എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: അടുത്ത ദിവസങ്ങളിലും സര്‍വീസുകള്‍ വെട്ടിച്ചുരുക്കമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. തൊണ്ണൂറിലേറെ വിമാന സര്‍വീസുകളെ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് ബാധിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് സിഇഒ ആലോക് സിങ് പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ക്ക് എയര്‍ ഇന്ത്യ കത്തയച്ചിട്ടുണ്ട്.

ജീവനക്കാരുടെ സമരത്തെത്തുടര്‍ന്ന് ബുധനാഴ്ച എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങളുടെ സര്‍വീസുകള്‍ രാജ്യത്താകെ മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വരും ദിവസങ്ങളിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ അസുഖ ബാധിതരാണെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് അലോക് സിങ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ 100 ലധികം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അവരുടെ ഡ്യൂട്ടിക്ക് മുമ്പ് അസുഖം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അവസാന നിമിഷത്തില്‍ പ്രവര്‍ത്തനങ്ങളെ ഇത് തടസപ്പെടുത്തി. 90 ലധികം വിമാനങ്ങളുടെ സര്‍വീസുകളെ ഇതുബാധിച്ചുവെന്നും അദേഹം വ്യക്തമാക്കി. യുഎഇയില്‍ നിന്നുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യാഴം, വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്.

നാളത്തെ അല്‍ഐന്‍-കോഴിക്കോട് വിമാനം, വെള്ളിയാഴ്ചത്തെ റാസല്‍ഖൈമ-കണ്ണൂര്‍ വിമാനം, ശനിയാഴ്ചത്തെ റാസല്‍ഖൈമ-കോഴിക്കോട്, അബുദാബി-കണ്ണൂര്‍ വിമാനങ്ങള്‍. തിങ്കളാഴ്ചത്തെ ഷാര്‍ജ കണ്ണൂര്‍, അബുദാബി-കണ്ണൂര്‍, ദുബായ്-കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്.
എയര്‍ ഇന്ത്യ എക്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധിപേര്‍ക്കാണ് വിമാനം റദ്ദാക്കപ്പെട്ടതുമൂലം യാത്ര മുടങ്ങിയത്.

അതേസമയം രാത്രി തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കിയതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍ രംഗത്തെത്തിയിരുന്നു. ഇന്ന് രാത്രി 10:10 ന് പുറപ്പെടേണ്ട വിമാനമായിരുന്നു. വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.