ഇന്ത്യന്‍ ഫുട്ബോളില്‍ രണ്ട് ദശാബ്ദക്കാലം നിറഞ്ഞുനിന്ന താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ഇന്ത്യന്‍ ഫുട്ബോളില്‍ രണ്ട് ദശാബ്ദക്കാലം നിറഞ്ഞുനിന്ന താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ന്യൂഡല്‍ഹി: രണ്ട് ദശാബ്ദക്കാലം ഇന്ത്യന്‍ ഫുട്ബോളിലെ നിറസാന്നിധ്യമായിരുന്ന സുനില്‍ ഛേത്രി വിരമിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് 39 കാരനായ സുനില്‍ ഛേത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് വേണ്ടി ആദ്യം കളിച്ച ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വികാരപരമായ വാക്കുകളോടെയാണ് വീഡിയോയില്‍ സുനില്‍ ഛേത്രി സംസാരിക്കുന്നത്.

കൊല്‍ക്കത്തയില്‍ ജൂണ്‍ ആറിന് കുവൈറ്റിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തോടെ വിരമിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം.
2005 ജൂണ്‍ 12 ന് പാകിസ്ഥാനെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു സുനില്‍ ഛേത്രി രാജ്യത്തിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 150 മത്സരങ്ങളില്‍ നിന്നായി 94 ഗോളുകള്‍ ഇതുവരെ നേടിയിട്ടുണ്ട്. 19 വര്‍ഷത്തെ കരിയറില്‍ കളിയിലെ സമ്മര്‍ദ്ദവും അളക്കാനാകാത്ത സന്തോഷവും ഇടകലര്‍ന്ന ഓര്‍മ്മകളാണുളളതെന്ന് സുനില്‍ ഛേത്രി പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്.  ആദ്യ മത്സരവും ആദ്യ ഗോളും ദേശീയ ടീമിനൊപ്പമുളള യാത്രയില്‍ അവിസ്മരണീയമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ബംഗളൂരു എഫ്സിയെ കിരീടത്തിലേക്ക് നയിച്ച സുനില്‍ ഛേത്രി ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ഡെംപോ ഗോവ, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ട് അണിഞ്ഞിട്ടുണ്ട്.

ആറ് തവണ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. 2019 ല്‍ രാജ്യം പദ്മശ്രീ നല്‍കി അദേഹത്തെ ആദരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.