ബാങ്കോക്ക്: തൊഴില്‍ തേടി തായ്ലന്‍ഡിലെത്തിയ മലയാളി യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായി പരാതി. അബുദാബിയില്‍ നിന്ന് തായ്ലന്‍ഡിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളെയാണ് സായുധ സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയിരിക്കുന്നത്. യുവാക്കള്‍ നിലവില്‍ മ്യാന്‍മറിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.
വള്ളിക്കൊപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീര്‍ എന്നിവരാണ് തടവിലായിരിക്കുന്നത്. മാര്‍ച്ച് 27 നാണ് ഇവര്‍ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്. ഇതിനിടെ തായ്ലന്‍ഡിലെ കമ്പനിയില്‍ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നല്‍കി. ഓണ്‍ലൈന്‍ അഭിമുഖത്തിന് പിന്നാലെ ജോലി ലഭിച്ചതായുള്ള അറിയിപ്പും തായ്ലന്‍ഡിലേയ്ക്കുള്ള വിമാന ടിക്കറ്റും ഇവര്‍ക്ക് ലഭിച്ചു.
മെയ് 22 ന് ഇരുവരും തായ്ലന്‍ഡിലെ സുവര്‍ണ ഭൂമി വിമാനത്താവളത്തിലെത്തി. പുറത്തിറങ്ങിയ ഇവരെ ഏജന്റ് എത്തി സ്വീകരിക്കുകയും സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോവുകയും ആയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഫോണില്‍ ബന്ധപ്പെട്ട യുവാക്കളാണ് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്.
ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാനാണ് ഇവരെ നിയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. സംഭവത്തില്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. യുവാക്കളുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുകയാണ്.
അതേസമയം മലയാളികള്‍ ഉള്‍പ്പെടെ നിരവധി യുവാക്കള്‍ ഇത്തരത്തില്‍ ഏജന്റുമാരുടെ കെണിയില്‍പ്പെട്ട് തായ്ലന്‍ഡില്‍ തടവില്‍ കഴിയുകയാണെന്നാണ് വിവരം. പ്രതിവര്‍ഷം ഇന്ത്യക്കാരടക്കം നിരവധി യുവാക്കളാണ് ജോലി തേടി തായ്ലന്‍ഡിലെത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.