറുമായി ഇ.പി കൂടിക്കാഴ്ച നടത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ ഇ.പി ജയരാജന്റെ അസാന്നിധ്യം ചര്‍ച്ചയാവുന്നതിനിടെയാണ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച നടന്നത്. സ്വന്തം തട്ടകമായ കണ്ണൂരില്‍ പോലും ജയരാജന്‍ ജാഥയില്‍ നിന്ന് വിട്ടു നിന്നിരുന്നു.
ജനകീയ പ്രതിരോധ ജാഥ തൃശൂരിലെത്തിയ ദിവസമായിരുന്നു ഇ.പി ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടത്. അന്നുവരെ ജാഥയുടെ ഭാഗമാകാതിരുന്ന ഇ.പി, മാര്‍ച്ച് അഞ്ചിന് തൃശൂരില്‍ ജാഥയുടെ ആദ്യ ദിവസത്തെ സമാപന പൊതു സമ്മേളനത്തില്‍ പങ്കെടുത്തു.
ഇ.പി ജയരാജന്റെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ളതുമായി ബന്ധപ്പെട്ട് റിസോര്‍ട്ടിനെക്കുറിച്ച് സിപിഎമ്മിനുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനായിരുന്നു വിമര്‍ശനമുന്നയിച്ചത്.
പിന്നാലെ ഏപ്രില്‍ 15 ന് ഒപ്പുവെച്ച കരാറില്‍ റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല ബിജെപി നേതാവും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപിറ്റലിന്റെ കീഴിലുള്ള നിരാമയ റിട്രീറ്റ്സിന് കൈമാറിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.