സിഡ്‌നി: 'ഞങ്ങള്‍ കൊല്ലാന്‍ പോകുന്നു'; സിഡ്‌നിയില്‍ ബിഷപ്പിനെ ആക്രമിച്ച കൗമാരക്കാരന്‍ കൃത്യത്തിനു മുന്‍പ് മറ്റൊരു യുവാവിന് അയച്ച ഫോണ്‍ സന്ദേശമാണിത്. തീവ്രവാദ കുറ്റം ചുമത്തപ്പെട്ട് പരമറ്റയിലെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കിയ കൗമാരക്കാരനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓസ്‌ട്രേലിയന്‍ പോലീസ് നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു. ഈ ചെറിയ പ്രായത്തിനുള്ളില്‍ വലിയൊരു കുറ്റകൃത്യത്തിനുള്ള ആസൂത്രണമാണ് പ്രതി നടത്തിയത്. സമൂഹത്തിന് ഭീഷണിയാകുമെന്ന പോലീസ് വാദം അംഗീകരിച്ച കോടതി 16-കാരന് ജാമ്യം നിഷേധിച്ചു.
നാല് കൗമാരക്കാര്‍ ചേര്‍ന്ന് തോക്കുകള്‍ വാങ്ങി ജൂതന്മാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഓസ്ട്രേലിയന്‍ പൊലീസ് കണ്ടെത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിച്ചു, പൊതു സ്ഥലത്ത് കത്തി സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 16-കാരനെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച സിഡ്നിയിലുടനീളം തീവ്രവാദ വിരുദ്ധ സേന നടത്തിയ റെയ്ഡില്‍ ആറ് കൗമാരക്കാര്‍ പിടിയിലായിരുന്നു. അവരില്‍ രണ്ടു പേരെയാണ് കഴിഞ്ഞ ദിവസം പരമറ്റയിലെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കിയത്.
കുറ്റകൃത്യം ആസൂത്രണം ചെയ്തതിനും ബിഷപ്പിനെ കുത്താന്‍ വേണ്ട സഹായങ്ങള്‍ നല്‍കിയതിനുമാണ് ഇവര്‍ പിടിയിലായത്. കുറ്റവാളികളെ തീവ്രവാദ നിരോധന നിയമത്തിന്‍ കീഴിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരും 17 വയസില്‍ താഴെയുള്ളവരാണ്.
ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസും ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷനും ചേര്‍ന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ നിരവധി ടെക്‌സ്റ്റ് സന്ദേശങ്ങളാണ് കൗമാരക്കാരന്‍ മറ്റൊരു യുവാവിന് അയച്ചത്. 'ഞങ്ങള്‍ വലിയ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. ഒരു ഭീകരാക്രമണത്തിനുള്ള ഗൂഢാലോചനയാണിത്' എന്നായിരുന്നു ഒരു സന്ദേശം.
'തോക്കും ബോംബുകളും കിട്ടുന്നത് വളരെ കഠിനമാണെന്ന് 16 വയസുകാരന്‍ പറയുമ്പോള്‍ എന്നാല്‍ 'കുത്തിയാലോ?' എന്ന് ഒരു സന്ദേശത്തില്‍ സുഹൃത്ത് പ്രതികരിക്കുന്നു.
കഴിഞ്ഞ ഏപ്രില്‍ 15നാണ് വേക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പ് മാര്‍ മാറി ഇമ്മാനുവലിനെ കുത്തിക്കൊല്ലാന്‍ പതിനാറുകാരന്‍ ശ്രമിക്കുന്നത്. ഈ പതിനാറുകാരനെ പിന്തുണച്ച് മറ്റൊരു കൗമാരക്കാരന്‍ സമൂഹ മാധ്യമത്തിലെ തന്റെ പ്രൊഫൈല്‍ ചിത്രം റൈഫിളും ഇസ്ലാമിക് സ്റ്റേറ്റ് പതാകയും വഹിക്കുന്നയാളുടെ ചിത്രമാക്കി മാറ്റിയതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.
16 വയസുകാരന്റെ മാതാപിതാക്കള്‍ ഹിയറിംഗിനായി ഹാജരായിരുന്നു. തങ്ങളുടെ മകന്‍ ഒരു നല്ല വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. പ്രായവും മുന്‍പ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലാത്തതും പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.
സ്‌കൂള്‍ ജീവിതത്തിലുടനീളം തങ്ങളുടെ മകന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായും ഓട്ടിസം സംശയിച്ചിരുന്നതായും 16 വയസുകാരന്റെ മാതാപിതാക്കള്‍ എബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.