ഇംഗ്ലണ്ടില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം രാജ്യത്തെത്തിച്ച് ആര്‍ബിഐ; 1991 ന് ശേഷം ആദ്യം

ഇംഗ്ലണ്ടില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം രാജ്യത്തെത്തിച്ച് ആര്‍ബിഐ; 1991 ന് ശേഷം ആദ്യം

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 1991 ന് ശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി.

വരും മാസങ്ങളിലും സമാനമായ അളവില്‍ സ്വര്‍ണം രാജ്യത്തേക്ക് വീണ്ടും എത്തിച്ചേക്കുമെന്നും ആര്‍ബിഐ പറയുന്നു. മാര്‍ച്ച് അവസാനം ആര്‍ബിഐയുടെ പക്കല്‍ 822.1 ടണ്‍ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. അതില്‍ 413.8 ടണ്‍ വിദേശത്തായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 27.5 ടണ്‍ സ്വര്‍ണം നിക്ഷേപത്തില്‍ ഉള്‍പ്പെടുത്തി.

ഒട്ടുമിക്ക സെന്‍ട്രല്‍ ബാങ്കുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ് പരമ്പരാഗതമായി സ്വര്‍ണം സംഭരിക്കുന്നത്. ആര്‍ബിഐ വാങ്ങുന്ന സ്വര്‍ണത്തിന്റെ സ്റ്റോക്ക് വിദേശത്ത് വര്‍ധിക്കുന്നതിനാല്‍ കുറച്ച് ഭാഗം ഇന്ത്യയിലേക്ക് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 15 വര്‍ഷം മുമ്പ് അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്ന് ആര്‍ബിഐ 200 ടണ്‍ സ്വര്‍ണം വാങ്ങിയിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, സ്വര്‍ണ നിക്ഷേപത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

എന്നാല്‍ മാര്‍ച്ച് അവസാനത്തോടെയാണ് സ്വര്‍ണ നീക്കം ആരംഭിച്ചത്. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇത്രയും സ്വര്‍ണം ഇന്ത്യയിലെത്തിച്ചത്. കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കിയെങ്കിലും ഇറക്കുമതിയില്‍ ചുമത്തുന്ന സംയോജിത ജിഎസ്ടിയില്‍ ഇളവ് നല്‍കിയില്ല.

കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം എത്തിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് നല്‍കുന്ന തുക സ്റ്റോറേജ് ചിലവില്‍ കുറച്ച് ലാഭിക്കാനും ഈ നീക്കം ആര്‍ബിഐയെ സഹായിക്കും. മുംബൈയിലെ മിന്റ് റോഡിലെയും നാഗ്പൂരിലെയും ആര്‍ബിഐയുടെ പഴയ ഓഫീസ് കെട്ടിടത്തിലെ നിലവറകളിലാണ് സ്വര്‍ണം സൂക്ഷിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.