വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം; ബൂത്ത് ഏജന്റായി 'വ്യാജന്‍' കയറിയെന്ന് സിപിഎം

വോട്ടെടുപ്പിനിടെ പശ്ചിമ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം; ബൂത്ത് ഏജന്റായി 'വ്യാജന്‍' കയറിയെന്ന് സിപിഎം

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം. മുര്‍ഷിദാബാദിലെ ലോചന്‍പൂരിലെയും ജാംഗിപൂരിലെയും പോളിങ് ബൂത്തുകളില്‍ സംസ്ഥാനത്തെ മൂന്ന് പ്രധാന പാര്‍ട്ടികളായ സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ബംഗാളിലെ ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പുകളിലും അക്രമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോചന്‍പൂരില്‍ പാര്‍ട്ടി ബൂത്ത് ഏജന്റിനെ മര്‍ദ്ദിച്ചോടിച്ചെന്നും പകരം തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഎം ഏജന്റുമാരാണെന്ന് നടിച്ച് ബൂത്തില്‍ ഇരുന്നെന്നും സിപിഎമ്മിന്റെ മുര്‍ഷിദാബാദ് സ്ഥാനാര്‍ത്ഥി മുഹമ്മദ് സലിം ആരോപിച്ചു. ഡോംകല്‍ സബ്ഡിവിഷനിലെ റാണിനഗര്‍ ബ്ലോക്കിലെ ലോചന്‍പൂര്‍ ഏരിയയിലെ 36-ാം നമ്പര്‍ ബൂത്തില്‍ കേന്ദ്ര സേനയുടെ മുന്നില്‍ വച്ചായിരുന്നു സംഭവം.

മൂന്ന് കിലോമീറ്റര്‍ അകലെയുള്ള സമീപ ഗ്രാമമായ പഹാര്‍പൂരിലെ വാഴത്തോട്ടത്തില്‍ 'യഥാര്‍ത്ഥ' സിപിഎം ഏജന്റ് മൊസ്താകിന്‍ ഷെയ്ഖിനെ ഒരു മണിക്കൂറോളം ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് സലിം പറഞ്ഞു. തുടര്‍ന്ന് ഏജന്റിനെ ബൂത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഏര്‍പ്പാട് ചെയ്തു. ബൂത്തില്‍ നിന്ന് 'വ്യാജ ഏജന്റിനെ' പുറത്താക്കുകയും ചെയ്തു.

മുര്‍ഷിദാബാദിലെ ജംഗിപൂരിലെ പോളിംഗ് ബൂത്തില്‍ തൃണമൂല്‍ ബൂത്ത് പ്രസിഡന്റ് ബിജെപി സ്ഥാനാര്‍ത്ഥി ധനഞ്ജയ് ഘോഷുമായി ഏറ്റുമുട്ടി. തൃണമൂല്‍ ബൂത്ത് ഏജന്റാണ് തന്നെ ഭീഷണിപ്പെടുത്തിയത് എന്നും ഒരു സ്ഥാനാര്‍ത്ഥിയോട് ഇങ്ങനെ പെരുമാറിയാല്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നും ധനഞ്ജയ് ഘോഷ് ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടുമെന്നും അദേഹം പറഞ്ഞു. എന്നാല്‍ ധനഞ്ജയ് ഘോഷ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂല്‍ നേതാവ് ഗൗതം ഘോഷ് ആരോപിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു നേതാക്കളെയും കേന്ദ്രസേന ബൂത്തില്‍ നിന്ന് നീക്കി. അതിനിടെ ബെര്‍ഹാംപൂര്‍ സബ്ഡിവിഷനിലെ മുര്‍ഷിദാബാദിലെ ഹരിഹര്‍പാരയിലെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായി.

സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഹരിഹര്‍പാറ പൊലീസ് സ്ഥലത്തെത്തി. 2003 മുതലുള്ള എല്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും സംഘര്‍ഷങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മുര്‍ഷിദാബാദില്‍ തിരഞ്ഞെടുപ്പിനിടെയുള്ള രാഷ്ട്രീയ അക്രമങ്ങള്‍ പുതുമയുള്ള കാര്യമല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ആരംഭിച്ചത്. സംഘര്‍ഷങ്ങള്‍ക്കിടയിലും ബംഗാളിലാണ് നിലവിലെ കണക്കനുസരിച്ച് പോളിങ് കൂടുതല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.