ചങ്ങനാശേരി: പത്തൊൻപതാം നൂറ്റാണ്ടിലെ കേരളചരിത്രത്തെ തന്റെ ഡയറി കുറിപ്പുകളിൽ അടയാളപ്പെടുത്തി സൂക്ഷിച്ച പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ (വല്യച്ചൻ) ചരമ ശതോത്തര രജത ജൂബിലി ആചരണം ജൂൺ 8 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടും. അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന കൂത്രപ്പള്ളിയിലെ വിശുദ്ധ വ്യാകുലമാതാവിന്റെ പള്ളിയിൽ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണ പ്രാർത്ഥനയും നടക്കും.
പാരിഷ് ഹാളിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം അധ്യക്ഷത വഹിക്കും. തൃശൂർ കൽദായ സഭാ പിതാവ് ആർച്ച് ബിഷപ്പ് ഔഗിൻ കുര്യാക്കോസ് മുഖ്യാതിഥി ആയിരിക്കും.
1900 ആണ്ട് ഏപ്രിൽ 20ന് ദിവംഗതനായ മത്തായി മറിയം കത്തനാരാണ് കൂത്രപ്പള്ളിയിലെയും എരുമേലിയിലെ പഴയ കൊരട്ടിയിലെയും പള്ളികൾ സ്ഥാപിച്ചത്. താൻ സേവനം ചെയ്തിരുന്ന ഇടങ്ങളിലെല്ലാം പാർശ്വവൽക്കരിക്കപ്പെട്ടിരുന്നവർക്കുവേണ്ടി നിലത്തെഴുത്ത് കളരികൾ സ്ഥാപിച്ചതും, ജാതിയുടെ പേരിൽ അകറ്റിനിർത്തപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനു പരിശ്രമിച്ചതും വലിയ സാമൂഹിക മാറ്റങ്ങൾക്ക് തുടക്കമിട്ടു.
1850 മുതൽ 1890 വരെയുള്ള നാല് പതിറ്റാണ്ടുകളിൽ കേരളത്തിൽ നിലനിന്നിരുന്ന സാംസ്‌ക്കാരിക -സാമൂഹിക- ഭാഷാ രീതികൾ, രാഷ്ട്രീയ- ഭരണ- സാമ്പത്തിക -കൃഷി എന്നീ മേഖലകളിൽ നടന്ന സംഭവങ്ങൾ എന്നിവ ഒരു ദൃക്‌സാക്ഷി വിവരണം പോലെ രേഖപ്പെടുത്തിയിരിക്കുന്ന വല്യച്ചന്റെ നാളാഗമം പ്രസിദ്ധമാണ്. വല്യച്ചന്റെ സംഭാവനകളെ സ്മരിക്കുന്ന വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന ജൂബിലി ആചരണം 2025 മെയ് മാസത്തിൽ സമാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.