ഇസ്രയേല്‍ പ്രധാനമന്ത്രിക്കും ഹമാസ് നേതാക്കള്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് പരിഗണിച്ച് ഐസിസി; കുറ്റപ്പെടുത്തി നെതന്യാഹു, അന്യായമെന്ന് ബൈഡന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിക്കും ഹമാസ് നേതാക്കള്‍ക്കും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് പരിഗണിച്ച് ഐസിസി; കുറ്റപ്പെടുത്തി നെതന്യാഹു, അന്യായമെന്ന് ബൈഡന്‍

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഹമാസ് നേതാവ് യഹ്യ സിൻവാറും

ഹേഗ്: ഗാസയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഹമാസ് നേതാവ് യഹ്യ സിന്‍വാറിനുമെതിരേ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ (ഐസിസി) പ്രോസിക്യൂഷന്‍. യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ചാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ ആവശ്യപ്പെട്ടത്.

നെതന്യാഹു, ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് മുഹമ്മദ് അല്‍-മസ്രി, ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മാഈല്‍ ഹനി എന്നിവര്‍ക്കെതിരെയാണ് അറസ്റ്റ് വാറന്റ് പരിഗണനയിലുള്ളത്.

വളരെ രൂക്ഷമായാണ് അറസ്റ്റ് വാറന്റിനെതിരെ ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഹോളോകോസ്റ്റിനുശേഷം ജൂത ജനതയ്ക്കെതിരെ ഏറ്റവും മോശമായ ആക്രമണം നടത്തിയ ഭീകരസംഘടനയായ ഹമാസിനെതിരെ ഇസ്രയേല്‍ ന്യായമായ യുദ്ധം നടത്തുകയാണ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) ചീഫ് പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ ആധുനിക കാലത്തെ വലിയ യഹൂദ വിരുദ്ധരില്‍ ഒരാളാണ്. ഹേഗിലെ പ്രോസിക്യൂട്ടറുടെ ജനാധിപത്യ ഇസ്രയേലും ഹമാസിന്റെ കൂട്ടക്കൊലയാളികളും തമ്മിലുള്ള താരതമ്യം ഞാന്‍ വെറുപ്പോടെ നിരസിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ പൂര്‍ണമായ വളച്ചൊടിക്കല്‍ ആണ് ഈ നീക്കം- നെതന്യാഹു പറഞ്ഞു.

വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി യു.എസും റിപ്പബ്ലിക്കന്‍ നേതാക്കളും രംഗത്തുവന്നു. ബെഞ്ചമിന്‍ നെതന്യാഹുവിനെയും വിദേശകാര്യ മന്ത്രി യോവ് ഗാലന്റിനെയും അറസ്റ്റ് ചെയ്യാനുള്ള ചീഫ് പ്രോസിക്യൂട്ടറുടെ നിര്‍ദേശം അന്യായമാണെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്. ഇസ്രായേലും ഹമാസും തമ്മിലൊരു താരതമ്യമില്ലെന്നും ഗാസയില്‍ നടക്കുന്നത് വംശഹത്യയല്ലെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഈ അഞ്ച് പേരും കാരണക്കാരാണെന്നു വിശ്വസിക്കാന്‍ തനിക്ക് ന്യായമായ കാരണങ്ങളുണ്ടെന്ന് കരീം ഖാന്‍ പറഞ്ഞു. കരീം ഖാന്റെ അപേക്ഷ ഐസിസി ജഡ്ജിമാരുടെ പാനല്‍ പരിഗണിക്കും. തെളിവുകള്‍ അറസ്റ്റ് വാറന്റുകളെ പിന്തുണക്കാന്‍ പര്യാപത്മാണോ എന്ന് വിചാരണയ്ക്ക് മുന്‍പ് ജഡ്ജിമാരുടെ പാനല്‍ തീരുമാനിക്കും. ഇവ ബോധ്യപ്പെട്ടാല്‍ മാത്രമേ വാറന്റ് പുറപ്പെടുവിക്കൂ. പുറപ്പെടുവിച്ചാല്‍ യോവ് ഗാലന്റിനും നെതന്യാഹുവിനും ഹമാസ് നേതാക്കള്‍ക്കും അറസ്റ്റ് നേരിടേണ്ടി വന്നേക്കാം.

നേരത്തെ ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, കരാറില്‍ ഒപ്പുവച്ച രാജ്യങ്ങളില്‍ മാത്രമേ കോടതിക്ക് അധികാരം പ്രയോഗിക്കാന്‍ കഴിയൂ. റഷ്യയും ഇസ്രയേലും കോടതിയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. അതേ സമയം, വാറണ്ടുള്ള വ്യക്തികള്‍ കരാറിലൊപ്പിട്ട രാജ്യങ്ങളില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം.

നെതന്യാഹുവിനും ഗാലന്റിനുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളില്‍ ജനങ്ങളെ ഉന്മൂലനം ചെയ്യുക, പട്ടിണിക്ക് കാരണമാക്കുക, മാനുഷിക ദുരിതാശ്വാസ സാമഗ്രികള്‍ നിഷേധിക്കുക, സംഘര്‍ഷത്തില്‍ സാധാരണക്കാരെ ബോധപൂര്‍വം ലക്ഷ്യം വയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്നതായി ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഉന്മൂലനം, കൊലപാതകം, ബന്ദികളാക്കല്‍, ബലാത്സംഗം, തടങ്കലില്‍ ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കളായ സിന്‍വാര്‍, ഹനിയ, അല്‍ മസ്രി എന്നിവര്‍ക്കു നേരെയുള്ളത്.

ഹമാസ് നേതാക്കള്‍ക്കെതിരെ വാറന്റ് പുറപ്പെടുവിക്കാനുള്ള പ്രോസിക്യൂട്ടറുടെ തീരുമാനം ഇരയെ ആരാച്ചാര്‍ക്ക് തുല്യമാക്കുന്നത് പോലെയാണെന്നാണ് ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വാദം. നേതാക്കള്‍ക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് അഭ്യര്‍ഥന റദ്ദാക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.