പോളിങ് കണക്കുകള്‍ 48 മണിക്കൂറിനകം പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി

 പോളിങ് കണക്കുകള്‍ 48 മണിക്കൂറിനകം പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതിയുടെ നോട്ടീസ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. സന്നദ്ധ സംഘടനയായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. അഡ്വ. മനിന്ദര്‍ സിങ്, അഡ്വ. അമിത് ശര്‍മ്മ എന്നിവരാണ് കമ്മിഷന് വേണ്ടി ഹാജരായത്. കേസ് സുപ്രീം കോടതി മെയ് 24 ന് വീണ്ടും പരിഗണിക്കും.

കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടണമെന്നും എന്തുകൊണ്ടാണ് അത് പുറത്തുവിടാന്‍ വൈകുന്നതെന്നും ഹര്‍ജി പരിഗണിക്കവെ കോടതി കമ്മിഷനോട് ചോദിച്ചു. കണക്കുകള്‍ പുറത്തുവിടുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്നും എന്നാല്‍ ഓരോ ബൂത്തിലേയും പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന 17 സി ഫോമുകള്‍ സമാഹരിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കി.

എ.ഡി.ആറിന് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഹാജരായി. തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും യഥാര്‍ഥ പോളിങ് കണക്കുകളില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന് അദേഹം കോടതിയില്‍ പറഞ്ഞു. 2019 ലാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും വിശദമായ മറുപടി അന്നുതന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയതാണെന്നും എന്നാല്‍ ഹര്‍ജിക്കാര്‍ അതില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.