ചെന്നൈയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രയേലിലേക്ക് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്‌പെയിന്‍

ചെന്നൈയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രയേലിലേക്ക് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്‌പെയിന്‍

ചെന്നൈ: ചെന്നൈയില്‍ നിന്ന് ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പല്‍ സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നത് തടഞ്ഞ് സ്‌പെയിന്‍.

ചെന്നൈയില്‍ നിന്ന് 27 ടണ്‍ സ്‌ഫോടക വസ്തുക്കളുമായി ഇസ്രയേലിലെ ഹൈഫ തുറമുഖത്തേക്ക് പോയതായിരുന്നു കപ്പല്‍. സ്പാനിഷ് വിദേശകാര്യ മന്ത്രി ഹോസെ മാനുവല്‍ ആല്‍ബാരസാണ് കപ്പല്‍ നങ്കൂരമിടുന്നതിന് അനുമതി നിക്ഷേധിച്ച കാര്യം വ്യക്തമാക്കിയത്.

'ഇതാദ്യമായാണ് ഞങ്ങള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. ഇസ്രയേലിലേക്കുള്ള ആയുധവുമായി സ്പാനിഷ് തുറമുഖത്ത് ഒരു കപ്പലെത്തുന്നതും ആദ്യമായാണ്. ഇസ്രയേലിലേക്കുള്ള ആയുധവുമായി സ്പാനിഷ് തുറമുഖത്ത് എത്തുന്ന ഏതൊരു കപ്പലിന്റെ കാര്യത്തിലും ഇതേ നയമായിരിക്കും സ്വീകരിക്കുക. പശ്ചിമേഷ്യയില്‍ ഇപ്പോള്‍ ആയുധങ്ങളല്ല, സമാധാനമാണ് ആവശ്യം' - ഹോസെ മാനുവല്‍ പറഞ്ഞു.

കപ്പലിന്റെ വിശദവിവരങ്ങള്‍ കൈമാറാന്‍ അദേഹം തയാറായിട്ടില്ല. എന്നാല്‍ തെക്കുകിഴക്കന്‍ തുറമുഖമായ കാര്‍ട്ടജീനയില്‍ മെയില്‍ നങ്കൂരമിടാന്‍ മരിയാന ഡാനിക്ക എന്ന കപ്പല്‍ അനുമതി തേടിയതായി ഗതാഗത മന്ത്രി ഓസ്‌കാര്‍ പ്യൂണ്ടെ അറിയിച്ചു.

ബോര്‍ക്കോം എന്നൊരു കപ്പലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് വിഭാഗവും സഖ്യകക്ഷികളായ ഇടതുപക്ഷ സുമാര്‍ സഖ്യവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

ബോര്‍ക്കോമില്‍ ഇസ്രയേലിലേക്കുള്ള ആയുധങ്ങളാണെന്നാണ് പാലസ്തീന്‍ അനുകൂലികളുടെ അവകാശവാദം. എന്നാല്‍ ചെക്ക് റിപ്പബ്ലിക്കിലേക്കുള്ള സൈനിക ഉപകരണങ്ങളാണെന്നാണ് ഗതാഗത മന്ത്രിയുടെ പക്ഷം.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ആയുധ വിതരണം സ്‌പെയിന്‍ അവസാനിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.