ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങി ചൈനയുടെ ചാങ്'ഇ-6 പേടകം; ലക്ഷ്യം ഇതുവരെ ചെന്നിട്ടില്ലാത്ത വിദൂര മേഖലയില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ഇറങ്ങി ചൈനയുടെ ചാങ്'ഇ-6 പേടകം; ലക്ഷ്യം ഇതുവരെ ചെന്നിട്ടില്ലാത്ത വിദൂര മേഖലയില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം

ബീജിങ്: ചന്ദ്രനില്‍ നിന്ന് മണ്ണും പാറകളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ചൈന വിക്ഷേപിച്ച ചാങ്'ഇ-6 ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി ചൈന അറിയിച്ചു. ഭൂമിയില്‍ നിന്ന് ദൃശ്യമാകാത്ത ചന്ദ്രന്റെ ഭാഗത്താണ് തങ്ങളുടെ ആളില്ലാ പേടകം ഇറങ്ങിയതെന്ന് ചൈന വ്യക്തമാക്കി. ഇതുവരെ ആരും പോകാന്‍ ശ്രമിച്ചിട്ടില്ലാത്ത ചന്ദ്രന്റെ പ്രദേശമാണിത്.

റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടാണ് ചാങ്'ഇ ദൗത്യം രൂപകല്‍പന ചെയ്തിരിക്കുന്നത്. മെയ് മൂന്നിന് ചൈനയിലെ വെന്‍ചാങ് സാറ്റ്‌ലൈറ്റ് ലോഞ്ച് സെന്ററില്‍ നിന്നാണ് ചാങ്'ഇ-6 വിക്ഷേപിച്ചത്.

ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച്, ബീജിങ് സമയം രാവിലെ 6:23 ന് ദക്ഷിണധ്രുവത്തിലെ-എയ്റ്റ്കെന്‍ ബേസിന്‍ എന്ന വലിയ ഗര്‍ത്തത്തിലാണ് മൊഡ്യൂള്‍ ഇറങ്ങിയത്. ചന്ദ്രന്റെ ഈ പ്രദേശം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നാണ്.

ചൈനയിലെ ചന്ദ്രദേവതയുടെ പേരിലുള്ള ചാങ്'ഇയിലെ ആറാമത്തെ ദൗത്യമാണിത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ബഹിരാകാശ പേടകം ഇറക്കുന്നതില്‍ വിജയിച്ച ലോകത്തിലെ ആദ്യ രാജ്യമാണ് ചൈന. 2019ല്‍ ചൈന ചാങ്'ഇ-4 പേടകം ഇവിടെ ഇറക്കിയിരുന്നു.

ലാന്‍ഡര്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് കിലോഗ്രാം വസ്തുക്കള്‍ ശേഖരിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രില്ലും റോബോട്ടിക് കൈകളും ഉപയോഗിച്ചാണ് സാമ്പിളുകള്‍ ശേഖരിക്കുക. ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ഭാഗത്ത് നിന്നുള്ള സാമ്പിളുകള്‍ ചന്ദ്രദൗത്യത്തില്‍ വലിയ ചുവടുവെപ്പ് ആയിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഇവിടെ നിന്ന് ശേഖരിക്കുന്ന വസ്തുക്കള്‍ ചന്ദ്രന്‍ എങ്ങനെ രൂപപ്പെട്ടു എന്നതിലേക്ക് കൂടുതല്‍ വെളിച്ചം വീശുമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.

ചൈനയുടെ ഇന്നര്‍ മംഗോളിയ മേഖലയിലെ മരുഭൂമിയില്‍ ജൂണ്‍ 25 ന് ഭൂമിയിലേക്ക് ശേഖരിച്ച സാമ്പിളുകള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ വിദൂര ഭാഗത്തുള്ള ദൗത്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. 2030ന് മുമ്പ് ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ഒരുക്കത്തിലാണ് ചൈന.

ഏഴ് കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹത്തില്‍ ചന്ദ്രന്റെ വിദൂര ഭാഗത്തിന്റെ ഫോട്ടോ എടുക്കാന്‍ കാമറയുണ്ട്. ചൈനീസ് ശാസ്ത്ര ഉപകരണങ്ങള്‍ക്കൊപ്പം, ഫ്രാന്‍സ്, ഇറ്റലി, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പേലോഡുകളും ദൗത്യത്തിന്റെ ഭാഗമാകും. ചാങ്'ഇ-6 ലക്ഷ്യം കൈവരിച്ചാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് ശേഖരിച്ച മണ്ണും പാറകളും ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്ന ആദ്യത്തെ ദൗത്യമായിരിക്കും ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.