മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ഡീക്കിന്‍ യൂണിവേഴ്സിറ്റിക്കു പിന്നാലെ മെല്‍ബണിലുള്ള ലാ ട്രോബ് സര്‍വകലാശാലയിലും സ്ഥാപിച്ചിട്ടുള്ള പാലസ്തീന്‍ അനുകൂല ക്യാമ്പുകള്‍ നീക്കാന്‍ ഉത്തരവുമായി അധികൃതര്‍. എന്നാല്‍ സര്‍വകലാശാലയുടെ നിര്‍ദേശത്തെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് സമരം തുടരുമെന്നാണ് വിദ്യാര്‍ഥികളുടെ പ്രഖ്യാപനം.
കാമ്പസിന്റെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധം മധ്യഭാഗത്ത് സ്ഥാപിച്ചിട്ടുള്ള രണ്ട് ഡസനോളം ടെന്റുകള്‍ക്ക് മുന്നില്‍ റാലി നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ അധികൃതരുടെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞത്.
പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അക്കാദമിക് അച്ചടക്കം സ്വീകരിക്കരുതെന്നും എന്‍ജിനീയറിങ് കമ്പനിയായ ഹണിവെല്ലുമായും ഇസ്രയേലുമായുമുള്ള എല്ലാ ബന്ധങ്ങളും സര്‍വകലാശാല വിച്ഛേദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ക്യാമ്പുകള്‍ക്ക് എന്ത് സംഭവിച്ചാലും പ്രതിഷേധം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
അതേസമയം, ഓസ്‌ട്രേലിയയിലെ മറ്റു പല സര്‍വകലാശാലകളില്‍ നടന്നുവന്നിരുന്ന സമരത്തിന്റെ ശക്തി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തങ്ങളുടെ കാമ്പസിലെ പാലസ്തീന്‍ അനുകൂല ക്യാമ്പ് പിരിച്ചുവിട്ടതായി മെല്‍ബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റി അറിയിച്ചു. ക്യാമ്പുകള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയും വ്യക്തമാക്കി.
കാന്‍ബറയിലുള്ള ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ പാലസ്തീന്‍ അനുകൂല ക്യാമ്പുകള്‍ പിരിച്ചുവിടണമെന്നും അല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കു മുന്നറിയിപ്പ് നല്‍കി.
ക്യാമ്പുകള്‍ നീക്കി പ്രതിഷേധിക്കാനുള്ള വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും അവകാശത്തെ മാനിക്കുമെന്ന അധികൃതരുടെ അഭ്യര്‍ത്ഥനയെയും വിദ്യാര്‍ത്ഥികള്‍ അവഗണിച്ചു.
അതേസമയം, പ്രക്ഷോഭം ഏറ്റവും കൂടുതല്‍ രൂക്ഷമായ മെല്‍ബണ്‍ സര്‍വകലാശാലയിലെ ആര്‍ട്‌സ് വെസ്റ്റ് കെട്ടിടം ആറു ദിവമായി പാലസ്തീന്‍ അനുകൂലികളായ വിദ്യാര്‍ത്ഥികള്‍ കൈയടിവച്ചിരിക്കുകയാണ്. അധികൃതരുടെ തുടര്‍ച്ചയായുള്ള അഭ്യര്‍ത്ഥനയെ അവഗണിച്ചുകൊണ്ടാണ് സമരം മുന്നോട്ടുപോകുന്നത്. അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ യുഎസ് പോലീസ് പ്രവേശിച്ചതിനെതുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ഓസ്‌ട്രേലിയയിലെ സര്‍വകലാശാലകളുടെ അധികൃതര്‍ സംയമനം പാലിക്കുന്നത്.
474 ക്ലാസുകളിലായി 15,000-ലധികം വിദ്യാര്‍ത്ഥികളെ സമരം ബാധിച്ചിട്ടുണ്ടെന്നും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ബദല്‍ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ടെന്നും സര്‍വകലാശാല അറിയിച്ചു.
സമരം മൂലം ആര്‍ട്‌സ് വെസ്റ്റ് കെട്ടിടത്തിലെ എമര്‍ജന്‍സി എക്‌സിറ്റുകള്‍, അഗ്‌നിശമന ഉപകരണങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച കെട്ടിടം അടച്ചു.
വിദ്യാര്‍ത്ഥികളുടെ ഈ അധിനിവേശത്തില്‍ അഗാധമായ ഉത്കണ്ഠയുണ്ടെന്നും പോലീസിനെ ക്യാമ്പസില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും യൂണിവേഴ്‌സിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.