ന്യൂസിലന്‍ഡില്‍ കടലില്‍ കാണാതായ മലയാളി യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു

ന്യൂസിലന്‍ഡില്‍ കടലില്‍ കാണാതായ മലയാളി യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ റോക്ക് ഫിഷിങ്ങിനിടെ കടലില്‍ കാണാതായ രണ്ടു മലയാളികളില്‍ ഒരാള്‍ക്കായി തുടര്‍ച്ചയായി നാലാം ദിവസവും തിരച്ചില്‍ തുടരുകയാണ്. മൂവാറ്റുപുഴ സ്വദേശി ഫെര്‍സില്‍ ബാബു(36)വിന് വേണ്ടിയുളള തിരച്ചിലാണ് ഇപ്പോഴും തുടരുന്നത്. ആലപ്പുഴ സ്വദേശി ശരത് കുമാറി(37)ന്റെ മൃതദേഹം കഴിഞ്ഞ വെള്ളയാഴ്ച്ച കണ്ടെടുത്തിരുന്നു.

ന്യൂസിലന്‍ഡിലെ വാങ്കരെ പ്രദേശത്ത് കടലിനോടു ചേര്‍ന്നുള്ള പാറക്കെട്ടുകളില്‍ റോക്ക് ഫിഷിങ് നടത്തുന്നതിനിടെ ബുധനാഴ്ച ന്യൂസീലന്‍ഡ് സമയം വൈകിട്ട് നാലോടെയാണ് ഇവരെ കാണാതാകുന്നത്. ചൂണ്ട ഇടുന്നതിനിടയില്‍ ശരത്കുമാര്‍ ഭാര്യയ്ക്കു ലൊക്കേഷന്‍ സ്‌കെച്ച് അയച്ചിരുന്നു. വൈകിയും ഭര്‍ത്താവ് തിരിച്ച് എത്താതിരുന്നതോടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെ വിശദീകരിച്ച് ഇവര്‍ നോര്‍ത്ത് ലാന്‍ഡ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വാങ്കരെ ഹെഡ്‌സിലെ തൈഹരൂരു കടലിടുക്കില്‍ ഉള്‍പ്പെടെ പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നു 3 കിലോമീറ്റര്‍ മാറി തീരക്കടലില്‍ നിന്നാണ് ശരത്കുമാറിന്റെ മൃതദേഹം ലഭിച്ചത്. എന്നാല്‍ ഫെര്‍സില്‍ ബാബു(36)വിന് വേണ്ടിയുളള തിരച്ചില്‍ ഊര്‍ജിതമാക്കി.

മികച്ച തൊഴിലവസരം തേടിയാണ് ഫെര്‍സില്‍ ബാബു ന്യൂസിലന്‍ഡില്‍ എത്തിയത്. ഒടുവില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് ജോലിയില്‍ പ്രവേശിക്കാനുളള തയാറെടുപ്പിനിടയിലാണു ദാരുണമായ സംഭവം ഉണ്ടായത്.

ദുബായില്‍ ജോലി ചെയ്ത് വരവെ ന്യൂസിലന്‍ഡില്‍ സര്‍ക്കാര്‍ നഴ്സായ തിരുവല്ല കാവുംഭാഗം സ്വദേശി ആഷ്ലിയെ ഫെര്‍സില്‍ വിവാഹം കഴിച്ചു. തുടര്‍ന്ന് ഇരുവരും ന്യൂസിലന്‍ഡിലേക്ക് പോയി. തുടര്‍ന്ന് ജോലി നേടാനുളള പരിശ്രമത്തിലായിരുന്നു.

വിവാഹത്തിനു തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിലേക്കു പോയ ദമ്പതികള്‍ക്ക് അവിടെവച്ചാണ് ആണ്‍കുഞ്ഞ് പിറന്നത്. ആറു മാസമായ മിഖായിലിന്റെ മാമോദീസയ്ക്കു കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വരാന്‍ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിനിടെയാണ് ഫെര്‍സിലിനു വര്‍ക്ക്പെര്‍മിറ്റ് ലഭിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനായിരുന്നു തീരുമാനം.

ആറു മാസം മുമ്പാണ് കുടുംബം സെന്‍ട്രല്‍ വാങ്കരെയിലേക്ക് താമസം ആരംഭിച്ചത്. ന്യൂസിലന്‍ഡിലെ ഗ്രാമീണ മേഖലയാണിത്. ഈ ഭാഗത്തെ കടല്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ധാരണ ഉണ്ടായിരുന്നില്ല. കാഴ്ചയില്‍ ശാന്തമെന്നു തോന്നുമെങ്കിലും പെട്ടെന്ന് തിരയുയരുകയും താഴുകയും ചെയ്യുന്ന ഇടമാണ്. അപകട മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല. തിര കയറി ഇറങ്ങുന്നതിനാല്‍ വഴുക്കലുള്ള പാറ കൂട്ടങ്ങളാണ്. അപകടകരമായ പാറ ഇടുക്കുകളുമുണ്ട്. ഇതൊന്നും അറിയാതെയാണ് ഫെര്‍സിലും സുഹൃത്തും ഇവിടെ ചൂണ്ട ഇടാനെത്തി അപകടത്തില്‍പെട്ടതെന്ന് പറയുന്നു.

കുവൈത്തില്‍ നഴ്‌സ് ആയിരുന്ന ശരത്തും കുടുംബവും ആറ് മാസം മുന്‍പാണു ന്യൂസീലാന്‍ഡിലെത്തിയത്. വാങ്കരെ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്. ഭാര്യ: സൂര്യ എസ്. നായര്‍. മകള്‍ ഐഷാനി നായര്‍.

രണ്ടും കുടുംബങ്ങള്‍ക്കും പിന്തുണയും സഹായവും ഉറപ്പാക്കാനായി വാങ്കരെ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ശരത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.