എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

71,831 പേര്‍ക്ക് ഫുള്‍ എ പ്ലസ്.
892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.
ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 99.8 ശതമാനം വിജയം.


തിരുവനനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു 99.69 ആണ് വിജയ ശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെ കുറവുണ്ടായി.

2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ്. 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി.

വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത് (99.92 %). പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയ ശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്ക് കൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്.ഇ ഫലങ്ങളറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ 'സഫലം 2024' എന്ന മൊബൈല്‍ ആപ്പും കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സജ്ജമാക്കി.

എസ്എസ്എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല - റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണമായ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും'റിസള്‍ട്ട് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും 'Saphalam 2024' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.