ന്യൂഡല്‍ഹി: ഈ തിരഞ്ഞെടുപ്പ് ഇന്ത്യ മുന്നണിക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമായിരുന്നില്ലെന്നും ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടമായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
'ആ പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വലിയ അഭിമാനമാണ് ഈ നിമിഷം തോന്നുന്നത്. എന്റെ രാജ്യം, അതിന്റെ ഭരണഘടന സംരക്ഷിക്കാന്‍ കൂട്ടു നിന്ന ജനങ്ങള്‍.
സാധാരണക്കാരില്‍ സാധാരണക്കാരായ, യാതൊരു പ്രിവിലേജും ഇല്ലാത്ത പൗരന്മാരാണ് ഭരണഘടനയ്ക്കായി ശബ്ദമുയര്‍ത്തിയത്. അക്കൂട്ടത്തില്‍ ദലിതരും കര്‍ഷകരുമെല്ലാമുണ്ട്. എല്ലാവരോടും വലിയ നന്ദി'- രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മോഡിയും ഷായും തങ്ങളെ ഭരിക്കേണ്ടെന്ന് ഈ രാജ്യം വ്യക്തമായി പറഞ്ഞിരിക്കുകയാണ്. ഭരണഘടന നശിപ്പിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും... അത് മോഡിക്കൊരു വലിയ സന്ദേശമാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ അവര്‍ മരവിപ്പിച്ചപ്പോള്‍, മുഖ്യമന്ത്രിമാരെ ജയിലിലടച്ചപ്പോള്‍, പാര്‍ട്ടികളെ പിളര്‍ത്തിയപ്പോള്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.
നമ്മുടെ ഭരണഘടന സംരക്ഷിക്കാനുള്ള ആദ്യത്തെ ചുവട് അതായിരുന്നു. ഇത്തവണ ആര്‍ക്കും കണ്ണടച്ച് വിജയം നല്‍കിയിരിക്കുകയല്ല ജനം. എന്നിരുന്നാലും മോഡിയോടുള്ള ജനവിരോധം പുറത്തു വന്നു. മോഡിയും ജനങ്ങളും തമ്മിലായിരുന്നു മത്സരമെന്നും രാഹുല്‍ പറഞ്ഞു.
അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മയുടെ വിജയം രാഹുല്‍ പ്രത്യേകം പരാമര്‍ശിച്ചു. എല്ലാക്കാലവും സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദേഹമെന്നും അമേഠിയുമായും അവിടുത്തെ ജനങ്ങളുമായും അദേഹത്തിനുള്ള ബന്ധം ഫലത്തില്‍ പ്രതിഫലിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ 1,66,000 വോട്ടിനാണ് കിഷോരി ലാല്‍ തോല്‍പ്പിച്ചത്. ഗാന്ധി കുടുംബത്തിന്റെ പാവയെന്നായിരുന്നു കിഷോരി ലാലിന് സ്മൃതി ഇറാനി നല്‍കിയ വിശേഷണം.
അതേസമയം മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വമ്പന്‍ വിജയമാണ് രാഹുല്‍ ഗാന്ധി സ്വന്തമാക്കിയത്. റായ്ബറേലിയില്‍ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ വിജയം. 2019 ല്‍ സോണിയ ഗാന്ധി നേടിയ ഭൂരിപക്ഷത്തിനും ഇരട്ടിയിലധികമാണിത്. 1,67,178 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു സോണിയയ്ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്.
ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ദുഷ്പ്രചാരണം എക്കാലവും ഓര്‍മിക്കപ്പെടുമെന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.