പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിന്റെ വിജയം ദുബായില്‍ ആഘോഷിച്ചു

പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിന്റെ വിജയം ദുബായില്‍ ആഘോഷിച്ചു

ദുബായ്: ഇന്ത്യയിലെ പ്രഥമ പ്രൊഫഷണല്‍ വോളിബോള്‍ ലീഗായ പ്രൈം വോളിബോള്‍ ലീഗ് - ചാമ്പ്യന്മാരായ കാലിക്കറ്റ് ഹീറോസിന്റെ വിജയം ദുബായില്‍ ആഘോഷിച്ചു. ദുബായ് അല്‍ സാഹിയ ഹാളില്‍ നടന്ന ചടങ്ങില്‍ ടീം ക്യാപ്റ്റന്‍ ജെറോം വിനീത് അടക്കമുള്ള താരങ്ങളും ടീം മാനേജ്മെന്റും നിരവധി പ്രമുഖരും പങ്കെടുത്തു. കഴിഞ്ഞ മാസം ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹി തൂഫാന്‍സിനെ 3-1ന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ഹീറോസ് ചാമ്പ്യന്മാരായത്

ഈ വിജയത്തോടെ ഇന്ത്യയില്‍ നടക്കുന്ന വിവിധ പ്രൊഫഷണല്‍ ലീഗുകളില്‍ നിന്ന് ചാമ്പ്യന്‍ പട്ടം നേടിയ ആദ്യ കേരള ടീമായി കാലിക്കറ്റ് ഹീറോസ് മാറി. പ്രൈം വോളിബോള്‍ ലീഗില്‍ ജേതാക്കളായതിനെ തുടര്‍ന്ന് ഡിസംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോക എഫ്‌ഐവിബി ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക കേരളത്തില്‍ നിന്നുള്ള ഈ ടീമായിരിക്കും.ദുബായ് രാജകുടുംബാംഗം ഷെയ്ഖ് ഷംസ ബിന്ദ് ഹഷര്‍ അല്‍ മഖ്ദൂം കേക്ക് മുറിച്ച് ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഹീറോസിന്റെ പ്രധാന ഡയറക്ടര്‍ ബോര്‍ഡംഗം സഫീര്‍ ബിക്കണ്‍, കോച്ച് കിഷോര്‍, എക്സ് എ മാര്‍ക്കറ്റ്സ് ഡയറക്ടര്‍മാരായ ഇസ്മായില്‍ എലൈറ്റ്, ജഷീര്‍ പി കെ,ശ്രീജിത്, സ്‌പോണ്‍സര്‍ അബ്ദുള്ള ഫലഖ്‌നാസ്, റിയാസ് ചേലേരി, അലോക് സംഘി, സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി, ഷംസുദ്ദീന്‍ നെല്ലറ, ആര്‍.ജെ ഫസലു, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അജ്മല്‍ ഖാന്‍ തുടങ്ങിയവരും സംബന്ധിച്ചു.

കാലിക്കറ്റ് ഹീറോസിന്റെ മുഖ്യ പ്രായോജകരായ എക്സ് എ മാര്‍ക്കറ്റ്സാണ് ജേതാക്കള്‍ക്ക് പ്രവാസ ലോകത്ത് ആദരം നല്‍കാന്‍ ചടങ്ങ് ഒരുക്കിയത്. ടീം ക്യാപ്റ്റന്‍ ജെറോം വിനീതിനെ പരിപാടിയില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ലീഗിലെ ഉജ്ജ്വല വിജയം കേരളത്തിന്റെ വോളിബോള്‍ മേഖലയ്ക്ക കൂടുതല്‍ ഉണര്‍വ് നല്‍കുമെന്ന് ജെറോം വിനീത് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.