പെര്‍ത്ത്: നഗരമധ്യത്തില്‍ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, പൊലീസിന്റെ വെടിയേറ്റു മരിച്ച കൗമാരക്കാരനെക്കുറിച്ച് പുറത്ത് വരുന്നത് ഗൗരവമേറിയ ആരോപണങ്ങള്‍. 16കാരന്‍ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ തന്റെ സഹപാഠികളെയും ഇത്തരം ആശയങ്ങളിലേക്കു നയിക്കാനും മതപരിവര്‍ത്തനത്തിനും ശ്രമിച്ചിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കൗമാരക്കാരന്‍ പഠിച്ചിരുന്ന പെര്‍ത്തിലെ റോസ്‌മോയ്ന്‍ സീനിയര്‍ ഹൈസ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് പ്രതിക്കെതിരേ ഗൗരവമേറിയ ആരോപണവുമായി രംഗത്തുവന്നത്. ഇതുകൂടാതെ 2022ല്‍ സ്‌കൂള്‍ ടോയ്ലറ്റില്‍ ചെറിയ സ്ഫോടനം നടത്തിയ സംഭവത്തില്‍ കൗമാരക്കാരന് പങ്കുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
വില്ലെറ്റണിലുണ്ടായ ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കൗമാരക്കാരന്റെ പ്രവൃത്തികളെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ച് ഈ രക്ഷിതാവ് സ്‌കൂളിന് ഇ-മെയില്‍ അയച്ചിരുന്നു. ഏപ്രില്‍ മൂന്നിനാണ് കത്ത് അയച്ചിരിക്കുന്നത്. വില്ലെറ്റണില്‍ ആക്രമണമുണ്ടാകുന്നത് മെയ് നാലിനും. ബണിംഗ്‌സിന്റെ കാര്‍ പാര്‍ക്കിങ്ങില്‍ വച്ച് ഒരാളെ കുത്തിയ പ്രതി പോലീസിനെയും ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് വെടിയേറ്റു മരിച്ചത്. 'ദി സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡാണ്' രക്ഷിതാവ് അയച്ച ഇ-മെയില്‍ പ്രസിദ്ധീകരിച്ചത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ മതം മാറ്റാന്‍ റോസ്‌മോയ്ന്‍ സീനിയര്‍ ഹൈസ്‌കൂളില്‍ വച്ച് കൗമാരക്കാരന്‍ ശ്രമിച്ചിരുന്നുവെന്ന് രക്ഷിതാവ് കത്തില്‍ വെളിപ്പെടുത്തുന്നു. സ്‌കൂളിലെ പ്രാര്‍ത്ഥനാ മുറിയാണ് ഇതിനായി ഉപയോഗിച്ചിരുന്നതെന്ന് അമ്മ പറയുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും ഇവര്‍ സ്‌കൂള്‍ അധികാരികളെ അറിയിക്കുന്നു.
'വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ തന്റെ മകനെ കൗമാരക്കാരന്‍ കാണിച്ചിരുന്നു. ഇക്കാര്യം രഹസ്യമായിരിക്കണമെന്നും മാതാപിതാക്കളെ അറിയിക്കരുതെന്നും അവനോട് പറഞ്ഞു. മതപരിവര്‍ത്തനം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ താന്‍ കണ്ടിട്ടുണ്ട്' - രക്ഷിതാവ് കത്തില്‍ പറയുന്നു.
'ഇസ്ലാം മതത്തിലേക്കുള്ള പരിവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സന്ദേശങ്ങളില്‍ അടങ്ങിയിരിക്കുന്നത്. ഇത് തന്റെയുള്ളില്‍ ഭയം ജനിപ്പിക്കുന്നു, കൂടുതല്‍ വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനത്തിനായി അവന്‍ ലക്ഷ്യമിട്ടിരുന്നു' - കത്തില്‍ പറയുന്നു.
'ഞാനും എന്റെ ഭര്‍ത്താവും ഞങ്ങളുടെ കുട്ടിയുടെ സുരക്ഷയെ ഓര്‍ത്ത് കടുത്ത ഭീതിയിലാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ എന്റെ മകനെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അവര്‍ കത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മറ്റൊരു വിദ്യാര്‍ത്ഥിയുമായുള്ള വഴക്കിനെത്തുടര്‍ന്ന് 16 കാരനെ സ്‌കൂളില്‍ നിന്ന് ദിവസങ്ങളോളം സസ്‌പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ലിസ റോജേഴ്സ് എബിസിയോട് വെളിപ്പെടുത്തിയിരുന്നു.
കൗമാരക്കാരനും മറ്റൊരു വിദ്യാര്‍ത്ഥിയും ചേര്‍ന്ന് ലിഥിയം ബാറ്ററി ടോയ്ലറ്റിലേക്ക് വലിച്ചെറിഞ്ഞ് ചെറിയ സ്‌ഫോടനം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് ഡീറാഡിക്കലൈസേഷന്‍ പ്രോഗ്രാമിന് വിധേയനാക്കിയത്. അന്ന് ഭാഗ്യത്തിന് ആര്‍ക്കും ഒന്നും സംഭവിച്ചില്ല.
ഇ-മെയില്‍ അയച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് പെര്‍ത്തിനെയാകെ നടുക്കിയ സംഭവമുണ്ടായത്. താന്‍ ജിഹാദിന്റെ പാതയിലാണെന്ന് സ്വയം പ്രഖ്യാപിച്ച കൗമാരക്കാരന്റെ മരണത്തിനു മുന്‍പുള്ള സന്ദേശങ്ങള്‍ ലഭിച്ചതോടെയാണ് സംഭവത്തിന്റെ തീവ്ര സ്വഭാവത്തെക്കുറിച്ച് പോലീസിന് വ്യക്തമായത്. ഇതിനൊപ്പം രക്ഷിതാവിന്റെ ഇ-മെയിലും കൂട്ടിവായിക്കുമ്പോഴാണ് കൗമാരക്കാരന്റെ പ്രവൃത്തിയുടെ ആഴം വ്യക്തമാകൂ. വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നതോടെ റോസ്‌മോയ്ന്‍ സീനിയര്‍ ഹൈസ്‌കൂളിലെ മാതാപിതാക്കള്‍ ആശങ്കയിലാണ്. സ്‌കൂളുകളില്‍ പ്രാര്‍ത്ഥനാ മുറികള്‍ വേണ്ടെന്നുള്ള വാദത്തിന് അടിവരയിടുന്നത് ഈ സംഭവം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.