പെര്‍ത്ത്: ജീവന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച്, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കു വേണ്ടി ജപമാലകളും പ്ലക്കാര്‍ഡുകളുമായി പെര്‍ത്തില്‍ അണിനിരന്നത് ആയിരങ്ങള്‍. പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഇന്നലെ നടന്ന 'റാലി ഫോര്‍ ലൈഫ്' ഭ്രൂണഹത്യക്കെതിരേയുള്ള ശക്തമായ ബോധവല്‍കരണ സന്ദേശമായി മാറി. സിറോ മലബാര്‍ ഇടവകയിലെ യുവജനങ്ങള്‍ ഉള്‍പ്പെടെ നിരവധി മലയാളികള്‍ പങ്കെടുത്ത പരിപാടി Coalition for life എന്ന സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.
കെംസ്‌കോട്ട് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയിലെ വികാരി ഫാ. പവല്‍ ഹെര്‍ഡ നയിച്ച പ്രാര്‍ത്ഥനയോടെയാണ് 'റാലി ഫോര്‍ ലൈഫ്' ആരംഭിച്ചത്. ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്റ്റേറ്റ് ഡയറക്ടര്‍ മാരിക ഗ്രോനെവാള്‍ഡ് മുഖ്യപ്രഭാഷണം നടത്തി.
ഗര്‍ഭച്ഛിദ്രത്തിലൂടെ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മാത്രം 9396 ജീവനുകളാണ് പൊലിഞ്ഞതെന്ന് മാരിക ഗ്രോനെവാള്‍ഡ് പറഞ്ഞു. ഓരോ ദിവസവും 26 ജീവനുകള്‍. ഡൗണ്‍ സിന്‍ഡ്രോം സംശയത്തിന്റെ പേരില്‍ 55 ഗര്‍ഭഛിദ്രങ്ങള്‍ നടന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായ നിയമഭേദഗതി നിലവില്‍ വന്നത്. ഈ നിയമനിര്‍മ്മാണത്തെ പരിഷ്‌കാരം എന്ന് വിളിക്കുന്നത് പോലും അപമാനകരമാണ്, കാരണം ഇതൊന്നും ഒരു അമ്മയുടെയോ കുഞ്ഞിന്റെയോ ജീവിതം മെച്ചപ്പെടുത്തുന്നില്ല. ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് ആലോചിക്കുന്ന അമ്മമാര്‍ക്ക് മികച്ച ബോധവല്‍കരണം നല്‍കുന്ന സേവന കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് വേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു.
ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ സ്റ്റേറ്റ് ഡയറക്ടര്‍ മാരിക ഗ്രോനെവാള്‍ഡ് മുഖ്യപ്രഭാഷണം നടത്തുന്നു.
കൈകളില്ലാതെ ജനിച്ച്, പ്രതിസന്ധികളെ അതിജീവിച്ച് വളര്‍ന്ന വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥി ജോസിയ കാപ്പര്‍ട്ട് തന്റെ ജീവിതകഥ പങ്കുവെച്ചു. 25 വര്‍ഷം മുമ്പ് മകന്റെ വൈകല്യങ്ങളെക്കുറിച്ച് അറിഞ്ഞനിമിഷം മാതാപിതാക്കള്‍ക്ക് ഗര്‍ഭച്ഛിദ്രത്തിലൂടെ തന്നെ ഇല്ലാതാക്കാമായിരുന്നു. ഞാന്‍ ജീവിക്കാനുള്ള സാധ്യത കുറവാണെന്നും അബോര്‍ഷനാണു നല്ലതെന്നും ഡോക്ടര്‍മാരും പറഞ്ഞപ്പോള്‍ എന്റെ കുടുംബം പള്ളിയില്‍ അണിനിരന്ന് ഒരു അത്ഭുതത്തിനായി വിളിച്ചു.
ദൈവം നല്‍കിയ മകനിലേക്ക് അവര്‍ സ്‌നേഹവും കരുതലും സമൃദ്ധമായി നല്‍കി. നിങ്ങള്‍ക്കു മുന്‍പില്‍ കാണുന്ന പക്വതയും ആത്മവിശ്വാസവുമുള്ള യുവാവായി എന്നെ വളര്‍ത്തി.
കൈകളില്ലാതെ ജനിച്ച എനിക്ക് ജീവിതത്തോട് പൊരുത്തപ്പെടുന്നത് ആദ്യം വെല്ലുവിളിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ സ്വതന്ത്രമായി താമസിക്കുന്ന ഫ്‌ളാറ്റില്‍ എന്നും രാവിലെ സിറിയല്‍സും കാപ്പിയും സ്വയം പാചകം ചെയ്യുന്നത് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ഞാന്‍ ഒറ്റയ്ക്ക് ചെയ്യുന്നു. ജീവിതത്തോട് എനിക്കിപ്പോള്‍ കടുത്ത അഭിനിവേശമുണ്ട്.
ഞാന്‍ പൂര്‍ണനായി ജനിച്ചിരുന്നെങ്കില്‍, ഒരുപക്ഷേ, എനിക്ക് ഇവിടെ നില്‍ക്കാന്‍ അവസരം ലഭിക്കുമായിരുന്നില്ല - ജോസിയ കാപ്പര്‍ട്ടിന്റെ പ്രചോദനാത്മകമായ ജീവിതകഥ വലിയ കൈയടികളോടെയാണ് പരിപാടിയില്‍ പങ്കെടുത്തവര്‍ ഏറ്റെടുത്തത്.
ഗര്‍ഭസ്ഥശിശുക്കള്‍ക്കു വേണ്ടി വാദിക്കുന്ന പാര്‍ലമെന്റ് അംഗം നിക്ക് ഗോരനും പ്രഭാഷണം നടത്തി. രാഷ്ട്രീയമായി ഏറ്റവും ഇരുണ്ട സമയമാണ് കഴിഞ്ഞ വര്‍ഷം സംഭവിച്ചതെന്ന് നിക്ക് ഗോരന്‍ പറഞ്ഞു. ഗര്‍ഭച്ഛിദ്ര നിയമ പരിഷ്‌ക്കരണ ബില്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് കഴിഞ്ഞ വര്‍ഷം പാസാക്കി. ആ കുപ്രസിദ്ധ നിയമം ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നു.
ഒരു കുഞ്ഞ് അബോര്‍ഷന്‍ പ്രക്രിയയില്‍ നിന്ന് അത്ഭുതകരമായി അതിജീവിക്കുകയും ജീവനോടെ ജനിക്കുകയും ചെയ്താല്‍ പോലും രക്ഷയുണ്ടാകില്ല. പുതിയ നിയമപ്രകാരം അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ മരണങ്ങളെക്കുറിച്ച് സംസ്ഥാന കൊറോണര്‍ ഇനി അന്വേഷിക്കില്ല. ഈ സാഹചര്യത്തില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് നാം സ്വയം ചോദിക്കണം? ഗര്‍ഭിണികളെ സഹായിക്കുന്ന സേവന കേന്ദ്രങ്ങളാണ് നമുക്കാവശ്യം. അപ്രതീക്ഷിതമായ ഒരു ഗര്‍ഭാവസ്ഥയില്‍ അവള്‍ക്ക് പിന്തുണ നല്‍കുന്ന സാമൂഹിക സാഹചര്യമുണ്ടാകണം - നിക്ക് ഗോരന്‍ വ്യക്തമാക്കി.
ജോസിയ കാപ്പര്‍ട്ട് തന്റെ ജീവിതകഥ പങ്കുവയ്ക്കുന്നു
പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരി ഫാ. ബിബിന്‍ വേലംപറമ്പിലിന്റെ നേതൃത്വത്തില്‍ യുവജനങ്ങളും മാതൃവേദി പ്രവര്‍ത്തകരും ഉള്‍പ്പെടെ ജപമാലകളുമായി റാലിയില്‍ പങ്കെടുത്തു.
ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി, ഓസ്ട്രേലിയന്‍ ഫാമിലി അസോസിയേഷന്‍, റൈറ്റ് ടു ലൈഫ് അസോസിയേഷന്‍, തോമസ് മോര്‍ സെന്റര്‍ എന്നീ ക്രിസ്ത്യന്‍ സംഘടനകളിലെ അംഗങ്ങളും പ്രാര്‍ത്ഥനകളുമായി റാലിയില്‍ അണിനിരന്നു.
റാലിയിൽ പങ്കെടുത്ത പെര്‍ത്ത് സെന്റ് ജോസഫ് സിറോ മലബാര്‍ ഇടവകാംഗങ്ങള്‍ അസിസ്റ്റന്റ് വികാരി ഫാ. ബിബിന്‍ വേലംപറമ്പിലിനൊപ്പം
ഗര്‍ഭസ്ഥ ശിശുക്കളെ സംരക്ഷിക്കാനും പെര്‍ത്തില്‍ എല്ലാ വര്‍ഷവും 'റാലി ഫോര്‍ ലൈഫ്' സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം റാലി തടസപ്പെടുത്താന്‍ അന്‍പതോളം ഗര്‍ഭച്ഛിദ്രാനുകൂലികള്‍ ശ്രമിച്ചെങ്കിലും ഇക്കുറി റാലി സമാധാനപരമായാണ് അവസാനിച്ചത്.
ഫോട്ടോ: ബിജു പെര്‍ത്ത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.