ഒന്നര കോടിയിലധികം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു: മൊബൈല്‍ ഫോണ്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം

ഒന്നര കോടിയിലധികം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു: മൊബൈല്‍ ഫോണ്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടി കടുപ്പിച്ച്  ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി: വ്യാജ സിം കാര്‍ഡുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനായി 1.66 കോടി മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിച്ച് ടെലികോം മന്ത്രാലയം.

ഏപ്രില്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് ഉള്‍പ്പെടെയുള്ള ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ നേതൃത്വത്തിലുള്ള വിശദമായ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് തടയിടാനും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം ഉള്‍പ്പെടെയുള്ള മേഖല സുരക്ഷിതമാക്കാനുമാണിതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് 2023 മെയില്‍ ടെലികോം വകുപ്പ് സഞ്ചാര്‍ സാഥി എന്ന ജന കേന്ദ്രീകൃത പ്ലാറ്റ് ഫോം ആരംഭിച്ചിരുന്നു. ജനങ്ങള്‍ക്ക് ഈ പോര്‍ട്ടല്‍ ഉപയോഗിച്ച് അവരുടെ പേരില്‍ എത്ര സിം കാര്‍ഡുകള്‍ എടുത്തിട്ടുണ്ടെന്ന് കണ്ടെത്താനും ആരെങ്കിലും തങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി ആ ഐഡന്റിറ്റി ഉപയോഗിച്ച് നമ്പറുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ നിര്‍ദ്ദിഷ്ട നമ്പറുകള്‍ കണ്ടെത്തുകയും അവ ബ്ലോക്ക് ചെയ്യാന്‍ അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യാം.

ഈ വര്‍ഷം ഏപ്രില്‍ 30 നകം തന്നെ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 1.58 ലക്ഷം ഐഎംഇഐ (ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി) നമ്പറുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്തിരുന്നു. ഏതെങ്കിലും ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കുകളിലേക്ക് കയറിക്കൂടുന്നത് തടയാനും കൂടുതല്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും അധികൃതര്‍ ഈ ഹാന്‍ഡ് സെറ്റുകള്‍ പ്രവര്‍ത്തന രഹിതമാക്കി. .

ടെലികോം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സഹകരണം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ടെലികോം അനുബന്ധ സൈബര്‍ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും നേരിടാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനാണ് ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം (ഡിഐപി) ആരംഭിച്ചിരിക്കുന്നത്.

വിവിധ ഏജന്‍സികളില്‍ നിന്നുള്ള രഹസ്യ വിവരങ്ങള്‍ സമാഹരിക്കുന്നതിലൂടെ ടെലികോം സേവനങ്ങളുടെ ദുരുപയോഗം തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള സംവിധാനം ഡിഐപി നടത്തുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനെല്ലാം പുറമെ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ട്രൂ കോളറിന് സമാനമായ കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി) സംവിധാനവും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണ്‍ സ്‌ക്രീനില്‍ വിളിക്കുന്നയാളുടെ പേര് കാണിക്കും.

ഈ സംരംഭം ടെലി കമ്മ്യൂണിക്കേഷന്‍ രംഗത്ത് സുതാര്യതയും സുരക്ഷയും ഉറപ്പാക്കുമെന്നും നിയമാനുസൃതമായ കോളുകള്‍ തിരിച്ചറിയാനും തട്ടിപ്പുകള്‍ ഒഴിവാക്കാനും ഉപയോക്താക്കളെ സഹായിക്കുമെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.