ഒരു യുഗം അവസാനിച്ചു; ചരിത്രം സൃഷ്ടിച്ച റീഡേഴ്‌സ് ഡൈജസ്റ്റ് സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് യു.കെയില്‍ അടച്ചുപൂട്ടി

ഒരു യുഗം അവസാനിച്ചു; ചരിത്രം സൃഷ്ടിച്ച റീഡേഴ്‌സ് ഡൈജസ്റ്റ് സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് യു.കെയില്‍ അടച്ചുപൂട്ടി

ലണ്ടന്‍: കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട മാഗസിനായ റീഡേഴ്‌സ് ഡൈജസ്റ്റ് ബ്രിട്ടനില്‍ അടച്ചുപൂട്ടി. 86 വര്‍ഷം പുസ്തക പ്രേമികള്‍ക്ക് നിര്‍ലോഭമായ അറിവുകള്‍ പകര്‍ന്നു നല്‍കിയ ശേഷമാണ് റീഡേഴ്‌സ് ഡൈജസ്റ്റ് യുകെ എഡിഷന്‍ നിര്‍ത്തിയത്. അടച്ചുപൂട്ടുന്ന വാര്‍ത്ത മാസികയുടെ എഡിറ്റര്‍-ഇന്‍-ചീഫ് ഇവാ മാക്കെവിക് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിലൂടെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പേ അറിയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മാസികയുടെ ബ്രിട്ടീഷ് എഡിഷന്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചത്.

'അത്ഭുതകരമായ 86 വര്‍ഷങ്ങള്‍ക്ക് ശേഷം, റീഡേഴ്സ് ഡൈജസ്റ്റ് യുകെ അവസാനിച്ചുവെന്ന് അറിയിക്കേണ്ടി വരുന്നതില്‍ എനിക്ക് ദുഖമുണ്ട്. ഏകദേശം എട്ട് വര്‍ഷമായി ഈ ഐതിഹാസിക പ്രസിദ്ധീകരണത്തിന് സേവനം നല്‍കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യവും സന്തോഷവുമാണ്, കഴിഞ്ഞ ആറ് വര്‍ഷമായി അതിന്റെ കഴിവുറ്റ ടീമിനെ നയിച്ചു.

നിര്‍ഭാഗ്യവശാല്‍, കമ്പനിക്ക് ഇന്നത്തെ മാഗസിന്‍ പ്രസിദ്ധീകരണത്തിന്റെ സാമ്പത്തിക സമ്മര്‍ദങ്ങളെ നേരിടാന്‍ കഴിഞ്ഞില്ല, അതിനാല്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നു' - മക്കെവിക് എഴുതി. തന്റെ സഹപ്രവര്‍ത്തകര്‍, പിആര്‍, എഴുത്തുകാര്‍, ബ്രാന്‍ഡുകള്‍ എന്നിവരോടുള്ള നന്ദിയും മക്കെവിക് തന്റെ കുറിപ്പില്‍ പ്രകടിപ്പിച്ചു.

ലോകവ്യാപകമായി പ്രചാരമുള്ള അമേരിക്കന്‍ മാസികയാണ് റീഡേഴ്‌സ് ഡൈജസ്റ്റ്. 1922 ഫെബ്രുവരി അഞ്ചിന് ലില ബെല്‍ വാലസും ഡെവിറ്റ് വാലസും ചേര്‍ന്ന് ന്യൂയോര്‍ക്കിലാണ് ഇത് ആരംഭിച്ചത്. നേരിട്ടുള്ള മെയില്‍ സമ്പ്രദായത്തിലൂടെയാണ് റീഡേഴ്‌സ് ഡൈജസ്റ്റ് വരിക്കാരെ കണ്ടെത്തുന്നത്. മറ്റു പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ലേഖനങ്ങള്‍ തിരഞ്ഞെടുത്ത് ചുരുക്കി ഒരുമിച്ച് പ്രസിദ്ധീകരിക്കുന്നതായിരുന്നു മാസികയുടെ രീതി.

40-ാം വാര്‍ഷികത്തോടെ, 13 ഭാഷകളിലായി 40 അന്താരാഷ്ട്ര പതിപ്പുകളുമായി റീഡേഴ്‌സ് ഡൈജസ്റ്റ് ആഗോള സാന്നിധ്യം ഉറപ്പിച്ചിരുന്നു. കാഴ്ച്ച പരിമിതിയുള്ളവര്‍ക്കായി ബ്രെയില്‍ പതിപ്പും പുറത്തിറക്കി. മാസികയുടെ മൊത്തം അന്താരാഷ്ട്ര പ്രചാരം 23 ദശലക്ഷം വരെ എത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.