ടൈറ്റന്‍ ദുരന്തത്തിന് ഒരു വര്‍ഷം; ടൈറ്റാനിക്കിന്റെ നിഗൂഢത തേടി വീണ്ടുെമാരു സാഹസിക യാത്രയക്കൊരുങ്ങി യു.എസ് ശതകോടീശ്വരന്‍

ടൈറ്റന്‍ ദുരന്തത്തിന് ഒരു വര്‍ഷം; ടൈറ്റാനിക്കിന്റെ നിഗൂഢത തേടി വീണ്ടുെമാരു സാഹസിക യാത്രയക്കൊരുങ്ങി യു.എസ് ശതകോടീശ്വരന്‍

ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ ടൈറ്റന്‍ അന്തര്‍വാഹിനി പൊട്ടിത്തെറിച്ച് അഞ്ചു യാത്രക്കാര്‍ മരിച്ചത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഏകദേശം ഒരു വര്‍ഷം മുന്‍പായിരുന്നു ഈ സംഭവം. ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തര്‍വാഹിനിയായ ടൈറ്റന്‍ സബ്മെര്‍സിബിള്‍ പൊട്ടിത്തെറിച്ചാണ് അഞ്ചു പേര്‍ കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ ഉടമസ്ഥ കമ്പനിയായ ഓഷ്യന്‍ ഗേറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.

ഇപ്പോഴിതാ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രക്കൊരുങ്ങിയിരിക്കുകയാണ് യു.എസിലെ ഒരു ശതകോടീശ്വരന്‍. അമേരിക്കയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരിലൊരാളായ ലാറി കോണര്‍, ട്രൈറ്റണ്‍ അന്തര്‍വാഹിനികളുടെ സഹസ്ഥാപകനായ പാട്രിക് ലാഹേയ്‌ക്കൊപ്പമാണ് ടൈറ്റാനിക് ദൗത്യത്തിനായി ഒരുങ്ങുന്നത്.

ടൈറ്റനെപ്പോലെയാകില്ല ഈ പര്യവേഷണം എന്നാണ് ലാറി കോണര്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത്. 'സമുദ്രം അങ്ങയേറ്റം ശക്തമാണ്. എന്നിരുന്നാലും ശരിയായ വഴിയിലൂടെ സഞ്ചരിച്ചാല്‍ അത് അതിശയകരവും ആസ്വാദ്യകരവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായിരിക്കുമെന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങളെ കാണിച്ചുകൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' - ലാറി കോര്‍ണര്‍ പറഞ്ഞു.

1912ല്‍ തകര്‍ന്ന് ഇല്ലാതായ ടൈറ്റാനിക് കപ്പല്‍ തേടി ഇന്നും ആളുകള്‍ പുറപ്പെടുന്നത്, അറിഞ്ഞിട്ടും തീരാത്ത ദൂരുഹതകളുടെ കെട്ടഴിക്കാനാണ്. അങ്ങനെ യാത്ര പോയവര്‍ തിരികെ വരാത്ത ചരിത്രമുണ്ട്. അതില്‍ അവസാനത്തേത് ആയിരുന്നു ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനായി പോയ സ്വകാര്യ കമ്പനിയുടെ ടൈറ്റന്‍ അന്തര്‍വാഹിനി. ടൈറ്റന്‍ ദുരന്തം നടന്ന് ഒരു വര്‍ഷമാകുമ്പോഴാണ് ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാനും ശാസ്ത്രീയ പര്യവേഷണത്തിനും കോടീശ്വരനായ ലാറി കോണര്‍ ഒരുങ്ങുന്നത്.

ട്രൈറ്റണ്‍ 4000/2 എന്ന് പേരിട്ടിരിക്കുന്ന പുതിയ സമുദ്രപേടകത്തിലായിരിക്കും ഇവരുടെ യാത്ര. പാട്രിക് ലാഹേ രൂപകല്‍പന ചെയ്ത ഇതിന് ഏകദേശം 20 മില്യണ്‍ ഡോളര്‍ വിലമതിക്കും. രണ്ടു വ്യക്തികള്‍ക്ക് ദീര്‍ഘനേരം യാത്ര ചെയ്യാവുന്നതാണ് മുങ്ങിക്കപ്പലെന്നും ലാറി കോര്‍ണര്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പാട്രിക് ഇതിനെ കുറിച്ച് ചിന്തിക്കുകയും രൂപകല്‍പന ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് ഞങ്ങള്‍ക്ക് അതിന് ആവശ്യമായ വസ്തുക്കളോ സാങ്കേതികവിദ്യയോ ഇല്ലായിരുന്നു' കോണര്‍ പറഞ്ഞു.

എന്നാല്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്ര എന്നാണെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന അന്തര്‍വാഹിനി ഉണ്ടാക്കുകയും, നിങ്ങള്‍ക്കും അത് സാധ്യമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കോണര്‍ വ്യക്തമാക്കി.

ഒരിക്കലും മുങ്ങില്ലെന്ന വാഗ്ദാനവുമായി നീറ്റിലിറങ്ങിയ ടൈറ്റാനിക് 1912 ഏപ്രില്‍ 15 നാണ് മഞ്ഞുമലയിലിടിച്ച് തകര്‍ന്നത്. അന്ന് കപ്പലിലുണ്ടായിരുന്ന 2224 യാത്രക്കാരില്‍ 1500 ഓളം പേര്‍ മരിച്ചു. ടൈറ്റാനിക് സിനിമ ഇറങ്ങിയതോടെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള പര്യവേഷണങ്ങള്‍ തുടങ്ങുന്നത്.

കഴിഞ്ഞ ജൂണ്‍ 16 നാണ് സമുദ്രനിരപ്പില്‍ നിന്ന് 12,500 അടി താഴെയുള്ള 110 വര്‍ഷം പഴക്കമുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അഞ്ചു പേരുമായി ടൈറ്റന്‍ യാത്ര തിരിച്ചത്. കാനഡയിലെ ന്യൂഫൗണ്ട് ലാന്‍ഡില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെ വെച്ചാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്. യാത്ര തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂറിന് ശേഷം പേടകവുമായി ബന്ധപ്പെട്ട ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. ജൂണ്‍ 22 നാണ് പേടകം പൊട്ടിത്തെറിച്ച് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചത്.

22 അടിയോളം നീളമുള്ള ഈ അന്തര്‍വാഹിനിയില്‍ അഞ്ച് പേര്‍ക്ക് 100 മണിക്കൂറോളം ജീവിക്കാനുള്ള ഓക്സിജന്‍ അടക്കമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. എന്നിട്ടും യാത്രക്കാരില്‍ ഒരാളെ പോലും ജീവനോടെ തിരിച്ച് കിട്ടിയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.