എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന്; ബിജെപി അധ്യക്ഷ സ്ഥാനം ജെ.പി നദ്ദ ഒഴിയുമെന്ന് സൂചന

എന്‍ഡിഎ എംപിമാരുടെ യോഗം ഇന്ന്; ബിജെപി അധ്യക്ഷ സ്ഥാനം ജെ.പി നദ്ദ ഒഴിയുമെന്ന് സൂചന

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജെ.പി നദ്ദ മാറുമെന്ന് സൂചന. അദേഹത്തിന് പകരം ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ അധ്യക്ഷനായേക്കും. നദ്ദയെ രാജ്യസഭാ നേതാവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി എന്‍ഡിഎ എംപിമാരുടെ യോഗത്തിന് മുന്നോടിയായി, ബിജെപി എംപിമാരുടെ യോഗം ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ ചേരും.

എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ ഉറപ്പാക്കിയ നരേന്ദ്ര മോഡി എട്ടിന് വൈകുന്നേരം മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം അദേഹത്തെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. മൂന്നാം മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അയല്‍ രാജ്യങ്ങളിലെ രാഷ്ട്രതലവന്മാരെയും ക്ഷണിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

നരേന്ദ്ര മോഡിയുമായുളള ഫോണ്‍ സംഭാഷണത്തിനിടെ ലഭിച്ച ക്ഷണം വിക്രമസിംഗേ സ്വീകരിച്ചതായാണ് വിവരം. ഭൂട്ടാന്‍ രാജാവുമായും നേപ്പാള്‍, മൗറീഷ്യസ് രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായും അദേഹം ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചോ എന്ന് വ്യക്തമല്ല.

2014ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റും അടക്കം എല്ലാ രാഷ്ട്ര തലവന്മാരും നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തിരുന്നു. 2019 ലും അദേഹം രണ്ടാമതായി പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തപ്പോഴും അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം എട്ട് രാഷ്ട്രതലവന്മാര്‍ പങ്കെടുത്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.