സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി

സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍; 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കിത്തുടങ്ങി. അപേക്ഷ നല്‍കിയ 14 പേര്‍ക്ക് പൗരത്വം നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും മുമ്പ് സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ചെയ്തിരുന്നില്ല. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10 ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി മത വിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാര്‍ലമെന്റ് പാസാക്കിയത്. 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുക.

കഴിഞ്ഞ മാര്‍ച്ച് 11 നാണ് സിഎഎ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തത്. ഇതിന് പിന്നാലെയാണ് പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി ആക്കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനായി പ്രത്യേക പോര്‍ട്ടലും സജ്ജമാക്കിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.