ചാലക്കുടി: തൃശൂര്‍ ചാലക്കുടി സ്വദേശിനി കാനഡയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനായി കേരള പൊലീസും അന്വേഷണം തുടങ്ങി. യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലെത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ചാലക്കുടി സ്വദേശിനി ഡോണയാണ് ഒരാഴ്ച മുന്‍പു കാനഡയില്‍ മരിച്ചത്. പൂട്ടിക്കിടന്ന വീട് തുറന്ന് അകത്തുകയറിയാണു കനേഡിയന്‍ പൊലീസ് ഡോണയുടെ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഭര്‍ത്താവ് ചാലക്കുടി കുറ്റിച്ചിറ സ്വദേശി കണ്ണമ്പുഴ വീട്ടില്‍ ലാല്‍ കെ. പൗലോസിനെ കാണാനില്ലെന്നു വ്യക്തമായി. ഇതോടെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലയില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചത്. ലാലിനെ കണ്ടെത്താനായി കനേഡിയന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ഇന്ത്യയിലേക്കു കടന്നെന്നും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വിവരം ലഭിച്ചു. ഇതിനിടെ ഡോണയുടെ ബന്ധുക്കള്‍ കേരള ഡിജിപിക്കും റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.
ഈ സാഹചര്യത്തിലാണ് കേരള പൊലീസും ഇയാളെക്കുറിച്ച് അന്വേഷിക്കുന്നത്. മെയ് 16 ന് കാനഡയിലുള്ള ഇവരുടെ ബന്ധുക്കള്‍ക്കു ഡോണയുടെ മൃതദേഹം കാണാന്‍ അനുമതി ലഭിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നു ഡോണയുടെ പിതാവ് സാജന്‍ പടിക്കല അറിയിച്ചു. മൂന്നു വര്‍ഷം മുന്‍പായിരുന്നു ലാലിന്റെയും ഡോണയുടെയും വിവാഹം. ലാല്‍ ചൂതുകളിച്ച് ഒട്ടേറെ പണം നഷ്ടപ്പെടുത്തിയിട്ടുള്ളതായും ഇത് ഡോണ എതിര്‍ത്തിരുന്നതായും സൂചനയുണ്ട്. മരുമകനായ ലാല്‍ മകളെ കൊലപ്പെടുത്തിയതാണെന്ന സംശയം ഡോണയുടെ മാതാപിതാക്കള്‍ക്കുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.