കേരളത്തില്‍ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസഭയിലും അക്കൗണ്ട്; മോഡിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ

കേരളത്തില്‍ അക്കൗണ്ട് തുറന്ന സുരേഷ് ഗോപിക്ക് കേന്ദ്ര മന്ത്രിസഭയിലും അക്കൗണ്ട്; മോഡിക്കൊപ്പം ഞായറാഴ്ച സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുത്ത നടന്‍ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി പദം നല്‍കി ദേശീയ നേതൃത്വം.

എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഇക്കാര്യം അറിയിച്ചു. മന്ത്രിയാകാന്‍ സുരേഷ് ഗോപി താല്‍പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേരളത്തില്‍ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച നരേന്ദ്ര മോഡിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ സുരേഷ് ഗോപിയും ഉണ്ടാവും എന്നാണ് വിവരം. വകുപ്പ് തീരുമാനിച്ചിട്ടില്ല.

കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാല്‍ ഭാരിച്ച ചുമതലയാകുമെന്നായിരുന്നു സുരേഷ് ഗോപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പത്ത് വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതല്‍ താല്‍പര്യമെന്നും പറഞ്ഞിരുന്നു. അതിനിടയിലാണ് ഇന്ന് കേന്ദ്രമന്ത്രിയാക്കുമെന്ന തീരുമാനം പുറത്ത് വരുന്നത്.

ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോഡി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകുന്നേരം ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിര്‍ന്ന നേതാവ് പ്രഹ്ലാദ് ജോഷി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചു.

എന്‍ഡിഎയുടെ നിയുക്ത എംപിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗം നരേന്ദ്ര മോഡിയെ എന്‍ഡിഎ നേതാവായി തിരഞ്ഞെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.