മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി കെട്ടിടം കൈയടക്കി പേരുമാറ്റി പാലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍; ക്ലാസുകള്‍ തടസപ്പെട്ടു; കടുത്ത നടപടിയെന്ന് അധികൃതര്‍

മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി കെട്ടിടം കൈയടക്കി പേരുമാറ്റി പാലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍; ക്ലാസുകള്‍ തടസപ്പെട്ടു; കടുത്ത നടപടിയെന്ന് അധികൃതര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയില്‍ ആര്‍ട്ട്‌സ് വെസ്റ്റ് കെട്ടിടം പാലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ അനധികൃതമായി കൈയടക്കി പേര് മാറ്റി. സംഭവത്തില്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി അധികൃതര്‍. കെട്ടിടം ഒഴിഞ്ഞില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ക്രിമിനല്‍ കുറ്റം ചുമത്തുന്നത് ഉള്‍പ്പെടെയുള്ള പോലീസ് നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ബാച്ചിലര്‍ ഓഫ് ആര്‍ട്‌സിനു വേണ്ടിയുള്ള കെട്ടിടം വിദ്യാര്‍ത്ഥികള്‍ അനധികൃതമായി കൈയടക്കിയതോടെ അവിടെ നടന്നുവന്നിരുന്ന ക്ലാസുകളും തടസപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ എല്ലാ പരിധികളും ലംഘിച്ചതായി സര്‍വകലാശാലാ ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. മൈക്കല്‍ വെസ്ലി കുറ്റപ്പെടുത്തി.

ആര്‍ട്സ് വെസ്റ്റ് കെട്ടിടത്തില്‍ വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ച് 24 മണിക്കൂറിനു ശേഷം പുറത്തുവിട്ട വീഡിയോയിലാണ് മാനേജ്മെന്റിന്റെ ക്ഷമ നശിച്ചതായി പ്രൊഫ. മൈക്കല്‍ വെസ്ലി വ്യക്തമാക്കുന്നത്.

'ഞങ്ങള്‍ പോലീസുമായി ചര്‍ച്ചയിലാണ്. ഈ സാഹചര്യം എങ്ങനെ നിയന്ത്രണത്തിലാക്കാം എന്നതിനെക്കുറിച്ച് അവര്‍ നിര്‍ദേശം നല്‍കുന്നുണ്ട്. സര്‍വകലാശാലയുടെ പെരുമാറ്റച്ചട്ടങ്ങളും വിക്ടോറിയ പോലീസിന്റെ ഉത്തരവുകളും ലംഘിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ട് വെസ്റ്റ് കെട്ടിടത്തിന്റെ പേര് മഹ്‌മൂദ് ഹാള്‍ എന്ന് പേരു മാറ്റിയ പാലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികളുടെ നടപടി ക്യാമ്പസ് അധികൃതരെ പ്രകോപിതരാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് പൊലീസിന്റെ സഹായം തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം മെല്‍ബണ്‍ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കാനിരുന്ന പാലസ്തീന്‍ വിദ്യാര്‍ത്ഥിയാണ് മഹ്‌മൂദ് അല്‍നൗഖ്. എന്നാല്‍ ഒക്ടോബറില്‍ ഗസയില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ മഹ്‌മൂദും കുടുംബവും കൊല്ലപ്പെടുകയായിരുന്നു. മഹ്‌മൂദിന്റെ മരണത്തില്‍ അപലപിച്ചുകൊണ്ടാണ് പാലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ ആര്‍ട്ട് വെസ്റ്റ് കെട്ടിടത്തിന്റെ പേര് മാറ്റിയത്. കെട്ടിടത്തിന്റെ പേര് 'മഹമൂദ് ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്യുകയും നിരവധി ബാനറുകള്‍ കെട്ടിടത്തിനുള്ളില്‍ തൂക്കുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്ക് ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പിപ്പ് നിക്കോള്‍സണ്‍ ഉച്ചഭാഷിണിയിലൂടെ കെട്ടിടത്തിനുള്ളിനുള്ളിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു. അവരുടെ പ്രവൃത്തി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

കെട്ടിടത്തിനുള്ളിലും പുറത്തും തടിച്ചുകൂടിയ വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂറിനുള്ളില്‍ ക്യാമ്പസിന് പുറത്തുപോയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിക്കാത്തതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

രാജ്യത്തെ മറ്റ് മൂന്ന് സര്‍വകലാശാലകളിലും പ്രതിഷേധം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. സസ്‌പെന്‍ഷന്‍ അല്ലെങ്കില്‍ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡീകിന്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ചിട്ടുള്ള പാലസ്തീന്‍ അനുകൂല ക്യാമ്പുകള്‍ പിരിച്ചുവിടാനുള്ള രണ്ടാമത്തെ ഉത്തരവും വിദ്യാര്‍ത്ഥികള്‍ ലംഘിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ ടെന്റുകള്‍ നീക്കില്ലെന്നാണ് അവരുടെ വാദം.

ടെന്റുകള്‍ പൊളിക്കണമെന്ന് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷം ബുധനാഴ്ച വൈകുന്നേരം 200 ഓളം പേര്‍ പങ്കെടുത്ത പാലസ്തീന്‍ അനുകൂല റാലിയും സര്‍വകലാശാലയില്‍ നടന്നു.

പ്രക്ഷോഭം 5,000ത്തിലധികം വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ബാധിച്ചതായും 150 ക്ലാസുകള്‍ റദ്ദാക്കിയതായും മെല്‍ബണ്‍ സര്‍വകലാശാലാ വക്താവ് പറഞ്ഞു.

സര്‍വകലാശാല തന്നെയാണ് നിലവിലെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതെന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യാന്‍ തങ്ങള്‍ ഇടപെട്ടിട്ടില്ലെന്നും വിക്ടോറിയ പോലീസ് വ്യക്തമാക്കി.

യു.എസിനും ഓസ്‌ട്രേലിയയ്ക്കും പിന്നാലെ പടിഞ്ഞാറന്‍ യൂറോപ്പിലേക്കും ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ വ്യാപിക്കുന്നതായി ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രാന്‍സിലെ സയന്‍സ് പോ യൂണിവേഴ്സിറ്റില്‍ പാലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ വ്യാപകമായതോടെ വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.