ലാഹോര്‍: പാകിസ്ഥാനില്‍ മതനിന്ദാ ആരോപണത്തിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ക്രൈസ്തവ വിശ്വാസി മരിച്ചു. വയോധികനായ നസീര്‍ മാസിഹ് ആണ് കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങിയത്. മെയ് 25-നായിരുന്നു അദ്ദേഹത്തിന് നേരെ ക്രൂരമായ ആക്രമണം ഉണ്ടായത്. ഇസ്ലാമാബാദില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ സര്‍ഗോധ നഗരത്തിലെ മുജാഹിദ് കോളനിയിലായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
ഇതേതുടര്‍ന്ന് മുജാഹിദ് കോളനിയിലെ നിരവധി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. അവര്‍ ഈ പ്രദേശം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. സംഭവവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ആളുകളെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു.
എഴുപതുകാരനായ നസീര്‍ മാസിഹ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഇസ്ലാമാബാദിന് സമീപമുള്ള സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നസീര്‍ മാസിഹിനെ കനത്ത സുരക്ഷയിലാണ് സംസ്‌കരിച്ചത്. പ്രാര്‍ത്ഥന ചൊല്ലി, മൃതദേഹം അടക്കം ചെയ്ത പേടകവുമായി ക്രൈസ്തവര്‍ തെരുവിലൂടെ നടന്നുനീങ്ങുന്ന ഏറെ വൈകാരികമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ആക്രമണത്തിന് ശേഷം ക്രിസ്ത്യന്‍ പട്ടണങ്ങള്‍ക്കും പള്ളികള്‍ക്കും ചുറ്റും പോലീസ് സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു.
മതഗ്രന്ഥത്തിന്റെ പേജുകള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതായി മാസിഹിന് നേരെ അയല്‍ക്കാരില്‍ ഒരാള്‍ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ആക്രമണമുണ്ടാകുന്നത്. കിംവദന്തികള്‍ പരന്നതോടെ, അതേ പ്രദേശത്തുനിന്നും സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള 2000-ത്തോളം ആളുകള്‍ മാസിഹിന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി. ജനക്കൂട്ടം ഇലക്ട്രിക് മീറ്ററുകളും ഔട്ട്‌ഡോര്‍ എയര്‍ കണ്ടീഷനിങ് യൂണിറ്റുകളും നശിപ്പിക്കുകയും മാസിഹിന്റെ വീടിനും ഷൂ ഫാക്ടറിക്കും തീയിടുകയും ചെയ്തു. ഒടുവില്‍, മാസിഹിനെ തെരുവിലിറക്കി, കല്ലെറിയുകയും വടികൊണ്ട് അടിക്കുകയും ചെയ്തു.
തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-ലബക് പാകിസ്ഥാന്‍ അംഗങ്ങളാണ് ആക്രമണത്തില്‍ പ്രധാന പങ്ക് വഹിച്ചതെന്ന് പ്രാദേശിക ക്രൈസ്തവര്‍ പറയുന്നു. 2023 ഓഗസ്റ്റില്‍ ജറന്‍വാലയിലെ ക്രിസ്ത്യന്‍ ഭവനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ ഈ സംഘടനയ്ക്ക് പങ്കുണ്ട്.
പാകിസ്ഥാനിലെ ജനസംഖ്യയുടെ 96 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ ഏകദേശം 1.3% വരുന്ന ക്രിസ്ത്യാനികള്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. തീവ്ര മതവിശ്വാസികള്‍ക്ക് പലപ്പോഴും നിയമം കൈയിലെടുക്കാനും മതനിന്ദ ആരോപിച്ച് ആളുകളെ ആക്രമിക്കാനും അനുകൂല സാഹചര്യമൊരുക്കുന്ന പാകിസ്ഥാന്റെ മതനിന്ദ വിരുദ്ധ നിയമങ്ങളുടെ ഏറ്റവും മോശമായ വശമാണ് ഈ സംഭവം വെളിവാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.