'വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം; ഒരാള്‍ക്കും പ്രത്യേക പരിഗണന ഇല്ല': കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രീം കോടതി

'വിമര്‍ശനങ്ങള്‍ക്ക് സ്വാഗതം; ഒരാള്‍ക്കും പ്രത്യേക പരിഗണന ഇല്ല': കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം നല്‍കിയതില്‍ പ്രത്യേക പരിഗണനയൊന്നും ഇല്ലെന്ന് സുപ്രീം കോടതി. എന്തുകൊണ്ടാണ് ജാമ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും പറഞ്ഞു.

അറസ്റ്റ് ചെയ്ത എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി ചോദ്യം ചെയ്ത് കെജരിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. ജാമ്യം സംബന്ധിച്ച കെജരിവാളിന്റെ പ്രസംഗം ഇ.ഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം കെജരിവാളിന്റെ അഭിഭാഷകനും കോടതിയില്‍ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ തനിക്കു തിരിച്ചു ജയിലില്‍ പോവേണ്ടി വരില്ലെന്ന കെജരിവാളിന്റെ പ്രസംഗം ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. അത് കെജരിവാളിന്റെ വിലയിരുത്തല്‍ ആണെന്നും തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നും ബെഞ്ച് പ്രതികരിച്ചു.

പ്രത്യേക പരിഗണനയിലാണ് കെജരിവാളിന്റെ ജാമ്യമെന്ന അമിത് ഷായുടെ പ്രസംഗം പേരെടുത്തു പരാമര്‍ശിക്കാതെ അഭിഷേക് സിങ്വി കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിലും കോടതി മറുപടിയൊന്നും പറഞ്ഞില്ല.

ഒരാള്‍ക്കും പ്രത്യേക പരിഗണനയൊന്നും കൊടുത്തിട്ടില്ലെന്നും പറയാനുള്ളത് വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. വിധിയെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങള്‍ക്ക് സ്വാഗതമെന്നും കോടതി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് ഇക്കഴിഞ്ഞ പത്തിനാണ് സുപ്രീം കോടതി കെജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂണ്‍ ഒന്നിന് വോട്ടെടുപ്പ് അവസാനിക്കും. രണ്ടിന് കെജരിവാള്‍ ജയിലില്‍ എത്തി കീഴടങ്ങണം.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.