പത്ത് വര്‍ഷം; ഒന്ന്, രണ്ട് മോഡി സര്‍ക്കാരുകള്‍ പരസ്യത്തിനായി ചെലവാക്കിയത് 1203 കോടി രൂപ

പത്ത് വര്‍ഷം; ഒന്ന്, രണ്ട് മോഡി സര്‍ക്കാരുകള്‍ പരസ്യത്തിനായി ചെലവാക്കിയത് 1203 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബിജെപി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവാക്കിയത് 1203 കോടി രൂപ. ഒന്നാം മോഡി സര്‍ക്കാര്‍ 832 കോടി രൂപയും രണ്ടാം മോഡി സര്‍ക്കാര്‍ 370 കോടി രൂപയും പരസ്യത്തിനായി ചെലവാക്കിയെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു.

അധികാരത്തില്‍ എത്തിയ ആദ്യ വര്‍ഷം തന്നെ 81.27 കോടി രൂപ പരസ്യത്തിനായി ചെലവാക്കി. 2014 മുതല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ ചെലവ് ഇരട്ടിയിലേറെയാവുകയായിരുന്നു. രണ്ടാം മോഡി സര്‍ക്കാരിന്റെ കാലത്തും ഇതേ സ്ഥിതി തന്നെ തുടര്‍ന്നു. ആഗോള പട്ടിണി സൂചികയില്‍ 125 രാജ്യങ്ങളില്‍ 111-ാം സ്ഥാനത്ത് ഇന്ത്യ ഇടംപിടിച്ച സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാറിന്റെ ഈ ധൂര്‍ത്ത്.

ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കാന്‍ ബിജെപി ചെലവാക്കിയത് 100 കോടി രൂപയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെ ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്കായി ഭീമന്‍ തുക ചെലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറി.

101 കോടിയിലധികം രൂപ ബിജെപിയുടെ ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്കായി ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2018 മെയ് 31 നും 2024 ഏപ്രില്‍ 25 നും ഇടയില്‍ പ്രസിദ്ധീകരിച്ച ഗൂഗിള്‍ പരസ്യങ്ങളിലെ ബിജെപിയുടെ വിഹിതം മൊത്തം ചെലവിന്റെ 26 ശതമാനമാണ്. അതായത് ഗൂഗിള്‍ രാഷ്ട്രീയം എന്ന് തരംതിരിച്ച പരസ്യങ്ങള്‍ക്കായി 2018 മുതല്‍ ചെലവഴിച്ചത് 390 കോടി രൂപ.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നല്‍കാന്‍ ഗൂഗിളിന് മാത്രം ബിജെപി നല്‍കിയത് 39 കോടി രൂപയാണ്. ഗൂഗിളിന്റെ പരസ്യ സുതാര്യതാ കേന്ദ്രത്തില്‍ നിന്നുള്ള സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2024 ജനുവരി ഒന്നു മുതല്‍ ഏപ്രില്‍ 11 വരെ ഗൂഗിള്‍ വഴി 80,667 രാഷ്ട്രീയ പരസ്യങ്ങളാണ് ബിജെപി നല്‍കിയത്.

മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ മെറ്റ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ് ബുക്കിലും അനുകൂല പരസ്യത്തിനായി ബിജെപി 23 ലക്ഷം രൂപയും ബിജെപിയുമായി ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാക്കാത്ത ഏഴ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ബിജെപി അനുകൂല ഉള്ളടക്കം പങ്കുവക്കാനായി 85 ലക്ഷം രൂപയുമാണ് ചെലവിട്ടത്.

മീമുകളായും എഡിറ്റഡ് വിഡിയോകളായും ഉള്ളടക്കം പങ്കുവെക്കുന്ന പ്രമുഖ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെ ബിജെപി പ്രചരണത്തിനായി കൂട്ടുപിടിച്ചെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ 20 പ്രമുഖ രാഷ്ട്രീയ പരസ്യ ദാതാക്കള്‍ 1.38 കോടി രൂപയാണ് മെറ്റ പ്ലാറ്റ്ഫോമില്‍ ചെലവാക്കിയത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.