പ്രജ്ജ്വല്‍ രേവണ്ണ നാട്ടിലേക്ക്; 31 ന് കീഴടങ്ങും: മാതാപിതാക്കളോട് മാപ്പ് ചോദിച്ച് വീഡിയോ സന്ദേശം

പ്രജ്ജ്വല്‍ രേവണ്ണ നാട്ടിലേക്ക്; 31 ന് കീഴടങ്ങും: മാതാപിതാക്കളോട് മാപ്പ് ചോദിച്ച് വീഡിയോ സന്ദേശം

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ ഹാസന്‍ എം.പിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്ജ്വല്‍ രേവണ്ണ ഈ മാസം അവസാനത്തോടെ ബെംഗളൂരുവിലെത്തി കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നാലെയാണ് തീരുമാനം.

താന്‍ മെയ് 31 ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് വീഡിയോയില്‍ പ്രജ്വല്‍ പറഞ്ഞു. മാതാപിതാക്കളോട് മാപ്പ് പറയുന്നു. തനിക്ക് വിഷാദ രോഗം ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തനിക്കെതിരെ കേസില്ല.

വിദേശയാത്ര മുന്‍കൂട്ടി തീരുമാനിച്ചിരുന്നു. യാത്രയ്ക്കിടെയാണ് ആരോപണങ്ങള്‍ അറിഞ്ഞത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പ്രജ്ജ്വല്‍ ആരോപിച്ചു.

കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യപ്രകാരം പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച ആരംഭിച്ചിരുന്നു. പാസ്പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രജ്ജ്വലിന് നോട്ടീസും അയച്ചിരുന്നു.

1967 ലെ പാസ്പോര്‍ട്ട് ആക്ട് പ്രകാരമാണ് നടപടി. പാസ്പോര്‍ട്ട് റദ്ദാക്കപ്പെട്ടാല്‍ പിന്നെ പ്രജ്ജ്വലിന് വിദേശത്ത് തുടരുന്നത് പ്രയാസമാകും. പാസ്പോര്‍ട്ടില്ലാതെ തങ്ങുന്നതിന് പ്രജ്ജ്വലിന് അയാള്‍ ഏതു രാജ്യത്താണോ ഉള്ളത് ആ രാജ്യത്തെ നിയമ നടപടികള്‍ നേരിടേണ്ടി വരും.

കര്‍ണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പ്രജ്ജ്വല്‍ രേവണ്ണയ്ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നത്. പീഡനത്തിനിരയാക്കപ്പെട്ട സ്ത്രീകളുടെ വീഡിയോകള്‍ കര്‍ണാടകയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന ഒരു സ്ത്രീ വനിതാ കമ്മീഷന് പരാതി നല്‍കിയതോടെയാണ് കേസ് മുറുകിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ഇതിനു പിന്നാലെ മുഖ്യമന്ത്രി കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.ഇതേ തുടര്‍ന്ന് ഏപ്രില്‍ 26 ന് അര്‍ധ രാത്രിയോടെയാണ് പ്രജ്ജ്വല്‍ രാജ്യം വിട്ടത്.

നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തു എന്നാണ് മുപ്പത്തിമൂന്നുകാരനായ പ്രജ്ജ്വലിനെതിരെ ഉയര്‍ന്ന ആരോപണം. പ്രജ്ജ്വലിന്റെ പിതാവ് രേവണ്ണയ്ക്കെതിരെയും കേസുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.