കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുമായുള്ള തര്‍ക്കം: ആര്യയും സച്ചിന്‍ദേവും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസ്

കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുമായുള്ള തര്‍ക്കം: ആര്യയും സച്ചിന്‍ദേവും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: മേയര്‍-കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, കെ. സച്ചിന്‍ദേവ് എം.എല്‍.എ എന്നിവരുള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരേ കേസ് എടുക്കാന്‍ തിരുവനന്തപുരം വഞ്ചിയൂര്‍ സി.ജെ.എം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.

ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം ഉണ്ടാക്കല്‍, പൊതുജന ശല്യം, അന്യായമായ തസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനായിരുന്നു കോടതി നിര്‍ദേശിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അഞ്ച് പേര്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത്.

ഏപ്രില്‍ 27 നാണ് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ദേവ് എന്നിവരും കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ യദുവുമായി തര്‍ക്കമുണ്ടാകുന്നത്. അടുത്തദിവസം യദു ഇരുവര്‍ക്കുമെതിരേ പരാതിയുമായി കന്റോണ്‍മെന്റ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മിഷണറെയും കണ്ടിരുന്നു. എന്നാല്‍ യദുവിന്റെ പരാതി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച രാവിലെ യദു വഞ്ചിയൂര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.