സര്‍ക്കാരുണ്ടാക്കാന്‍ നിര്‍ണായക ശ്രമവുമായി ഇന്ത്യ സഖ്യവും എന്‍ഡിഎയും: തിരക്കിട്ട നീക്കങ്ങളുമായി ഇരു മുന്നണിയുടെയും നേതാക്കള്‍

സര്‍ക്കാരുണ്ടാക്കാന്‍ നിര്‍ണായക ശ്രമവുമായി ഇന്ത്യ സഖ്യവും എന്‍ഡിഎയും: തിരക്കിട്ട നീക്കങ്ങളുമായി ഇരു മുന്നണിയുടെയും നേതാക്കള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി വലിയ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കുന്നതിന് അവകാശവാദമുന്നയിക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നവീന്‍ പട്‌നായിക്കിന്റെ ബിജെഡി, ജഗന്‍മോഹന്‍ റഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളെ ഒപ്പം കൂട്ടാനാണ് ശ്രമം.

നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഇന്ത്യ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയിട്ടുണ്ട്. 227 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി മുന്നിട്ട് നില്‍ക്കുന്നത്. 297 മണ്ഡലങ്ങളില്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു.

ഇന്ത്യ മുന്നണിയുടെ ഭാഗമായ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ചു. എന്‍സിപി നേതാവ് ശരദ് പവാറും സര്‍ക്കാര്‍ രൂപീകരണത്തിന് ഇന്ത്യ മുന്നണിക്കായി മറ്റ് കക്ഷികളുടെ പിന്തുണ തേടി രംഗത്തുണ്ട്. അദേഹം മുന്‍ സഹയാത്രികനും ജെഡിയു നേതാവുമായ നിതീഷ് കുമാറുമായി സമ്പര്‍ക്കത്തിലാണ്.

കോണ്‍ഗ്രസിന് നിലവില്‍ 97 സീറ്റുകളിലാണ് ലീഡുളളത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയാണ് ഇന്ത്യാ മുന്നണിയില്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നേറ്റം നടത്തുന്ന രണ്ടാമത്തെ പാര്‍ട്ടി.

നിലവിലെ സാഹചര്യത്തില്‍ നിതീഷിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയും ഇന്ത്യ മുന്നണിക്ക് ഒപ്പം നിന്നാല്‍ 30 സീറ്റുകള്‍ കൂടി കൂടും. ജെഡിയു നേതാവ് നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഒരു ആവശ്യം മമത ബാനര്‍ജി അടക്കം ചില സഖ്യകക്ഷികള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

അതല്ലെങ്കില്‍ ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം നിതീഷിന് നല്‍കി സര്‍ക്കാര്‍ രൂപീകരണ ശ്രമം നടത്തണമെന്നാണ് ആവശ്യം. സഖ്യകക്ഷികളുടെ ആവശ്യം പരിഗണിച്ച് അത്തരത്തിലൊരു നീക്കം നടത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പ്രതീക്ഷിച്ച പ്രകടനം സാധ്യമാകാതെ വന്നതോടെ മുന്നണിയിലെ പാര്‍ട്ടികളെ ചേര്‍ത്തു നിര്‍ത്താനും പുറത്തുള്ള കക്ഷികളുടെ പിന്തുണ തേടാനും ബിജെപിയും ശ്രമം തുടങ്ങി. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോണില്‍ വിളിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. നിതീഷ് കുമാര്‍, ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരുമായും മുതിര്‍ന്ന ബിജെപി നേതാക്കള്‍ സംസാരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.