എമിറാത്തി തൊഴിൽശാക്തീകരണം; നാഫിസ് അവാർഡ്സിൽ തിളങ്ങി ബുർജീൽ ഹോൾഡിങ്‌സ്, രണ്ട് വിഭാഗങ്ങളിൽ ഒന്നാമത്, ഗ്രൂപ്പിന് മൂന്ന് പുരസ്‌കാരങ്ങൾ

എമിറാത്തി തൊഴിൽശാക്തീകരണം; നാഫിസ് അവാർഡ്സിൽ തിളങ്ങി ബുർജീൽ ഹോൾഡിങ്‌സ്,  രണ്ട് വിഭാഗങ്ങളിൽ ഒന്നാമത്, ഗ്രൂപ്പിന് മൂന്ന് പുരസ്‌കാരങ്ങൾ

അബുദാബി: നാഫിസ് അവാർഡിന്റെ രണ്ടാം ഘട്ടത്തിൽ മൂന്ന് അവാർഡുകൾ കരസ്ഥമാക്കി ബുർജീൽ ഹോൾഡിങ്‌സ്. ആരോഗ്യ മേഖലയിൽ എമിറാത്തി പ്രതിഭകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള ബുർജീൽ ഹോൾഡിങ്‌സിന്റെ പരിശ്രമങ്ങൾക്കാണ് ഈ അംഗീകാരം. അബുദാബിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്.

'പ്രോജക്ട്സ് ഓഫ് ദി 50' അജണ്ടയുടെ ഭാഗമായി ആരംഭിച്ച നാഫിസ് അവാർഡിന്റെ പ്രധാന ലക്‌ഷ്യം എമിറാത്തി പൗരന്മാരെ സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയാണ്. വൈസ് പ്രസിഡന്റും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി മന്ത്രിയും എമിറാത്തി ടാലൻ്റ് കോംപറ്റീറ്റീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ച നാഫിസ് അവാർഡ് സ്വകാര്യ, ബാങ്കിംഗ് മേഖലകളിൽ നിന്നുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയുമാണ് 2023-2024 വർഷത്തെ രണ്ടാം ഘട്ടത്തിൽ അംഗീകരിച്ചത്.

രണ്ടു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനത്തെത്തി മൂന്ന് അവാർഡുകളാണ് ബുർജീൽ ഹോൾഡിംഗ്സ് നേടിയത്. വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ബുർജീലിന് ലഭിച്ച അവാർഡ് ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ ഏറ്റുവാങ്ങി. ബുർജീൽ ഹോൾഡിംഗ്സിലെ ഓങ്കോളജി സർവീസസ് ഡയറക്ടർ പ്രൊഫ.ഹുമൈദ് അൽ ഷംസി, ബുർജീൽ ഡേ സർജറി സെൻ്റർ അൽറീം ഐലൻഡിലെ കൺസൾട്ടൻ്റ് ഡെർമറ്റോളജിസ്റ്റ് ഡോ.മറിയം അൽ സുവൈദി എന്നിവർക്കാണ് വ്യക്തികളുടെ വിഭാഗത്തിൽ ഒന്നാമതുള്ള പുരസ്കാരം. ആയിഷ അൽ മഹ്രി, ഡെപ്യൂട്ടി സിഇഒ, ബുർജീൽ മെഡിക്കൽ സിറ്റി; നാസർ അൽ റിയാമി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ - പ്രോജക്ട്, ബുർജീൽ ഹോൾഡിങ്സ്; സാറ അൽ കത്തീരി, ന്യൂട്രീഷനിസ്റ്റ്, ബുർജീൽ മെഡിക്കൽ സിറ്റി, എന്നിവരെയും ആദരിച്ചു.

പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ആരോഗ്യ സംരക്ഷണ മേഖലയിൽ അവരുടെ കരിയർ മുന്നേറ്റത്തിനുള്ള വഴികൾ സുഗമമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണ് ഈ പുരസ്കാരമെന്ന് ഡോ. ഷംഷീർ പറഞ്ഞു.

ബുർജീൽ ഹോൾഡിംഗ്സിൽ നിലവിൽ ഡോക്ടർമാർ, നഴ്സുമാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവരുൾപ്പെടെ നിരവധി യുഎഇ പൗരന്മാരാണ് ജോലി ചെയ്യുന്നത്. എമിറാത്തി പൗരന്മാരെ ആരോഗ്യമേഖലയിലേക്ക് ആകർഷിക്കാൻ സർക്കാരുമായി ചേർന്ന് ബുർജീൽ ഹോൾഡിങ്‌സ് സജീവമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിരവധി ശില്പശാലകളും പരിശീലന സംരംഭങ്ങളും നഫീസ് പ്രോഗ്രാമുമായി സഹകരിച്ച് എമിറാത്തി ആരോഗ്യ പ്രവർത്തകർക്കായി നടത്തി. വിദ്യാർത്ഥികൾക്കായി ഇൻ്റേൺഷിപ്പുകളും വികസന പദ്ധതികളും ഉൾക്കൊള്ളുന്ന പ്രോഗ്രാമുകൾ ഗ്രൂപ്പ് വിഭാവനം ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.